ബില്‍ കുടിശികയെ തുടർന്ന് മുന്നറിയിപ്പില്ലാതെ  വീട്ടിലെ ഫ്യൂസ് ഊരിയത് ചോദ്യം ചെയ്യാനായി വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് നഹാസ് പുതുപ്പാടി കെഎസ്ഇബി ഓഫീസിലെത്തിയത്

കോഴിക്കോട്: കറണ്ട് ബില്ലടക്കാത്തതിനെ തുടർന്ന് വീട്ടിലെ ഫ്യൂസ് ഊരിയ കെഎസ്ഇബി ജീവനക്കാരന് ഡിവൈഎഫ്ഐ പ്രാദേശിക നേതാവിന്‍റെ മർദനം. കോഴിക്കോട് പുതുപ്പാടി കെഎസ്ഇബി ഓഫീസിലെ ജീവനക്കാരനായ രമേശനെയാണ് പ്രദേശവാസിയായ നഹാസ് മർദിച്ചത്. രമേശന്‍റെ പരാതിയില്‍ താമരശേരി പോലീസ് കേസെടുത്തു. മർദ്ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. തന്നെ കെഎസ്ഇബി ജീവനക്കാർ മർദിച്ചെന്ന് കാട്ടി നഹാസും പോലീസില്‍ പരാതി നല്‍കി. 

ബില്‍ കുടിശികയെ തുടർന്ന് മുന്നറിയിപ്പില്ലാതെ വീട്ടിലെ ഫ്യൂസ് ഊരിയത് ചോദ്യം ചെയ്യാനായി വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് നഹാസ് പുതുപ്പാടി കെഎസ്ഇബി ഓഫീസിലെത്തിയത്. സീനിയർ സൂപ്രണ്ടിനോടക്കം കയർത്ത നഹാസിനെ മറ്റ് ജീവനക്കാർ പിടിച്ചുമാറ്റി. ഓഫീസില്‍നി ന്നിറങ്ങുമ്പോഴാണ് മസ്ദൂറായ രമേശനെ വഴിയിലിട്ട് തല്ലിയത്. ശേഷം കൂടുതല്‍ പേരെ വിളിച്ചുവരുത്തി ഓഫീസിന് മുന്നില്‍ ഭീകരാന്തരീക്ഷമുണ്ടാക്കി ഭീഷണിപ്പെടുത്തി. ഓഫീസ് അടച്ച് അകത്തിരുന്നതുകൊണ്ടാണ് വലിയ സംഘർഷം ഒഴിവായതെന്ന് ജീവനക്കാർ പറയുന്നു.

ജീവനക്കാർക്കെതിരായ അക്രമത്തില്‍ കെഎസ്ഇബി വർക്കേഴ്സ് യൂണിയന്‍ (സിഐടിയു) ന്‍റെ നേതൃത്വത്തില്‍ രാവിലെ ഓഫീസിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. അതേസമയം ജീവനക്കാർ തന്നെയാണ് മർദിച്ചതെന്നാണ് നഹാസിന്‍റെ വാദം. കാലിന് പരിക്കേറ്റ ഇയാളും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. രമേശന്‍റെ പരാതിയില്‍ നഹാസിനെ പ്രതിയാക്കിയാണ് താമരശേരി പോലീസ് കേസെടുത്തത്.