വീട്ടമ്മയെ കടന്നുപിടിക്കാൻ ശ്രമിച്ചത് തടഞ്ഞ ഭർത്താവിന്‍റെ കൈപ്പത്തി വെട്ടിപ്പരിക്കേല്പിച്ച കേസിലെ പ്രതി പോലീസിനെ കണ്ട് അച്ചൻകോവിലാറ്റിൽ ചാടി. മുങ്ങിത്താഴാൻ തുടങ്ങിയ ഇയാളെ പൊലീസ് സംഘം സാഹസികമായി രക്ഷപ്പെടുത്തി
ആലപ്പുഴ: വീട്ടമ്മയെ കടന്നുപിടിക്കാൻ ശ്രമിച്ചത് തടഞ്ഞ ഭർത്താവിന്‍റെ കൈപ്പത്തി വെട്ടിപ്പരിക്കേല്പിച്ച കേസിലെ പ്രതി പോലീസിനെ കണ്ട് അച്ചൻകോവിലാറ്റിൽ ചാടി. തുടർന്ന് മുങ്ങിത്താഴാൻ തുടങ്ങിയ ഇയാളെ പൊലീസ് സംഘം സാഹസികമായി രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ച് അറസ്റ്റ് ചെയ്തു. പള്ളിപ്പാട് സ്വദേശി ഷിബു (45) ആണ് ഹരിപ്പാട് പൊലീസിന്‍റെ പിടിയിലായത്. മാന്നാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 107 പടശേഖരത്തിന് സമീപമുള്ള മോട്ടോർ തറയിൽ ഷിബു ഒളിവിൽ കഴിയുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് പൊലീസ് സംഘം കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയതോടെ പ്രതി ആറ്റിലേക്ക് ചാടുകയായിരുന്നു.
എന്നാൽ ആറിന്‍റെ എല്ലാ വശങ്ങളിലും നേരത്തെ തന്നെ നിലയുറപ്പിച്ച പൊലീസ് ഉദ്യോഗസ്ഥർ പ്രതി രക്ഷപ്പെടില്ലെന്ന് ഉറപ്പുവരുത്തി. ഏറെ നേരം നീന്തിയതിനെത്തുടർന്ന് അവശനായി ആറ്റിൽ മുങ്ങിപ്പോകാൻ തുടങ്ങിയ ഷിബുവിനെ പൊലീസുകാര്‍ ചേർന്ന് രക്ഷപ്പെടുത്തി കരയ്ക്കെത്തിക്കുകയായിരുന്നു. മദ്യപിച്ച് സ്ത്രീകളെ അസഭ്യം പറയുന്നതും കടന്നുപിടിക്കുന്നതും പതിവാക്കിയ ഇയാൾ മറ്റ് നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ്.



