Asianet News MalayalamAsianet News Malayalam

ഡോ ഷഹനയുടെ മരണം: റുവൈസിനെതിരെ ശക്തമായ തെളിവുണ്ടെന്ന് പൊലീസ്, സ്ത്രീധന നിരോധന നിയമ പ്രകാരവും കേസ്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജറി വിഭാഗത്തിൽ പിജി വിദ്യാര്‍ത്ഥിയായിരുന്നു ഷെഹന. താമസിച്ചിരുന്ന ഫ്ലാറ്റിൽ അനസ്തേഷ്യക്കുള്ള മരുന്ന് കുത്തിവെച്ച് മരിച്ച നിലയിലാണ് ഷഹനയുടെ മൃതദേഹം കണ്ടെത്തിയത്

Dr Shahna death police says they have evidence against Ruwais kgn
Author
First Published Dec 6, 2023, 11:25 PM IST

തിരുവനന്തപുരം: യുവ ഡോക്ടര്‍ ഷഹനയുടെ മരണത്തിൽ സുഹൃത്തായ ഡോ റുവൈസിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പൊലീസ്. മെഡിക്കൽ പിജി വിദ്യാര്‍ത്ഥിയായ റുവൈസിനെതിരെ സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ആത്മഹത്യാ പ്രേരണ കുറ്റവും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാര്‍ത്ഥിയായ പ്രതിയുമായി മരിച്ച ഷഹാനയുടെ വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും ഉയര്‍ന്ന സ്ത്രീധനം ആവശ്യപ്പെട്ടതോടെ വിവാഹം മുടങ്ങിയെന്നാണ് ബന്ധുക്കൾ പരാതിപ്പെട്ടത്. 

മെഡിക്കൽ പിജി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായിരുന്നു റുവൈസ്. ഷഹനയുടെ മരണം വിവാദമായതിന് പിന്നാലെ റുവൈസിനെ സംഘടനയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി. പിന്നാലെ തങ്ങൾ ഷഹനയ്ക്ക് ഒപ്പമാണെന്ന് വ്യക്തമാക്കിയ നേതൃത്വം വാര്‍ത്താക്കുറിപ്പിറക്കി. മാനസികമായി പ്രയാസങ്ങൾ അനുഭവിക്കുന്ന വിദ്യാര്‍ത്ഥികൾക്ക് എല്ലാവിധ പിന്തുണയും ഉറപ്പ് നൽകിയ സംഘടന, വിദ്യാര്‍ത്ഥികളോട് മാനസിക വിദഗ്ദ്ധരുടെ സഹായം തേടാൻ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. 

റുവൈസുമായി അടുപ്പത്തിലായിരുന്നു ഷഹന. സാമ്പത്തികമായി ഉയര്‍ന്ന നിലയിലായിരുന്ന ഷഹനയുടെ കുടുംബം. എന്നാൽ പിതാവിന്റെ മരണത്തോടെ കുടുംബം പ്രതിസന്ധിയിലായി. ഈ സമയത്താണ് വിവാഹം മുടങ്ങിയത്. ഷഹനയുടെ കുടുംബത്തിന് താങ്ങാനാവുന്നതിലും ഉയര്‍ന്ന തുകയാണ് റുവൈസിന്റെ കുടുംബം ആവശ്യപ്പെട്ടത്. അത് സാധിക്കില്ലെന്ന് വ്യക്തമായതിന് പിന്നാലെ റുവൈസും വിവാഹത്തിൽ നിന്ന് പിന്മാറിയെന്നാണ് ഷഹനയുടെ കുടുംബം ആരോപിക്കുന്നത്. ഇക്കാര്യം തങ്ങളെ സന്ദര്‍ശിച്ച സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയോടടക്കം ഷഹനയുടെ ബന്ധുക്കൾ വെളിപ്പെടുത്തിയിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജറി വിഭാഗത്തിൽ പിജി വിദ്യാര്‍ത്ഥിയായിരുന്നു ഷെഹന. താമസിച്ചിരുന്ന ഫ്ലാറ്റിൽ അനസ്തേഷ്യക്കുള്ള മരുന്ന് കുത്തിവെച്ച് മരിച്ച നിലയിലാണ് ഷഹനയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പിൽ ആരുടേയും പേര് ഷഹന പറഞ്ഞിട്ടില്ല. സംഭവത്തിൽ ഡോ റുവൈസ് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. വെഞ്ഞാറമൂട് സ്വദേശിയായ ഷെഹന മെറിറ്റ് സീറ്റിലാണ് എംബിബിഎസ് പ്രവേശനം നേടിയത്. വിദേശത്തായിരുന്ന അച്ഛൻ മാസങ്ങൾക്ക് മുമ്പ് മരിച്ചത് ഷഹനയുടെ സ്വപ്നങ്ങൾക്ക് മേലെയും കരിനിഴൽ വീഴ്ത്തി. ഷഹനയുടെ സഹോദരൻ ഒരു കമ്പ്യൂട്ടർ സെൻററിൽ ജോലി ചെയ്യുകയാണ്. ഷഹനയുടെ അച്ഛൻ പലർക്കും പണം കടം കൊടുത്തിരുന്നു. ആ പണവും തിരികെ കിട്ടിയിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios