ശബരിമലയിലെ ദ്വാരപാലകരുടെ ശിൽപത്തിൽ‌ 1999 ൽ സ്വർണം പൂശിയെന്ന് ദേവസ്വം രജിസ്റ്ററും മഹസറും വ്യക്തമാക്കുന്നു.

പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിവാദത്തിൽ നുണകൾ പൊളിച്ച് രേഖകൾ. ശബരിമലയിലെ ദ്വാരപാലകരുടെ ശിൽപത്തിൽ‌ 1999 ൽ സ്വർണം പൂശിയെന്ന് ദേവസ്വം രജിസ്റ്ററും മഹസറും വ്യക്തമാക്കുന്നു. 1999 മെയ് 4 നാണ് ദ്വാരപാലക ശിൽപത്തിൽ സ്വർണം പൊതിഞ്ഞതെന്നാണ് രേഖകൾ. 1999 മാർച്ച് 27 ന് ദേവസ്വം കമ്മീഷണറുടെ ഉത്തരവനുസരിച്ചാണ് സ്വർണം പൊതിഞ്ഞത്. വീണ്ടും സ്വർണം പൂശാൻ വേണ്ടിയാണ് 2019 ൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തത്. ഹൈക്കോടതിയുടേതാണ് കണ്ടെത്തൽ. ദേവസ്വം വിജിലൻസ് കണ്ടെത്തി നൽകിയ രേഖകളിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതോടെ ചെമ്പെന്ന ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദം പൊളിയുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. 

ദ്വാരപാലക ശിൽപ്പത്തിൽ സ്വർണം പൂശിയിരുന്നതായി നിർണായക മൊഴിയും പുറത്ത് വന്നിട്ടുണ്ട്. വിജയ് മല്യയുടെ സംഘത്തിലെ തൊഴിലാളിയാണ് ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് മൊഴി നൽകിയിരിക്കുന്നത്. രണ്ട് ശിൽപ്പങ്ങളിലായി 800 ഗ്രാം സ്വർണം പൂശിയിരുന്നു. ചെന്നൈ ജെ ജെ എൻ ജ്വല്ലറി ജീവനക്കാരാണ് ജോലി ചെയ്തത്. ദേവസ്വം വിജിലൻസിനോട് മാന്നാർ സ്വദേശിയാണ് സ്ഥിരീകരണം നൽകിയിരിക്കുന്നത്.

അതേ സമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിക്കുകയാണ് ഉണ്ണികൃഷ്ണൻ പോറ്റി. തന്നത് ചെമ്പ് പാളിയാണെന്നും ദേവസ്വത്തിന്റെ രേഖകളിലും അതാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നുമാണ് ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് പറഞ്ഞത്. തനിക്ക് നൽകിയ പാളികളിൽ മുൻപ് സ്വർണം പൂശിയിട്ടുണ്ടോയെന്ന് അറിയില്ലെന്നും അത് ഒരു പ്രദർശന വസ്തു ആക്കിയിട്ടില്ലെന്നും പോറ്റി പറഞ്ഞു. വിവാദവുമായി ബന്ധപ്പെട്ട് പലതും മാധ്യമങ്ങൾ കെട്ടിച്ചമയ്ക്കുന്നതാണ്. തനിക്ക് തന്ന ലെറ്ററിൽ ചെമ്പ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതിന് മുകളിൽ സ്വർണ്ണം ഉണ്ടെന്ന് ഇപ്പോൾ ആണ് അറിയുന്നത്. സ്വർണപ്പാളി പ്രദർശന വസ്തു ആക്കിയിട്ടില്ലെന്നും ജയറാമിന്റെ വീട്ടിൽ കൊണ്ടു പോയിട്ടില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് വ്യക്തമാക്കി. പീഠം ഫിറ്റ്‌ ചെയ്യാൻ വാസുദേവൻ എന്നയാളെ ഏൽപ്പിച്ചിരുന്നു. വിവിഐപി എന്നൊരാളേയും കൊണ്ടു പോയിട്ടില്ല. താൻ പണപ്പിരിവ് നടത്തിട്ടുണ്ടെങ്കിൽ നടപടി എടുക്കട്ടെ. ഇതുസംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ വിളിച്ചാൽ ചെല്ലാൻ താൻ ബാധ്യസ്ഥനാണെന്നും ഉണ്ണിക്കൃഷ്ണൻ പോറ്റി പറഞ്ഞു.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്