എസ് എഫ് ഐ നേതാവായിരുന്ന തന്നെ മൂന്നാംമുറയ്ക്ക് വിധേയനാക്കിയ ആളാണ് മധുബാബു. അങ്ങനെ പലരെയും ദ്രോഹിച്ചിട്ടുണ്ട്. തന്റെ ഉൾപ്പെടെ നിരവധി പരാതികൾ ഹൈക്കോടതിയുടെ അടക്കം പരിഗണനയിലുണ്ട്.
പത്തനംതിട്ട: വിവാദ ഡി വൈ എസ് പി മധു ബാബുവിനെ എസ് പി ആക്കാനുള്ള തീരുമാനത്തിൽ സർക്കാരിനെതിരെ പത്തനംതിട്ടയിലെ മുൻ എസ് എഫ് ഐ നേതാവ് ജയകൃഷ്ണൻ തണ്ണിത്തോട്. ഇത്ര അധികം ആക്ഷേപമുള്ള ക്രിമിനൽ ആയ ഒരു ഉദ്യോഗസ്ഥൻ സേനയിൽ തന്നെയില്ല. എസ് എഫ് ഐ നേതാവായിരുന്ന തന്നെ മൂന്നാംമുറയ്ക്ക് വിധേയനാക്കിയ ആളാണ് മധുബാബു. അങ്ങനെ പലരെയും ദ്രോഹിച്ചിട്ടുണ്ട്. തന്റെ ഉൾപ്പെടെ നിരവധി പരാതികൾ ഹൈക്കോടതിയുടെ അടക്കം പരിഗണനയിലുണ്ട്. ഒരിക്കലും ലോ ആൻഡ് ഓർഡറിൽ പോസ്റ്റ് ചെയ്യരുതെന്ന് ഉത്തരവുപോലുമുണ്ട്. എല്ലാം മറികടന്നുള്ള സർക്കാർ നീക്കം അങ്ങേയറ്റം തെറ്റാണെന്നും ജയകൃഷ്ണൻ തണ്ണിത്തോട് പറഞ്ഞു. സി പി എം സംസ്ഥാന കമ്മിറ്റി അംഗം ഉദയഭാനു ഉൾപ്പെടെ നേതാക്കളുമായി മുഖ്യമന്ത്രിയെ നേരിൽകണ്ട് മധു ബാബുവിനെതിരായ തെളിവുകൾ നൽകിയതാണ്. പിന്നെയും എന്ത് സ്വാധീനത്തിലാണ് മധുബാബു ഉന്നത സ്ഥാനങ്ങളിലേക്ക് എത്തുന്നതെന്ന് പരിശോധിക്കണമെന്നും ജയകൃഷ്ണൻ തണ്ണിത്തോട് പറഞ്ഞു.
അതേസമയം കസ്റ്റഡി മർദന ആരോപണങ്ങൾ നിലനിൽക്കെയാണ് വൈ എസ് പി എം.ആർ മധു ബാബുവിനെ എസ് പി ആക്കാൻ ശുപാർശ ചെയ്തത്. എസ്പിയാക്കാനുള്ള സെലക്ട് ലിസ്റ്റിൽ പത്താം സ്ഥാനക്കാരനായി പ്രൊമേഷൻ കമ്മിറ്റി മധുബാബുവിനെ ഉൾപ്പെടുത്തിയിട്ടുണ്ട് . കസ്റ്റഡി മദ്ദനവുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് മധുബാബുവിനെതിരെ ഉണ്ടായിരുന്നത്. കസ്റ്റഡി മദ്ദനത്തിൽ ആലപ്പുഴ മജിസ്ട്രേറ്റ് കോടതി മധുവിനെ ശിക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ ഹൈക്കോടതിയിൽ പോയി മധുബാബു ശിക്ഷയിൽ നിന്നും ഒഴിവായി. വകുപ്പ് തല നടപടികളെല്ലാം ഒഴിവാക്കിയ സാഹചര്യത്തിലാണ് സ്ഥാനകയറ്റത്തിന് ഉൾപ്പെടുത്തിയതെന്നാണ് ആഭ്യന്തരവകുപ്പിൻെറ വിശദീകരണം. നിലവിൽ ആലപ്പുഴ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയാണ് മധുബാബു. മധുബാബുവിനെ ക്രമസമാധാന ചുമതകളിൽ നിയമിക്കരുതെന്ന് ശുപാശ നേരത്തെ ഉണ്ടായിട്ടും അതും ഒഴിവാക്കിയിരുന്നു.


