Asianet News MalayalamAsianet News Malayalam

ബംഗളുരുവിൽ നിന്നെത്തിയ കല്ലട ബസിലെ ഡ്രൈവ‍ർ കുടുങ്ങിയത്, ബസ് പാർക്ക് ചെയ്ത് ബാഗിൽ എംഡിഎംഎയുമായി പോകുന്നതിനിടെ

കൊല്ലത്ത് ആളുകളെ ഇറക്കിയ ശേഷം ബസ് ബീച്ചിനടുത്ത് പാർക്ക് ചെയ്തു. തുടർന്ന് വീട്ടിലേക്ക് പോകാൻ ബാഗുമായി ഇറങ്ങിയപ്പോഴാണ് പൊലീസ് സംഘം എത്തിയത്.

Driver of Kallada bus arrived from Bengaluru held in Kollam while going home after parking at beach side
Author
First Published Aug 24, 2024, 9:20 AM IST | Last Updated Aug 24, 2024, 9:20 AM IST

കൊല്ലം: കൊല്ലം നഗരത്തിൽ 100 ഗ്രാം എംഡിഎംഎയുമായി സ്വകാര്യ ബസ് ഡ്രൈവർ പിടിയിലായി. കൊട്ടിയം മയ്യനാട് നടുവിലക്കര സ്വദേശി വിനീഷിനെയാണ് കൊല്ലം ഈസ്റ്റ് പൊലീസും സിറ്റി ഡൻസാഫ് ടീമും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിൽ അറസ്റ്റ് ചെയ്തത്. ബെംഗളൂരു - കൊല്ലം റൂട്ടിൽ ഓടുന്ന കല്ലട ബസിലെ ഡ്രൈവറാണ് വിനീഷ്. 

കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിക്കാണ് ബെംഗളൂരുവിൽ നിന്നും യാത്രക്കാരുമായി ഇയാൾ പുറപ്പെട്ടത്. കൊല്ലത്ത് യാത്രക്കാരെ ഇറക്കിയ ശേഷം ബീച്ചിന് സമീപം ബസ് നിർത്തിയിട്ടു. തുടർന്ന് വിനീഷ് വീട്ടിലേക്ക് പോകാനിറങ്ങി. ഈ സമയത്താണ് പൊലീസ് സംഘം ഇയാളുടെ ബാഗ് പരിശോധിച്ചത്.  ബാഗിൽ ഒളിപ്പിച്ച നിലയിൽ 100 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു. 

ബംഗളുരുവിൽ നിന്ന് സർവീസ് നടത്തുന്ന ബസുകൾ കേന്ദ്രീകരിച്ച് ലഹരിക്കടത്ത് വ്യാപകമാണെന്ന് പൊലീസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് ഏറെ നാളായി നിരീക്ഷണം നടത്തിവരികയായിരുന്നു. തുടർന്നാണ് കഴി‌ഞ്ഞ‌ ദിവസം വിനീഷിനെ പിടികൂടിയത്. ഇയാളിൽ നിന്ന് പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് നാല് ലക്ഷത്തോളം രൂപ വിലവരുമെന്ന് പൊലീസ് പറയുന്നു. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios