നാദാപുരം പൊലീസ് സ്റ്റേഷനിലെ പൊതുവായ ആവശ്യത്തിനായാണ് കുടകൾ സ്വീകരിച്ചതെന്ന് പൊലീസ് പറയുന്നു

കോഴിക്കോട്: നാദാപുരം പൊലീസിനെതിരെ പരാതിയുമായി ഡിവൈഎഫ്ഐ. സന്നദ്ധ സംഘടന നാദാപുരം പൊലീസ് സ്റ്റേഷനില്‍ കുടകള്‍ നല്‍കിയതിനെതിരെയാണ് പരാതി. ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയില്‍ നിന്നാണ് കുടകള്‍ നാദാപുരം എസ്.ഐ സ്വീകരിച്ചതെന്നാണ് പരാതി. എസ്.ഐക്കെതിരെ നടപടി വേണമെന്നും ഡിവൈഎഫ്ഐ പറയുന്നു. സംഭവത്തിൽ കേരളാ പൊലീസ് ഇന്‍റജിലന്‍സ് എഡിജിപിക്ക് ഡി.വൈ.എഫ്.ഐ നാദാപുരം മേഖലാ സെക്രട്ടറി പരാതി നല്‍കി. അതേസമയം പൊലീസ് സ്റ്റേഷനിലെ പൊതുവായ ആവശ്യത്തിനാണ് കുടകൾ സ്വീകരിച്ചതെന്ന് പൊലീസ് വിശദീകരിച്ചു.

മഴക്കാലത്ത് ചൂടാന്‍ നാദാപുരം പൊലീസിന് കുടകളുമായെത്തിയതാണ് യുവ സംരംഭകരുടെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടന. കുട നല്‍കുന്നതും ചൂടുന്നതുമൊക്കെ റീല്‍സായി സംഘടനയുടെ ഭാരവാഹികള്‍ പ്രചരിപ്പിച്ചു. ഇതോടെ പൊലീസ് പുലിവാല്‍ പിടിച്ചു. പോലീസിനെ അക്രമിച്ച കേസിലെ പ്രതിയും സംഘത്തിലുണ്ടായിരുന്നു. ഇതോടെ കുട ഏറ്റു വാങ്ങിയ നാദാപുരം എസ് ഐക്കെതിരെ ഡിവൈഎഫ്ഐയും രംഗത്തെത്തി. പൊലീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ക്രിമിനല്‍ പശ്ചാത്തലമുള്ള ആളില്‍ നിന്നും ഉപാഹരം സ്വീകരിച്ച എസ്.ഐ ശ്രീജിത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ ഐ നാദാപുരം മേഖലാ കമ്മറ്റി ഇന്‍റലിജന്‍സ് എഡിജിപിക്ക് പരാതി നല്‍കി.

നാദാപുരം പോലീസ് സ്റ്റേഷന്‍റെ പ്രവര്‍ത്തനം പ്രദേശത്തെ പ്രമാണിമാരുടെ ഇംഗിതത്തിന് വഴങ്ങിയാണ് നടക്കുന്നതെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ ഈ ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് പോലീസിന്‍റെ വിശദീകരണം. സന്നദ്ധ സംഘടന പൊതു ആവശ്യങ്ങള്‍ക്കായി സ്റ്റേഷനില്‍ നല്‍കിയ കുട സ്വീകരിക്കുന്നതിന് മേലുദ്യോഗസ്ഥരുടെ അനുമതി വാങ്ങിയിരുന്നതായി നാദാപുരം പോലീസ് അറിയിച്ചു. രാഷ്ട്രീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ ഒരാള്‍ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ക്കൊപ്പമുണ്ടായിരുന്നത് പിന്നീടാണ് ശ്രദ്ധയില്‍ പെട്ടതെന്നും പോലീസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്