മുഖ്യമന്ത്രിയോട് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകർ പ്രതികരണം തേടിയെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല

കണ്ണൂർ: വനാതിർത്തിയിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലം പരിസ്ഥിതി ലോല പ്രദേശമാക്കരുതെന്നാണ് കേരളത്തിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്നതിനാണ് മുൻഗണന. ഇക്കാര്യത്തിൽ അനുകൂല നിലപാടിനായി കേന്ദ്ര സർക്കാരിനെ സമീപിക്കും. സുപ്രീം കോടതിയിൽ നിയമ പോരാട്ടം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

YouTube video player

സുപ്രീം കോടതിയുടെ വനവൽക്കരണത്തിന് അനുകൂലമായ തീരുമാനത്തെ സർക്കാർ അനുകൂലിക്കുന്നു. സർക്കാർ ഇതിനായി നേരത്തെ തന്നെ ഒരു പാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. പരിസ്ഥിതി ദുരന്തങ്ങളെ പ്രതിരോധിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന രീതി കേരളത്തിൽ കാണുന്നു, അത് മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ വൃക്ഷ സമൃദ്ധി പദ്ധതി പിണറായി കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പരിപാടി ഉദ്ഘാടനം ചെയ്ത് പുറത്തിറങ്ങിയ മുഖ്യമന്ത്രിയോട് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകർ പ്രതികരണം തേടിയെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല. മാധ്യമങ്ങളോട് സംസാരിക്കാതെ അദ്ദേഹം നടന്നു പോവുകയായിരുന്നു. ഈ സമയത്ത് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകരെ ബലം പ്രയോഗിച്ച് തള്ളി നീക്കി.