'കാഫിര്‍' സ്ക്രീന്‍ ഷോട്ട് ആദ്യമായി ഇടത് അനുകൂല വാട്സാപ് ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്തത് വടകര ബ്ലോക്ക് പ്രസി‍ഡന്‍റ് റിബേഷ് രാമകൃഷ്ണനാണെന്ന പൊലീസ് റിപ്പോർട്ട് യു ഡി എഫ് വലിയ തോതിൽ പ്രചരണായുധമാക്കിയിരുന്നു

വടകര: 'കാഫിര്‍' സ്ക്രീന്‍ ഷോട്ട് വിവാദത്തില്‍ ഡി വൈ എഫ് ഐയുടെ വിശദീകരണ യോഗം ഇന്ന് വടകരയിൽ നടക്കും. വടകര ബ്ലോക്ക് കമ്മറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 'കാഫിര്‍' സ്ക്രീന്‍ ഷോട്ട് ആദ്യമായി ഇടത് അനുകൂല വാട്സാപ് ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്തത് ഡി വൈ എഫ് ഐ വടകര ബ്ലോക്ക് പ്രസി‍ഡന്‍റ് റിബേഷ് രാമകൃഷ്ണനാണെന്ന പൊലീസ് റിപ്പോർട്ട് യു ഡി എഫ് വലിയ തോതിൽ സി പി എമ്മിനെതിരെ പ്രചരണായുധമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണ യോഗം സംഘടിപ്പിക്കാന്‍ ഡി വൈ എഫ് ഐ തീരുമാനിച്ചത്. വ്യാജ സ്ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചവരെ പൊലീസ് സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് യു ഡി എഫ് നാളെ എസ് പി ഓഫീസ് മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനിടെ 'കാഫിര്‍' സ്ക്രീന്‍ ഷോട്ട് വിവാദത്തില്‍ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുള്ളക്ക് ഡി വൈ എഫ് ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍ വക്കീല്‍ നോട്ടസയച്ചിരുന്നു. തനിക്കെതിരെ വ്യാജ പ്രചാരണം നടത്തി സമൂഹത്തില്‍ വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിച്ചതിന് ഖേദപ്രകടനം നടത്തിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് കാട്ടിയാണ് വക്കീല്‍ നോട്ടീസ് അയച്ചത്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊലീസ് റിപ്പോര്‍ട്ടിലെ കാര്യമാണ് പറഞ്ഞതെന്നും അതിന് പൊലീസിനാണ് വക്കീല്‍ നോട്ടീസയക്കേണ്ടതെന്നുമായിരുന്നു പാറക്കല്‍ അബ്ദുള്ളയുടെ പ്രതികരണം.

കാഫിര്‍ പരാമര്‍ശമടങ്ങിയ സ്ക്രീന്‍ ഷോട്ട് റെഡ് എന്‍ കൗണ്ടറെന്ന വാട്സാപ് ഗ്രൂപ്പില്‍ ആദ്യം പോസ്റ്റ് ചെയ്തത് റിബേഷ് രാമകൃഷ്ണനാണെന്ന് കാട്ടിയാണ് പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് ഡി വൈ എഫ് ഐ വടകര ബ്ലോക്ക് പ്രസിഡ‍ന്‍റ് കൂടിയായ റിബേഷ് രാമകൃഷ്ണനെതിരെ ലീഗ് നേതാവ് പാറക്കല്‍ അബ്ദുള്ള ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. പൊലീസ് റിപ്പോര്‍ട്ട് സി പി എമ്മിനെതിരായ പ്രചാരണായുധമാക്കി യു ഡി എഫ് മാറ്റിയതോടെയാണ് പാര്‍ട്ടി നിര്‍ദേശ പ്രകാരം റിബേഷ് രാമകൃഷ്ണന്‍ നിയമനടപടികളിലേക്ക് കടന്നതെന്നാണ് വ്യക്തമാകുന്നത്. മതസ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തില്‍ താന്‍ പ്രവര്‍ത്തിച്ചുവെന്ന് സൂചന നല്‍കുന്നതാണ് പാറക്കല്‍ അബ്ദുള്ളയുടെ ഫേസ്ബുക് പോസ്റ്റെന്ന് അഭിഭാഷകനായി കെ എം രാംദാസ് മുഖേന റിബേഷ് അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു. വിവാഹത്തിനും പൊതുപരിപാടികള്‍ക്കുമെല്ലാം പോകുമ്പോള്‍ ആളുകള്‍ സംശയത്തോടെയാണ് നോക്കുന്നത്. അതിനാല്‍ നോട്ടീസ് കിട്ടി മൂന്ന് ദിവസത്തിനകം ഖേദംപ്രകടിപ്പിച്ച് അത് പ്രസിദ്ധീകരിക്കണം. ഇല്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടീസിലുണ്ട്.

അതിനിടെ റിബേഷിന്‍റെ നിയമപോരാട്ടത്തിന് പിന്തുണ നല്‍കുമെന്ന് ഡി വൈ എഫ് ഐ ജില്ലാ നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്. അതേ സമയം കാഫിര്‍ പരാമര്‍ശം അടങ്ങിയ പോസ്റ്റ് പ്രചരിപ്പിക്കുന്നത് ഇടത് പക്ഷത്തിന്‍റെ രീതിയല്ലെന്നും തെറ്റ് ചെയ്തത് ആരായാലും കണ്ടെത്തണമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത്.

കോമറിൻ മേഖലയിൽ കേരള-തമിഴ്നാടിന് മുകളിലായി 1.5 കിമീ ഉയരെ ന്യുനമർദ്ദ പാത്തി; അതിശക്ത മഴ സാധ്യത 4 ജില്ലകളിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം