ആകെ 44 അംഗങ്ങളാണ് ജില്ലാ കമ്മിറ്റിയിലുള്ളത്. ഇതില്‍ നാലുപേര്‍ വനിതകളാണ്. നിലവിലെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് 14 പേരെ ഒഴിവാക്കി.
പാലക്കാട്: പാലക്കാട് സിപിഎമ്മിലെ (CPM Palakkad) താഴെത്തട്ടിലുള്ള വിഭാഗീയതയ്ക്ക് കടിഞ്ഞാണിട്ട് സംസ്ഥാന നേതൃത്വം. ഏരിയാ കമ്മിറ്റിയിൽ നിന്ന് വെട്ടിയ കെ ശാന്തകുമാരി എംഎൽഎയെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ജില്ലാ സമ്മേളന പ്രതിനിധിയാക്കാതെ ഒഴിവാക്കിയ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ബിനു മോളെയും ജില്ലാ കമ്മിറ്റി അംഗമാക്കി. തർക്കങ്ങൾക്കൊടുവിൽ ഇ എൻ സുരേഷ് ബാബുവിനെ (E N Suresh Babu) ജില്ലാ സെക്രട്ടറിയായി തീരുമാനിച്ചു.
വിഭാഗീയതയുടെ തുരുത്തുകൾ അനുവദിക്കില്ലെന്ന തീരുമാനം നടപ്പാക്കാനുറച്ചാണ് പിണറായി പാലക്കാട് പുതിയ ജില്ലാ നേതൃത്യത്തെ നിശ്ചയിച്ചത്. ജില്ലാ സെക്രട്ടറിയായി രണ്ട് പേരുകളുമായി സെക്രട്ടേറിയറ്റിലെത്തിയ ജില്ലാ നേതൃത്വത്തോട് ഒന്നിലുറച്ച് നിൽക്കാൻ ആവശ്യപ്പെട്ടു. പി കെ ശശി ശുപാർശ ചെയ്ത വി കെ ചന്ദ്രനെ തള്ളി, ഇഎൻ സുരേഷ് ബാബുവെന്ന ചിറ്റൂരിലെ മികച്ച സംഘാടകനെ ജില്ലാ സെക്രട്ടറിയാക്കി. ജില്ലാ കമ്മിറ്റി, സെക്രട്ടേറിയേറ്റ് പാനലും വിഭാഗീയതയ്ക്ക് താക്കീത് നൽകുന്നതായിരുന്നു.
കുഴൽമന്ദം ഏരിയാ കമ്മിറ്റിയിൽ നിന്ന് വെട്ടിനിരത്തിയ കെ ശാന്തകുമാരി എംഎൽഎയെ ജില്ലാ കമ്മിറ്റിയിലെടുത്തു. ജില്ലാ സമ്മേളന പ്രതിനിധി പോലുമാക്കാതെ പുതുശ്ശേരി ഏരിയാ സമ്മേളനത്തിൽ തോൽപ്പിച്ച ജില്ലാ പഞ്ചായത്ത് അധ്യക്ഷ കെ ബിനു മോളെയും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. വിഭാഗീയതയുടെ ഭാഗമായി കഴിഞ്ഞതവണ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കിയ എ പ്രഭാകരൻ എംഎൽഎയെ ജില്ലാ സെക്രട്ടേറിയേറ്റിൽ തിരികെ കൊണ്ടുവന്നു. മുൻ എംപി എസ് അജയകുമാർ,ടി എം ശശി, കെ എസ് സലീഖ, കെ എന്‍ ഉണ്ണികൃഷ്ണന്‍ എന്നിവരാണ് പുതുമുഖങ്ങൾ. 44 അംഗ ജില്ലാ കമ്മിറ്റിയിൽ 10 ശതമാനം വനിത പ്രാതിനിധ്യം ഉറപ്പാക്കി.
