ഒരാള്‍ക്കെതിരെ നടപടി എടുത്താല്‍ അത് ആജീവനാന്തമല്ല. തെറ്റുകള്‍ ആവര്‍ത്തിക്കുമോയെന്ന ആശങ്കയുടെ കാര്യമില്ലെന്നും ഇ പി ജയരാജന്‍.
തിരുവനന്തപുരം: പി ശശിയെ (P Sasi) മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കിയതില്‍ എതിര്‍പ്പറിയിച്ച പി ജയരാജനെ (P Jayarajan) തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ (E P Jayarajan). പി ശശിക്ക് ഒരു അയോഗ്യതയുമില്ലെന്നും ഏകാഭിപ്രായത്തോടെയാണ് സംസ്ഥാന സമിതി തീരുമാനം എടുത്തതെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ഒരാള്‍ക്കെതിരെ നടപടി എടുത്താല്‍ അത് ആജീവനാന്തമല്ല. തെറ്റുകള്‍ ആവര്‍ത്തിക്കുമോയെന്ന ആശങ്കയുടെ കാര്യമില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. പി ജയരാജനാണ് സംസ്ഥാന സമിതിയിൽ പി ശശിയുടെ നിയമനത്തെ ചോദ്യം ചെയ്തത്.
Read Also : പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി; പുത്തലത്ത് ദിനേശന് ദേശാഭിമാനി പത്രാധിപര്‍
മുഖ്യമന്ത്രിയുടെ ഓഫീസിലെ സുപ്രധാന നിയമനത്തിൽ പാർട്ടി ജാഗ്രതയും സൂക്ഷമതയും പുലർത്തണമെന്ന് പറഞ്ഞ ജയരാജൻ നേരിട്ട് പി ശശിക്കെതിരെ തിരിഞ്ഞു. ശശി ചെയ്ത തെറ്റുകൾ വീണ്ടും ആവർത്തിക്കാൻ ഇടയുണ്ടെന്നും നിയമനത്തിൽ ജാഗ്രതയും സൂക്ഷ്മതയും വേണമെന്ന്പി ജയരാജൻ സംസ്ഥാന സമിതിയില്‍ പറഞ്ഞു. എന്നാല്‍ നേരത്തെ വിവരങ്ങൾ അറിയിക്കണമായിരുന്നുവെന്നായിരുന്നു കോടിയേരി പറഞ്ഞത്. ജയരാജന്‍റെ എതിർപ്പ് നിൽക്കെയാണ് സംസ്ഥാന സമിതിയോഗം പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി തീരുമാനിച്ചത്.
ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ പൊളിറ്റിക്കൽ സെക്രട്ടറിയായി പ്രവർത്തിച്ച പരിചയവും പിണറായിക്കുള്ള വിശ്വസ്തതയുമാണ് പി ശശിക്ക് അനുകൂലമായത്. നായനാർ മന്ത്രിസഭയിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനി പി ശശിയായിരുന്നു. പാർട്ടി നടപടിയിൽ പുറത്തു പോയ പി ശശി അടുത്തിടെയാണ് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയിലും മടങ്ങിയെത്തിയത്. പൊലീസിൽ അടക്കം മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പിടി അയയുന്നു എന്ന വിമർശനങ്ങൾക്കിടെയാണ് പി ശശിയുടെ കടന്ന് വരവ്.
