തിരുവനന്തപുരം: 'ഇ-മൊബിലിറ്റി പദ്ധതി'യില്‍ കേരളവുമായി ധാരണാപത്രം ഒപ്പിട്ടെന്ന് പ്രൈസ് വാട്ടർ ഹൗസ് കൂപ്പര്‍ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തുമ്പോള്‍ അത് നിഷേധിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് പരിഹാസ്യമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇങ്ങനെ ഒരു ധാരണാപത്രം ഉണ്ടോയെന്ന് മുഖ്യമന്ത്രി അടിയന്തിരമായി വെളിപ്പെടുത്തണം എന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. കേരളം ഇ-മൊബിലിറ്റി പദ്ധതി വഴി 4500 കോടി മുടക്കി 3000 ഇലക്‌ട്രിക് ബസ്സുകൾ വാങ്ങാനുള്ള പദ്ധതിയിലെ കൺസൽട്ടൻസി കരാർ ലണ്ടൻ ആസ്ഥാനമായ കമ്പനിക്ക് നൽകിയതിലാണ് പ്രതിപക്ഷം അഴിമതി ആരോപിക്കുന്നത്.  

'ഇലക്ട്രിക് ബസ് പദ്ധതിക്കായി 2019 ജൂണ്‍ 29ന് ധാരണാപത്രം ഒപ്പിട്ടെന്നാണ് വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നത്. ഗതാഗത സെക്രട്ടറിയുടെ ചിത്രവും ഈ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനെ കുറിച്ച് വിശദീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം'.

'അടിമുടി ദുരൂഹത നിറഞ്ഞതാണ് ഇ-മൊബിലിറ്റി കരാര്‍. 4500 കോടി മുതല്‍ 6000 കോടി രൂപവരെ ചെലവുവരുന്ന 3000 ബസ്സുകള്‍ നിര്‍മ്മിക്കാനുള്ള ഈ പദ്ധതിയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ധനകാര്യവകുപ്പും ചീഫ് സെക്രട്ടറിയും രംഗത്ത് വന്നിരുന്നു. ഹൗസ് കമ്പനിയെ ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുത്തതെന്നത് ഒരു ദുരൂഹതയായി നിലനില്‍ക്കുന്നു. ഈ ഇടപാടിനായി ഒരു ആഗോള ടെണ്ടര്‍ വിളിച്ചിട്ടേയില്ല. ഇങ്ങനെയൊരു ഇടപാടിനെ കുറിച്ച് ഗതാഗതമന്ത്രിക്ക് ഒരു അറിവുമില്ല. ബന്ധപ്പെട്ട വകുപ്പുകളെയെല്ലാം നോക്കുകുത്തിയാക്കിയാണ് മുഖ്യമന്ത്രി ഏകപക്ഷീയമായി പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. ഗതാഗതവകുപ്പില്‍ ഒരു മന്ത്രിയുണ്ടെന്നത് പോലും മുഖ്യമന്ത്രി പരിഗണിക്കുന്നില്ല' എന്നും മുല്ലപ്പള്ളി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഇ-മൊബിലിറ്റി പദ്ധതിയിൽ കൺസൽട്ടൻസി കരാ‌ർ നൽകിയതിൽ വൻ അഴിമതിയുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. സെബി നിരോധിച്ച കമ്പനിക്ക് കരാർ നൽകാൻ മുഖ്യമന്ത്രി താല്പര്യമെടുത്തുവെന്നും മന്ത്രിസഭ ചർച്ച ചെയ്യാതെ, ടെണ്ടർ വിളിക്കാതെ മുഖ്യമന്ത്രി മുൻകയ്യെടുത്താണ് കരാർ എന്നുമാണ് ആക്ഷേപം. ഇ-മൊബിലിറ്റി പദ്ധതിയിലെ കരാര്‍ ഏറ്റെടുത്ത പ്രൈസ് വാട്ടർ ഹൌസ് കൂപ്പർ സെക്രട്ടേറിയറ്റിൽ ഓഫീസ് തുറക്കാൻ നീക്കം തുടങ്ങിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.