സമൻസ് തുടർച്ചയായി അവഗണിച്ചതിന് കൊല്ലത്തെ കശുവണ്ടി വ്യവസായിക്കും അമ്മയ്ക്കും എതിരെ കോടതിയെ സമീപിച്ച് ഇഡി. കൊല്ലത്തെ കശുവണ്ടി വ്യവസായി അനീഷ് ബാബു, അമ്മ അനിത ബാബു എന്നിവർക്കെതിരെയാണ് ക്രമിനൽ കേസ് ഫയൽ ചെയ്തത്.

കൊച്ചി: ഇഡിയുടെ സമൻസ് തുടർച്ചയായി അവഗണിച്ചതിന് കൊല്ലത്തെ കശുവണ്ടി വ്യവസായിക്കും അമ്മയ്ക്കും എതിരെ കോടതിയെ സമീപിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്. കൊല്ലത്തെ കശുവണ്ടി വ്യവസായി അനീഷ് ബാബു, അമ്മ അനിത ബാബു എന്നിവർക്കെതിരെയാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിൽ ക്രമിനൽ കേസ് ഫയൽ ചെയ്തത്. ഹർജിയിൽ പ്രതികൾക്ക് കോടതി നോട്ടീസ് അയച്ചു.

ടാൻസാനിയയിൽ നിന്ന് കശുവണ്ടി ഇറക്കി നൽകാമെന്ന് പറഞ്ഞ് 25 കോടി തട്ടിയ കേസിലാണ് അനീഷിനെതിരെ ഇഡി കള്ളപ്പണം തടയൽ നിയമ പ്രകാരം അന്വേഷണം നടത്തുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ 10 തവണ നോട്ടീസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് നിയമ നടപടി. നേരത്തെ കേസ് ഒത്തു തീർപ്പാക്കാൻ ഇ‍ഡി അസിസ്റ്റന്‍റ് ഡറയക്ടർ ശേഖർ ബാബു കൈക്കൂലി ആവശ്യപ്പെട്ടെന്ന് കാണിച്ച് വിജിലൻസിന് പരാതി നൽകിയ വ്യക്തിയാണ് അനീഷ് ബാബു. കേരളത്തിൽ ഇതാദ്യമായാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അവഗണിച്ച വ്യക്തിക്കെതിരെ നിയമനടപടി എടുക്കുന്നത്.