Asianet News MalayalamAsianet News Malayalam

മരടിലെ ഫ്ളാറ്റുകള്‍ക്ക് സമീപം ഡ്രോണ്‍ പറത്തിയാല്‍ വെടിവെച്ചിടുമെന്ന് കമ്മീഷണര്‍

പൊളിക്കാന്‍ ഉദ്ദേശിക്കുന്ന മരടിലെ എല്ലാ ഫ്ളാറ്റുകള്‍ക്കും മുന്നില്‍ നാളെ മുതല്‍ 800 പൊലീസുകാരെ വീതം സുരക്ഷയ്ക്കായി നിയോഗിക്കും. 

drone flying near prohibited area will be shot down says police
Author
Kochi, First Published Jan 10, 2020, 1:00 PM IST

കൊച്ചി: ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായി മരടില്‍ സുരക്ഷ ഇരട്ടിയാക്കി. നാളെ രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് നാല് മണി വരെ മരടില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും. ഫ്ളാറ്റ് പൊളിക്കുന്ന മേഖലയില്‍ ഡ്രോണ്‍ പറത്തുന്നത് പൊലീസ് നിരോധിച്ചിട്ടുണ്ട്. അനധികൃതമായി ഡ്രോണ്‍ പറത്തിയാല്‍ അവ വെടിവെച്ചിടുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഐജി വിജയ് സാക്കറെ അറിയിച്ചിട്ടുണ്ട്. 

പൊളിക്കാന്‍ ഉദ്ദേശിക്കുന്ന മരടിലെ എല്ലാ ഫ്ളാറ്റുകള്‍ക്കും മുന്നില്‍ നാളെ മുതല്‍ 800 പൊലീസുകാരെ വീതം സുരക്ഷയ്ക്കായി നിയോഗിക്കും. ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായി ഇന്ന് മരടില്‍ മോക്ക് ഡ്രില്‍ നടന്നു. നിരോധനാജ്ഞ നിലവിലുള്ള മേഖലകള്‍ ചുവന്ന കൊടി കെട്ടി നഗരസഭാ അധികൃതര്‍ പ്രത്യേകം വേര്‍തിരിച്ചിട്ടുണ്ട്. ഈ മേഖലയില്‍ പ്രവേശിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് വിലക്കുമുണ്ട്. 

നാളെ രാവിലെ 10.30 ന് എച്ച്ടുഒ ഹോളിഫെയ്ത്ത് ഫ്ലാറ്റില്‍ നിന്നാണ് ആദ്യ സൈറണ്‍ മുഴങ്ങുന്നത്. അതിനുശേഷം ഫ്ലാറ്റിന്‍റെ 200 മീറ്റർ ചുറ്റളവില്‍ നിന്നും എല്ലാവരും ഒഴിഞ്ഞെന്ന് ഒരിക്കല്‍ കൂടി ഉറപ്പുവരുത്തും. കൃത്യം 11 മണിക്ക് തന്നെ ആദ്യ സ്ഫോടനം നടക്കും. തൊട്ടുപിന്നാലെ ആല്‍ഫാ ഇരട്ട ഫ്ലാറ്റുകളിലും സ്ഫോടനം നടക്കും. മിനിറ്റുകളുടെ ഇടവേളയില്‍ രണ്ട് ഫ്ലാറ്റുകളും നിലംപൊത്തും.

ഇന്ന് ഫ്ലാറ്റുകളുടെ പരിസരത്ത് പൊലീസും അഗ്നിശമനസേനയും മോക്ക് ഡ്രില്‍ നടത്തിയെങ്കിലും ആളുകളെ ഒഴിപ്പിച്ചിരുന്നില്ല.നാളെ രാവിലെ 9 മണിക്ക് മുന്‍പ് ഒഴിഞ്ഞാല്‍ മതിയെന്നാണ് പരിസരവാസികൾക്ക് കിട്ടിയിരിക്കുന്ന നിർദ്ദേശം. ഒരുക്കങ്ങളെല്ലാം തൃപ്തികരമാണെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. ആല്‍ഫാ സെറീൻ ഫ്ലാറ്റിന് സമീപം വിള്ളല്‍ കണ്ടെത്തിയ മതപഠനകേന്ദ്രത്തിലുണ്ടായിരുന്ന 43 കുട്ടികളെയും രക്ഷിതാക്കളോടൊപ്പം പറഞ്ഞയച്ചിട്ടുണ്ട്.ഫ്ലാറ്റുകള്‍ക്ക് സമീപത്ത് നിന്നും പലരും ഇതിനോടകം തന്നെ വീടൊഴിഞ്ഞ്  പോയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios