കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ പ്രതിയായതോടെ കളമശ്ശേരി മണ്ഡലത്തിൽ ഇക്കുറി വി കെ ഇബ്രാഹിംകുഞ്ഞ് മത്സരിക്കില്ല. ഇബ്രാഹിംകുഞ്ഞിന്‍റെ മകനും മുസ്ലീം ലീഗിന്‍റെ എറണാകുളം ജില്ല ജനറൽ സെക്രട്ടറിയുമായ അഡ്വ. അബ്ദുൽ ഗഫൂറിന്‍റെ പേരാണ് ആദ്യഘട്ടത്തിൽ പാർട്ടിയുടെ പരിഗണനയിലുള്ളത്. പാലം അഴിമതി ചർച്ചയാകാതിരിക്കാൻ മണ്ഡലം കോൺഗ്രസുമായി വെച്ച് മാറിയുള്ള പരീക്ഷണത്തിനും സാധ്യതയുണ്ട്.

2016 ൽ 12, 118 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തുടർച്ചയായ രണ്ടാം വട്ടം വി കെ ഇബ്രാഹിംകുഞ്ഞ് കളമശ്ശേരി മണ്ഡലം നിലനിർത്തിയത്. പാലാരിവട്ടം പാലം അഴിമതിയിൽ പ്രതിഛായ തകർന്നതും, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും കാരണം  ഇബ്രാഹിംകുഞ്ഞ് ഇക്കുറി മത്സരത്തിനില്ല. പി കെ കുഞ്ഞാലിക്കുട്ടിയുടെ അടുപ്പക്കാരനായ ഇബ്രാഹിംകുഞ്ഞ് പറയുന്ന പേര് തന്നെയാകും കളമശ്ശേരിയിൽ മത്സരിക്കുക. ഇതോടെയാണ് ഇബ്രാഹിംകുഞ്ഞിന്‍റെ മകൻ അബ്ദുൽ ഗഫൂറിന്‍റെ പേര് മുസ്ലീം ലീഗിൽ ചർച്ചക്ക് വന്നത്. എന്നാൽ പാലം അഴിമതി സജീവ ചർച്ച വിഷയമാകുമെന്ന് ഉറപ്പായതിനാൽ യുഡിഎഫിന് വിജയസാധ്യതയുള്ള സീറ്റ് കളഞ്ഞ് കുളിക്കരുതെന്നാണ് മുന്നണിയിലെ അഭിപ്രായം. തുടർന്നാണ് കോൺഗ്രസ് സീറ്റ് ഏറ്റെടുക്കുന്ന സാഹചര്യം ചർച്ചയായത്. 

കളമശ്ശേരിക്ക് മുമ്പേ ഇബ്രാഹിംകുഞ്ഞ് നിയമസഭയിലേക്ക് പ്രതിനിധീകരിച്ചിരുന്ന മട്ടാഞ്ചേരി ഇപ്പോൾ കൊച്ചി മണ്ഡലമാണ്, ഇതിപ്പോള്‍ എൽഡിഎഫിന്‍റെ സിറ്റിംഗ് സീറ്റാണ്. മലബാറിലെ ഏതെങ്കിലും സീറ്റ് കോൺഗ്രസ്സുമായി വെച്ച് മാറുന്നത് ചർച്ചയായെങ്കിലും എറണാകുളം ജില്ലയിൽ ലീഗ് സാന്നിദ്ധ്യം ഇല്ലാതാകുന്നതിൽ പാർട്ടി അതൃപ്തി അറിയിച്ചു. ജില്ലയിൽ നിന്നുള്ള ലീഗിന്‍റെ മറ്റൊരു നേതാവും മങ്കട എംഎൽഎയുമായ ടി എ അഹമ്മദ് കബീർ വിഭാഗം നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുന്നുണ്ടെങ്കിലും ഇബ്രാഹിംകുഞ്ഞിന്‍റെ അതൃപ്തിയിൽ ഈ ശ്രമങ്ങൾ ഫലം കാണാൻ സാധ്യത കുറവാണ്. 

യുഡിഎഫ് സ്ഥാനാർത്ഥിയായി കളമശ്ശേരിയിൽ മത്സരിക്കാൻ തയ്യാറാണെന്ന ജസ്റ്റിസ് കമാൽ പാഷ അറിയിച്ചെങ്കിലും ലീഗിനും, കോൺഗ്രസ്സിനും താത്പര്യമില്ല. വ്യവസായ മേഖലയിലെ തൊഴിലാളി സാന്നിദ്ധ്യം ഏറെയുള്ള കളമശ്ശേരി മണ്ഡലത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ ചന്ദ്രൻപിള്ളയുടെയും, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജീവിന്‍റെയും പേരുകളാണ് ആദ്യഘട്ടത്തിൽ ഉയർന്ന് കേൾക്കുന്നത്.