ഇത് തന്റെ അമ്മയുടെ അക്കൗണ്ടാണെന്ന് അരവിന്ദാക്ഷനും സമ്മതിച്ചതായി ഇഡി കോടതിയിൽ പറഞ്ഞു. 

തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി അറസ്റ്റ് ചെയ്ത സിപിഎം നേതാവും വടക്കാഞ്ചേരി ന​ഗരസഭ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷന്റെ അമ്മയുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ചുള്ള വിവരങ്ങൾ കൈമാറിയത് ബാങ്ക് സെക്രട്ടറിയാണെന്ന വെളിപ്പെടുത്തലുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ. ഇത് തന്റെ അമ്മയുടെ അക്കൗണ്ടാണെന്ന് അരവിന്ദാക്ഷനും സമ്മതിച്ചതായി ഇഡി കോടതിയിൽ പറഞ്ഞു. ഈ അക്കൗണ്ട് വഴി 63 ലക്ഷത്തിന്റെ ഇടപാട് നടന്നെന്നും ഇഡി വ്യക്തമാക്കി. പെരിങ്ങണ്ടൂർ ബാങ്കിൽ അരവിന്ദാക്ഷന്റെ അമ്മയുടെ പേരിലുള്ള അക്കൗണ്ട് വ്യാജമാണെന്ന് ബാങ്ക് തന്നെ പരസ്യമായി വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് ബാങ്കിനെ തന്നെ പ്രതിക്കൂട്ടിലാക്കി കൊണ്ട് ഇഡി ഇത്തരത്തിൽ സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. 

ഇഡി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നതിങ്ങനെ. അരവിന്ദാക്ഷനെ ചോദ്യം ചെയ്ത സമയത്ത് കുടുംബാം​ഗങ്ങളുടെ അക്കൗണ്ട് വിശദാംശങ്ങൾ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹമത് നൽകാൻ തയ്യാറായില്ല. പിന്നീട് ഇമെയിൽ വഴി ബാങ്കിനോട് വിവരങ്ങൾ ആവശ്യപ്പെട്ടു. ബാങ്ക് നൽകിയ രേഖയിൽ അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെ പേരിൽ അക്കൗണ്ട് ഉണ്ടെന്നും 63 ലക്ഷം രൂപയുടെ ഇടപാട് നടന്നു എന്നും വ്യക്തമായി. ഇത് തന്റെ അമ്മയുടെ അക്കൗണ്ടാണെന്ന് അരവിന്ദാക്ഷൻ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഇതാണ് വസ്തുതയെന്നാണ് ഇഡി കോടതിയെ അറിയിച്ചത്.

ലക്ഷക്കണക്കിന് ഇടപാടുകൾ ഈ അക്കൗണ്ട് വഴി നടന്നിട്ടുണ്ടെന്നും ചന്ദ്രമതിയുടെ അക്കൗണ്ട് തന്നെയെന്ന് ഉറപ്പായെങ്കിലും ഈ അക്കൗണ്ടിൻമേൽ വിശദമായ അന്വഷണം നടക്കുന്നുണ്ടെന്നും ഇഡി വ്യക്തമാക്കി. ഇതിന്റെ ഭാ​ഗമായിട്ടാണ് കഴിഞ്ഞ ദിവസം പെരിങ്ങണ്ടൂർ ബാങ്ക് സെക്രട്ടറിയെ ചോദ്യം ചെയ്തത്. ഈ അക്കൗണ്ട് അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടേതല്ലെന്ന് ബാങ്ക് പരസ്യമായി പറഞ്ഞതിന് മറുപടിയെന്ന നിലയിലാണ് ഈ അക്കൗണ്ട് വിശദാംശങ്ങൾ നൽകിയത് ബാങ്ക് തന്നെയാണെന്ന തെളിവ് ഇഡി കോടതിയിൽ സമർപ്പിച്ചത്. അരവിന്ദാക്ഷനേയും ജിൽസിനേയും കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് കോടതി തിങ്കളാഴ്‌ചയിലേക്ക് മാറ്റി.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; മുഖ്യപ്രതി സതീഷ് കുമാര്‍ 15 ലക്ഷം തട്ടിയെന്ന് വീട്ടമ്മ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്