കഷ്ടകാലത്തിന് ബിജെപിക്ക് ഇവിടെ 35 കൗൺസിലർ ഉണ്ടായിപ്പോയി. അതാണിപ്പോ അനുഭവിക്കുന്നതെന്ന് എൽഡിഎഫ് കൺവീനർ കുറ്റപ്പെടുത്തി.
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം ആസൂത്രിതമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ബിജെപി സമാധാനം തകർക്കുന്നുവെന്ന് ആരോപിച്ച ഇപി ജയരാജൻ, പ്രകോപനപരമായ അന്തരീക്ഷം നിലനിൽക്കുന്നുവെന്നും പ്രതികരിച്ചു.
കഷ്ടകാലത്തിന് ബിജെപിക്ക് ഇവിടെ 35 കൗൺസിലർ ഉണ്ടായിപ്പോയി. അതാണിപ്പോ അനുഭവിക്കുന്നതെന്ന് എൽഡിഎഫ് കൺവീനർ കുറ്റപ്പെടുത്തി. വഞ്ചിയൂരില്‍ ആസൂത്രിതമായി ആര്‍എസ്‍എസുകാര്‍ അക്രമമുണ്ടാക്കിയെന്ന് കുറ്റപ്പെടുത്തിയ ഇ പി ജയരാജൻ, സിപിഎം പ്രവര്‍ത്തകര്‍ പ്രകോപനത്തില്‍ വീഴരുതെന്നും നിര്‍ദ്ദേശിച്ചു. ശബ്ദം കേട്ട് പുറത്തിറങ്ങിയാൽ ഓഫീസ് ജീവനക്കാർ ആക്രമിക്കുക എന്നതും ലക്ഷ്യമായിരുന്നുവെന്ന് ഇ പി ജയരാജൻ ആരോപിക്കുന്നു. തുടർച്ചയായി പാര്‍ട്ടി ഓഫീസുകൾക്ക് നേരെ ആക്രമം നടക്കുകയാണ്. സിപിഎം പ്രവര്‍ത്തകര്‍ കലാപ ലക്ഷ്യം കരുതിയിരിക്കണമെന്നും പ്രകോപനത്തിൽ വീഴരുതെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. എകെജി സെന്‍റർ പ്രതിക്ക് വേണ്ടി ശക്തമായ അന്വേഷണം നടക്കുന്നുണ്ട്. അതിന്‍റെ ഫലം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read:സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം; പിന്നില്‍ ആര്‍എസ്എസ്സെന്ന് ആരോപണം
പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായത്. ബൈക്കുകളിൽ എത്തിയ സംഘം ഓഫീസിന് നേരെ കല്ലെറിയുകയായിരുന്നു. ആക്രമണത്തില്‍ ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ജില്ലാ സെക്രട്ടറിയുടെ കാറിന് കേടുപാടുണ്ടായി. അക്രമികളെ പിടിക്കാന്‍ പൊലീസുകാർ പിന്നാലെ ഓടിയെങ്കിലും രക്ഷപെടുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ആരോപിച്ചു. സിപിഎം ഓഫീസുകൾക്ക് നേരെ തുടർച്ചയായ ആക്രമണം ഉണ്ടാവുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസും കുറ്റപ്പെടുത്തി. പ്രകോപനം ഉണ്ടാക്കാൻ ഉള്ള ശ്രമം സർക്കാരിനെ അസ്തിരപ്പടുതാൻ വേണ്ടിയാണെന്നും തുടർ ഭരണം ദഹിക്കാത്ത ആളുകളാണ് അക്രമത്തിൻ്റെ പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലിൽ ബിജെപിയും യുഡിഎഫും നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയാണ് സിപിഎം ജില്ലാ ഓഫീസിന് നേരെയുള്ള കല്ലേറ് എന്ന് മേയർ ആര്യാ രാജേന്ദ്രനും കുറ്റപ്പെടുത്തി.
