സ്ത്രീധനത്തിൻറെ പേരിൽ ഭാര്യയെയും പ്രായപൂർത്തിയാകാത്ത രണ്ട് മക്കളെയും ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഗൃഹനാഥനെ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തു

​തിരുവനന്തപുരം: സ്ത്രീധനത്തിൻറെ പേരിൽ ഭാര്യയെയും പ്രായപൂർത്തിയാകാത്ത രണ്ട് മക്കളെയും ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഗൃഹനാഥനെ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തു. ഉളിയാഴത്തുറ സ്വദേശി ദീപക് ജെ.എസ് (45) ആണ് പിടിയിലായത്. വിവാഹസമയത്ത് സമ്മാനമായി ലഭിച്ച സ്വർണ്ണവും കുടുംബസ്വത്തും നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടായിരുന്നു മർദനം. വിവാഹസമ്മാനമായി ഭാര്യക്ക് ലഭിച്ച സ്വർണ്ണം മുഴുവൻ പ്രതി ഇതിനോടകം തൻറെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി ചെലവാക്കിയിരുന്നു. കൂടുതൽ സ്വർണ്ണം ഭാര്യവീട്ടുകാരിൽ നിന്നും ആവശ്യപ്പെട്ടും, ഭാര്യയുടെ പേരിലുള്ള വസ്തു വിൽക്കാൻ പ്രേരിപ്പിച്ചുമാണ് പ്രതി കഠിനമായ ദേഹോപദ്രവം ഏൽപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഭാര്യയെ കൂടാതെ തന്റെ രണ്ട് ആണ്മക്കളെയും പ്രതി ക്രൂരമായി ഉപദ്രവിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.