തോറ്റ എംഎൽഎയോട് ഗുളിക കഴിക്കാൻ പറയാൻ മറക്കരുതെന്ന അധിക്ഷേപ കമന്‍റിനാണ് സൗമ്യ സരിൻ മറുപടി നൽകിയത്.

പാലക്കാട്: സാമൂഹ്യ മാധ്യമങ്ങളിലെ അധിക്ഷേപത്തിൽ രൂക്ഷ പ്രതികരണവുമായി ഡോ സൗമ്യ സരിൻ. തോറ്റ എംഎൽഎയോട് ഗുളിക കഴിക്കാൻ പറയാൻ മറക്കരുതെന്ന അധിക്ഷേപ കമന്‍റിനെതിരെയാണ് ഫേസ്ബുക്ക് പോസ്റ്റ്. പി സരിൻ തെരഞ്ഞെടുപ്പിൽ തോറ്റത് പകൽ വെളിച്ചത്തിലെന്നു സൗമ്യ സരിൻ പ്രതികരിച്ചു. ആർക്കും ഒന്നും കലക്കാൻ ഒരു ഗുളികയും നിർബന്ധിച്ചു കഴിപ്പിച്ചതായി അറിവില്ലെന്നും സൗമ്യ സരിൻ കുറിച്ചു.

കുറിപ്പിന്‍റെ രൂപം

'തോറ്റ എംഎൽഎ

ശരിയാണ്... എന്റെ ഭർത്താവ് തോറ്റിട്ടുണ്ട്.

ഒന്നല്ല, രണ്ടു തവണ... രണ്ടു നിയമസഭ തിരഞ്ഞെടുപ്പുകളിൽ...

പക്ഷെ ഒരു വ്യത്യാസമുണ്ട്.

തോൽവിയാണെങ്കിലും നല്ല പകൽ വെളിച്ചത്തിൽ...

മാന്യമായി...

തോൽവിയിലും അന്തസ്സ് എന്നൊന്നുണ്ടേ!

എല്ലാ ജയത്തിലും ഈ പറഞ്ഞ സാധനം ഉണ്ടാവണമെന്നും ഇല്ല കേട്ടോ...

അതുകൊണ്ട് ഈ തോൽ‌വിയിൽ എന്നല്ല, ഒന്നിലും അയാളെ പ്രതി എനിക്ക് തല കുനിക്കേണ്ടി വന്നിട്ടില്ല!

ഇനി ഗുളിക...

മൂപ്പര് അധികം കഴിക്കാറില്ല... വല്ല പനിയോ ജലദോഷമോ വന്നാൽ, അതും ഞാൻ നിർബന്ധിച്ചു കഴിപ്പിച്ചാൽ, ചിലപ്പോ കഴിക്കും!

പക്ഷെ ആർക്കും ഒന്നും കലക്കാൻ ഒരു ഗുളികയും നിർബന്ധിച്ചു കഴിപ്പിച്ചതായി അറിവില്ല!

ആർക്കെങ്കിലും അറിവുണ്ടെങ്കിൽ പറയണം!

അപ്പൊ സംശയങ്ങൾ ഓക്കെ മാറിയല്ലോ അല്ലേ?

വിട്ടു പിടി ചേട്ടാ...

സ്വന്തം കാലിലെ മന്ത് മാറ്റിയിട്ടു പോരെ മറ്റവന്റെ കാലിലെ ചൊറി നോക്കാൻ പോകുന്നത്!