Asianet News MalayalamAsianet News Malayalam

പാലാരിവട്ടം പാലം: പുനർനിർമാണം അടുത്ത മാസം ആരംഭിക്കുമെന്ന് ഇ ശ്രീധരൻ, 9 മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കും

ഒമ്പത് മാസത്തിനുള്ളില്‍ പണി പുര്‍ത്തിയാക്കാന്‍ സാധിക്കും എന്നാണ് കരുതുന്നതെന്നും ഉടൻ പാലാരിവട്ടം പാലം സന്ദർശിക്കുമെന്നും ഇ ശ്രീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട്.

e sreedharan on palarivattom bridge rebuild
Author
Kochi, First Published Sep 24, 2020, 9:49 AM IST

കൊച്ചി: പാലാരിവട്ടം പാലത്തിന്‍റെ പുനർനിർമാണം അടുത്ത മാസം ആരംഭിക്കുമെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരൻ. പാലം നിർമിക്കാൻ ഡിഎംആർ സിയ്ക്ക് സര്‍ക്കാര്‍ പണം നൽകേണ്ടതില്ല. കാരണം സർക്കാരിന് മടക്കി നൽകാനുള്ള 17.4  കോടി രൂപ ഡിഎംആർസിയുടെ അക്കൗണ്ടിൽ ഉണ്ടെന്നും ആ പണം ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കുമെന്നും ഇ ശ്രീധരൻ പറഞ്ഞു. ഒമ്പത് മാസത്തിനുള്ളില്‍ പണി പുര്‍ത്തിയാക്കാന്‍ സാധിക്കും എന്നാണ് കരുതുന്നതെന്നും ഉടൻ പാലാരിവട്ടം പാലം സന്ദർശിക്കുമെന്നും ഇ ശ്രീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

നേരത്തേ, പാലത്തിന്‍റെ സ്ഥിതിയെക്കുറിച്ച് സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയത് പ്രകാരം ഇ ശ്രീധരൻ വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പാലം അപകടാവസ്ഥയിലാണെന്നും, അറ്റകുറ്റപ്പണികൾ മതിയാകില്ലെന്നും, പുനർനിർമിക്കണമെന്നും ഇ ശ്രീധരൻ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഐഐടിയുടെ റിപ്പോർട്ടിനൊപ്പം, ഈ റിപ്പോർട്ടും പ്രധാനമായും ചൂണ്ടിക്കാട്ടിയാണ്, കേരളത്തിന് വേണ്ടി അഡ്വ. കെ കെ വേണുഗോപാൽ സുപ്രീംകോടതിയിൽ വാദിച്ചിരുന്നത്.

Read more: പാലാരിവട്ടം പാലം പുതുക്കിപ്പണിയാമെന്ന് സുപ്രീംകോടതി, സർക്കാരിന് വിജയം

ഇവയെല്ലാം പരിഗണിച്ച സുപ്രീംകോടതി, ഭാരപരിശോധന മതിയാകില്ല, പാലം പുതുക്കിപ്പണിയാൻ തന്നെ സർക്കാരിന് തീരുമാനിക്കാവുന്നതാണെന്ന് ഉത്തരവിട്ടിരുന്നു. ഇക്കാര്യത്തിൽ അന്തിമതീരുമാനം സംസ്ഥാനസർക്കാരിന്‍റേതാകും. പാലാരിവട്ടത്തെ മേൽപ്പാലം ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ കൊച്ചിയിൽ ഗതാഗതം സ്തംഭിക്കും. അനുദിനം ഗതാഗതക്കുരുക്ക് കൂടിവരുന്ന നഗരമാണ് കൊച്ചി. വൈറ്റില, കുണ്ടന്നൂർ മേൽപ്പാലം സെപ്റ്റംബറിൽ തുറക്കുന്നത് പാലാരിവട്ടം ജംങ്ഷനിലെ സ്ഥിതി രൂക്ഷമാക്കും. 

പാലം നിലനിൽക്കുമോ എന്നറിയാൻ ലോഡ് ടെസ്റ്റ് നടത്തിയതുകൊണ്ട് മാത്രം പ്രയോജനമുണ്ടാകില്ലെന്ന് കേരളം സുപ്രീംകോടതിയിൽ വാദിച്ചു. പാലം അതീവഗുരുതരാവസ്ഥയിലാണെന്ന് ഇതേക്കുറിച്ച് പഠിച്ച പല വിദഗ്‍ധസമിതികളും റിപ്പോർട്ട് നൽകിയതാണ്. മേൽപ്പാലം പുതുക്കിപ്പണിതാൽ 100 വർഷം വരെ ആയുസ്സുണ്ടാകും. അറ്റകുറ്റപ്പണി നടത്തിയാൽ 20 വർഷം മാത്രമാണ് പരമാവധി ആയുസ്സുണ്ടാകുക എന്നും സർക്കാർ വാദിച്ചിരുന്നു. ഇവയെല്ലാം പരിഗണിച്ചാണ് സർക്കാർ വാദങ്ങളെല്ലാം സുപ്രീംകോടതി അംഗീകരിച്ചത്. 

Also Read: പാലാരിവട്ടം പാലം പണി ഉടൻ തുടങ്ങും, എട്ട് മാസത്തിനകം പൂര്‍ത്തിയാക്കും, മേല്‍നോട്ടം ഇ ശ്രീധരനെന്നും മുഖ്യമന്ത്രി

സുപ്രീംകോടതി ഉത്തരവിന്‍റെ കൂടി പശ്ചാത്തലത്തില്‍ പാലാരിവട്ടം പാലം പൊളിച്ച് പണി ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു. ഇ ശ്രീധരനുമായി സംസാരിച്ചുവെന്നും നിര്‍മ്മാണ മേല്‍നോട്ടം ഏറ്റെടുക്കാമെന്ന് അദ്ദേഹം സമ്മതിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിര്‍മ്മാണപ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. എട്ട് മാസത്തിനകം പണി പൂര്‍ത്തിയാക്കാനാകുമെന്ന് ശ്രീധരന്‍ ഉറപ്പുനല്‍കിയതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios