തൃശ്ശൂർ: കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ഡിവൈഎഫ്ഐ രം​ഗത്ത്. ചാവക്കാട് വിഷയത്തിൽ എസ്ഡിപിഐയുടെ പേര് പറയാൻ പോലും മുല്ലപ്പള്ളിക്ക് മടിയാണെന്ന് ഡിവൈഎഫ്ഐ പറഞ്ഞു.  നൗഷാദിന്റെ കൊലപാതകത്തിനെതിരെ പ്രതികരിക്കാൻ മുതിർന്ന കോൺ​ഗ്രസ് നേതാക്കൾക്ക് മടിയാണെന്നും വിഷയത്തിൽ എകെ ആന്റണി ഉൾപ്പടെ ഉള്ള നേതാക്കൾ പ്രതികരിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ആവശ്യപ്പെട്ടു.

നൗഷാദിന്‍റെ കൊലപാതകത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രൻ എസ്‍ഡിപിഐയുടെ പേര് പറയാത്തതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍  ഏറെ പ്രതിഷേധമുയര്‍ന്നിരുന്നു. എസ്‍ഡിപിഐയും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധത്തിന് തെളിവാണ് മുല്ലപ്പള്ളിയുടെ നിലപാടെന്ന് കോടിയേരി  ബാലകൃഷ്ണനും കുറ്റപ്പെടുത്തുകയുണ്ടായി. ഇതിന് പിന്നാലെ നൗഷാദിനെ കൊലപ്പെടുത്തിയത് എസ്ഡിപിഐയെന്ന് മുല്ലപ്പള്ളി പറയുകയും ചെയ്തു. വ്യക്തമായ ധാരണ ഇല്ലാത്തതുകൊണ്ടാണ് ആദ്യം എസ്‍ഡിപിഐയുടെ പേര് പറയാതിരുന്നതെന്നും മുല്ലപ്പള്ളി വിശദീകരിച്ചിരുന്നു.

മുല്ലപ്പള്ളി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ആയിരിക്കെ എസ്ഡിപിഐക്കെതിരായ അന്വേഷണത്തിൽ മെല്ലെപ്പോക്ക് നടത്തിയോ എന്ന് സംശയിക്കുന്നതായി എ എ റഹീം പറഞ്ഞു. ചാവക്കാട് വിഷയത്തിൽ എകെ ആന്റണി ഉൾപ്പടെ ഉള്ള നേതാക്കൾ പ്രതികരിക്കണമെന്നും എ എ റഹീം ആവശ്യപ്പെട്ടു. എസ്ഡിപിഐ കൊലപാതകം നടത്തിയപ്പോൾ ഹർത്താൽ നടത്താൻ കോൺഗ്രസുകാർക്ക് മടിയാണെന്നും റഹീം ആരോപിച്ചു..