കൊച്ചി: കള്ളപ്പണ കേസ് പിൻവലിക്കാനായി മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ് നേരിട്ട് പണം വാഗ്ദാനം ചെയ്തെന്ന് പരാതിക്കാരൻ. പരാതിക്ക് പിന്നിൽ ചില ലീഗ് നേതാക്കളാണെന്ന് പറയാൻ ഇബ്രാഹിം കുഞ്ഞ് നിർബന്ധിച്ചുവെന്ന് പരാതിക്കാരൻ ജി ഗിരീഷ് ബാബു ആരോപിക്കുന്നു. ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിൽ വിളിച്ചു വരുത്തിയാണ് പണം വാഗ്ദാനം ചെയ്തത്. കള്ളപ്പണ കേസ് പിൻവലിക്കാൻ എഗ്രിമെൻ്റ് ഒപ്പിടാനും നിർബന്ധിച്ചുവെന്ന് പരാതിക്കാരൻ പറയുന്നു.

"

 

പരാതി പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ഹൈക്കോടതി നിർദേശപ്രകാരം വിജിലൻസ് ഗിരീഷ് ബാബുവിന്റെ മൊഴി രേഖപ്പെടുത്തി.

നോട്ട് നിരോധന കാലത്ത് ഇബ്രാഹിം കുഞ്ഞിന്റെ നിയന്ത്രണത്തിലുള്ള പത്രത്തിന്റെ കൊച്ചിയിലെ രണ്ട്  അക്കൗണ്ടുകൾ വഴി 10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് കേസ്. പാലാരിവട്ടം പാലം അഴിമതിയിൽ നിന്ന് ലഭിച്ച കള്ളപ്പണം ആണ് ഇതെന്നാണ് ആരോപണം. ഗിരീഷ് ബാബുവിന്റെ പരാതിയിൽ ഹൈക്കോടതി നിർദേശപ്രകാരം എൻഫോഴ്‌സ്‌മെന്റ് ഇബ്രാഹിം കുഞ്ഞിനെതിരെ കേസ് എടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഈ കേസിൽ നിന്ന് പിന്മാറാൻ ഇബ്രാഹിം കുഞ്ഞ് അഞ്ചുലക്ഷം വാഗ്ദാനം ചെയ്‌തെന്നാണ് ഗിരീഷ് ബാബുവിന്റെ ആരോപണം.

ഇബ്രഹിം കുഞ്ഞിന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് പണം വാഗ്ദാനം ചെയ്തത്. കേസ് പിൻവലിക്കാൻ കഴിയില്ലെങ്കിൽ എറണാകുളത്തെ ചില ലീഗ് നേതാക്കളുടെ പ്രേരണ മൂലമാണ് കേസ് നൽകിയതെന്ന് കത്ത് നൽകാനും ഇബ്രാഹിം കുഞ്ഞ് ആവശ്യപ്പെട്ടതായി ഗിരീഷ്ബാബു പറയുന്നു

ഗിരീഷ് ബാബു ഹൈക്കോടതിയിൽ നൽകിയ പരാതിയിൽ രണ്ടാഴ്ചക്കകം അന്വേഷിച്ച് റിപ്പോർട്ട്‌ സമർപ്പിക്കാൻ വിജിലൻസ് ഐജിയോട് കോടതി നിർദേശിച്ചിരുന്നു. കോടതി നിർദ്ദേശപ്രകാരം ഐജി എച്ച് വെങ്കിടേഷ് ഗിരീഷ് ബാബുവിനെ വിളിച്ചു വരുത്തി മൊഴി എടുത്തു. ഇബ്രാഹിം കുഞ്ഞിന്റെ കൂട്ടാളികൾ പരാതി പിൻവലിക്കാൻ ഉണ്ടാക്കിയ എഗ്രിമെന്റ് പകർപ്പ് ഗിരീഷ് വിജിലൻസ് ഐജിയ്ക്ക് കൈമാറി. എന്നാൽ ആരോപണം ഇബ്രാഹിം കുഞ്ഞ് നിഷേധിച്ചു.  വരും ദിവസം ഇബ്രാഹിം കുഞ്ഞ് അടക്കമുള്ളവരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തും.