കോഴിക്കോട്: മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ ഫോൺവിളി വിവരങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ബിനീഷ് കോടിയേരുമായി മൂന്ന് മാസത്തിനിടെ 76 തവണയാണ് അനൂപ് മുഹമ്മദ് സംസാരിച്ചത്. പ്രമുഖ സംവിധായകൻ ഖാലിദ് റഹ്മാൻ 22 തവണ അനൂപ് ഫോണില്‍ സംസാരിച്ചു. 

ബിനിഷ് കോടിയേരിയും അനൂപ് മുഹമ്മദും ജൂണിൽ മാത്രം പരസ്പരം നടത്തിയ 58 കാളുകളാണ്. ജൂലൈയിൽ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന ബെംഗളൂരുവിലെത്തുന്നതിന് രണ്ട് ദിവസം മുമ്പ് ഫോണിൽ 8 മിനിറ്റോളം സംസാരിച്ചു. ജൂലൈ മാസത്തിൽ 10 കോളുകൾ മാത്രമാണ് വിളിച്ചത്. രഹസ്യ കോളുകൾ പലതും വാട്സാപ്പിലൂടെയാണ് നടത്തിയതെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ പറയുന്നു. ജൂലൈ മാസത്തിൽ 8 കോളുകൾ ഇരുവരും ചെയ്തു. ബിനീഷിന്റെ അടുത്ത സുഹൃത്തും തലശ്ശേരിയിലെ ബികെ 55 ക്ലബ്ബിന്റെ അധ്യക്ഷനുമായ അജ്മൽ പിലാക്കണ്ടി ആഗസ്റ്റ് 5 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ 11 തവണയാണ് അനൂപുമായി ഫോണിൽ സംസാരിച്ചത്. 

സിനിമാ സംവിധായക ഖാലിദ് റഹ്മാൻ ജൂൺ ജൂലൈ മാസങ്ങളിലായി 22 തവണ ഫോണിൽ സംസാരിച്ചു. ഇതേക്കുറിച്ച് ഖാലിദിന്റെ പ്രതികരണം ചോദിച്ചുവെങ്കിലും ഫോൺ കട്ട് ചെയ്തു. പിന്നീട് കോളേടുത്തില്ല. ബിനീഷും അനൂപിനും ഒപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത അബി വെള്ളിമുറ്റം 12 തവണ അനൂപുമായി സംസാരിച്ചു. റമീസ് എന്ന പേരിലുള്ള ഒരാളുടെ 2 നമ്പറുകളിലേക്ക് പല തവണ വിളിച്ചിട്ടുണ്ട്. ഇത് സ്വർണ്ണക്കടത്ത് കേസിലെ പ്രതി റമീസാണോയെന്ന് വ്യക്തമല്ല. കാസർകോട് സ്വദേശി അഷിയെന്നയാളും 50 ലേറെ തവണ അനൂപ് സംസാരിച്ചിട്ടുണ്ട്. 

വ്യവസായ, സിനിമ,മേഖലകളിലൊക്കെ നല്ല ബന്ധമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുന്നതാണ് അനൂപിന്റെ കോൾ ലിസ്റ്റ്. തൽക്കാലം ഈ കോൾ ലിസ്റ്റിലെ കർണ്ണാടക സ്വദേശികളുടെ പട്ടിക തയ്യാറാക്കി അവരിലേക്ക് അന്വേഷണം നീട്ടി പിന്നീട് കേരള ബന്ധത്തിലേക്ക് നീങ്ങാനാണ് നാർക്കോട്ടിക് ബ്യൂറോയുടെ ആലോചന.

അതിനിടെ, മകന്‍ ബിനീഷ് തെറ്റുകാരനെങ്കിൽ തൂക്കിക്കൊല്ലട്ടെയെന്നാണ് വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രതികരണം. ലഹരിക്കടത്തും സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് വെറുതെ പറയാതെ തെളിവുകൾ അന്വേഷണ ഏജൻസിക്ക് കൈമാറാൻ പ്രതിപക്ഷ നേതാവിനെയും കോടിയേരി വെല്ലുവിളിച്ചു. മാനസികമായി തകർക്കാനുള്ള ശ്രമം വിജയിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി