Asianet News MalayalamAsianet News Malayalam

ഇനിയൊരാളെ വിശ്വസിക്കാനോ സ്നേഹിക്കാനോ കഴിയില്ല: ഡോ ഷെഹ്നയുടെ ആത്മഹത്യാക്കുറിപ്പ്; റുവൈസിനെ തള്ളി പൊലീസ്

'ജീവിക്കാൻ തോന്നുന്നില്ല. ഈ ചതിക്ക് പകരമായി നല്ല രീതിയിൽ ജീവിച്ചു കാണിക്കേണ്ടതാണ്. പക്ഷെ എന്റെ future Blank ആണ്'

Dr Shahna suicide note against Dr Ruwais police at court kgn
Author
First Published Dec 20, 2023, 8:45 AM IST

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി വിദ്യാര്‍ത്ഥി ഡോ ഷെഹ്നയോട് സുഹൃത്തായിരുന്ന ഡോ റുവൈസ് മുഖത്ത് നോക്കി പണം ആവശ്യപ്പെട്ടെന്ന് പൊലീസ്. ഇക്കാര്യം ഡോ ഷെഹ്നയുടെ ആത്മഹത്യാക്കുറിപ്പിലുമുണ്ട്. ആത്മഹത്യാക്കുറിപ്പിൽ റുവൈസിനെ കുറിച്ച് ഗുരുതര പരാമര്‍ശങ്ങളാണ് ഉള്ളതെന്നും പൊലീസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

ചതിയുടെ മുഖം മൂടി തനിക്ക് അഴിച്ചുമാറ്റാൻ കഴിഞ്ഞില്ലെന്ന് ഡോ റുവൈസിനെ കുറിച്ച് ഡോ ഷെഹ്ന പറയുന്നു. അവന് പണമാണ് വേണ്ടത്, അത് എന്റെ മുഖത്ത് നോക്കി പറഞ്ഞു കഴിഞ്ഞു. ഇനിയും ഞാൻ എന്തിന് ജീവിക്കണം? ജീവിക്കാൻ തോന്നുന്നില്ല. ഈ ചതിക്ക് പകരമായി നല്ല രീതിയിൽ ജീവിച്ചു കാണിക്കേണ്ടതാണ്. പക്ഷെ എന്റെ future Blank ആണ്. ഇനി ഒരാളെ വിശ്വസിക്കാനോ സ്നേഹിക്കാനോ കഴിയില്ല. സഹോദരി ഉമ്മയെ നന്നായി നോക്കണമെന്നും ഷെഹ്ന ആത്മഹത്യ കുറിപ്പിൽ എഴുതിയിരുന്നു.

ഷെഹ്ന സുഹൃത്ത് മാത്രമായിരുന്നുവെന്ന റുവൈസിൻറെ മൊഴി പൊലീസ് തള്ളി. ഇരുവരും അടുത്ത ബന്ധമുണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് യാത്രകൾ നടത്തിയ ചിത്രങ്ങളും പൊലിസ് കോടതിയിൽ നൽകി. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് കോളേജ് ക്യാമ്പസിൽ വച്ചാണ് റുവൈസ് ഷെഹ്നയോട് പണം ആവശ്യപ്പെട്ടതെന്ന് പൊലീസ് പറയുന്നു. പ്രതി ഇക്കാര്യം സമ്മതിച്ചതായും റുവൈസിൻറെ ജാമ്യാപേക്ഷ എതിർത്ത് ഹൈകോടതിൽ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.

ഡോ. റുവൈസ് നൽകിയ ജാമ്യ ഹർ‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഷഹനയുടെ ആത്മഹത്യയിൽ പങ്കില്ലെന്നും മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെന്നുമാണ് റുവൈസിന്റെ ആരോപണം. പൊലീസിനെ വിമര്‍ശിച്ചതിന്‍റെ പ്രതികാരമാണ് തന്‍റെ അറസ്റ്റെന്നും കോടതിയില്‍ റുവൈസിന്‍റെ അഭിഭാഷകന്‍ വാദിച്ചിരുന്നു.  സ്ത്രീധനം ചോദിക്കുന്നത് കുറ്റകരമാണെന്ന് കഴിഞ്ഞ ദിവസത്തെ വാദത്തിനിടെ ഹൈക്കോടതി ജഡ്ജി  പറഞ്ഞിരുന്നു. പഠനത്തിന് ശേഷം വിവാഹം നടത്താനാണ് തീരുമാനിച്ചതെന്നും എന്നാൽ വിവാഹം വേഗം വേണമെന്ന് ഷഹന നിർബന്ധിച്ചിരുന്നതായും അത് പറ്റില്ല എന്ന് പറഞ്ഞിരുന്നതായും റുവൈസിന്റെ ജാമ്യാപേക്ഷയിലുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios