ആര്യനാട് സ്വദേശി അക്ഷയ് മോഹനാണ് ഡ‍ിജെ പാർട്ടി സംഘടിപ്പിച്ചതെന്നാണ് വിവരം. കണ്ണാന്തുറ സ്വദേശി പീറ്റർ ഷാനും പിടിയിലായിട്ടുണ്ട്. ഇന്നലെ നടന്ന പാർട്ടിയിൽ സ്ത്രീകൾ ഉൾപ്പെടെ 50 പേർ പങ്കെടുത്തു. നിർവാണ മ്യൂസിക് ഫെസ്റ്റിവൽ എന്ന പേരിലാണ് പാർട്ടി സംഘടിപ്പിച്ചത്

തിരുവനന്തപുരം: വിഴിഞ്ഞത്ത് കാരക്കാട് റിസോർട്ടിൽ ലഹരി പാർട്ടി (Drug Party) .പാർട്ടി നടത്തിപ്പുകാരിൽ നിന്ന് എക്സൈസ് (Excise) ലഹരി വസ്തുക്കൾ (Drugs) പിടികൂടി. ഇന്നലെ രാത്രി മുതലാണ് റിസോർട്ടിൽ ഡിജെ പാർട്ടി തുടങ്ങിയെതന്നാണ് വിവരം. പാർട്ടിയിൽ പങ്കെടുത്തവരെല്ലാം ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. റിസോർട്ടിൽ പരിശോധന തുടരുകയാണ്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് ലഹരി പിടികൂടിയത്. 

YouTube video player

ആര്യനാട് സ്വദേശി അക്ഷയ് മോഹനാണ് ഡ‍ിജെ പാർട്ടി സംഘടിപ്പിച്ചത് ഇയാൾക്കൊപ്പം കണ്ണാന്തുറ സ്വദേശി പീറ്റർ ഷാനും പിടിയിലായിട്ടുണ്ട്. ഇന്നലെ നടന്ന പാർട്ടിയിൽ സ്ത്രീകൾ ഉൾപ്പെടെ 50 പേർ പങ്കെടുത്തു. നിർവാണ മ്യൂസിക് ഫെസ്റ്റിവൽ എന്ന പേരിലാണ് പാർട്ടി സംഘടിപ്പിച്ചത്. പ്രവേശനത്തിനായി ഒരാളിൽ നിന്ന് ആയിരം രൂപ വച്ച് വാങ്ങിയെന്നാണ് എക്സൈസ് പറയുന്നത്. പാർട്ടിയിൽ പങ്കെടുക്കാനും മദ്യത്തിനും പിന്നെയും തുക നൽകിയെന്നാണ് പിടിയിലായവരുടെ മൊഴി. പാർട്ടിയിൽ പങ്കെടുത്ത 20 പേർ ഇപ്പോഴും റിസോർട്ടിനകത്താണ്. 

പൂവാർ ഐലൻഡിലാണ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്. ബോട്ടിൽ മാത്രമേ അങ്ങോട്ടേക്ക് പോകാനാകൂ. റിസോർട്ട് ഉടമയുടെ കൂടി ഒത്താശയോടെയാണ് ലഹരി പാർട്ടി സംഘടിപ്പിച്ചതെന്നാണ് സംശയിക്കുന്നത്. ഉച്ചക്കട സ്വദേശി സഞ്ജിത്താണ് റിസോർട്ട് ഉടമ. പീറ്റർ, ആൽബിൻ, രാജേഷ്, എന്നിവർ ലീസിനാണ് ഇപ്പോൾ റിസോർട്ട് നടത്തുന്നത്പാർട്ടിക്ക് വരുന്നവർക്കായി പ്രത്യേകം ബോട്ടുകൾ അടക്കം സജ്ജമാക്കിയിരുന്നു. അക്ഷയ് മോഹൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു മാസമായി വാട്സാപ്പിലൂടെയാണ് ലഹരിപാ‍ർട്ടിയിലേക്ക് ആളുകളെ ക്ഷണിച്ചത്. എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കൾ പാർട്ടിയിൽ ലഭ്യമാക്കിയിരുന്നു. 

പാർട്ടിയിൽ പങ്കെടുത്ത പലരും ഇപ്പോഴും ലഹരിവസ്തുക്കളുടെ ഉപയോഗം മൂലമുണ്ടായ ബോധം മങ്ങിയ അവസ്ഥയിലാണ്. ഇത് കാര്യങ്ങൾ ചോദിച്ചറിയുന്നതിന് തടസമാകുന്നുണ്ട്. 

പൂവാറിൽ ലഹരി പാർട്ടി സ്ഥിരമായി സംഘടിപ്പിച്ചിരുന്നുവെന്നും വാട്സാപ്പിലും ഇൻസ്റ്റഗ്രാമിലും കൂട്ടായ്മകൾ ഉണ്ടാക്കിയാണ് ലഹരി വിൽപ്പനയെന്നുമാണ് നാട്ടുകാർ പറയുന്നത്. എംഡിഎംഎ, എൽഎസ്ഡി തുടങ്ങിയ മാരക ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് പതിവാണെന്നും പല തവണ എക്സൈസിലും പൊലീസിലും പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.