Asianet News MalayalamAsianet News Malayalam

സന്തോഷ് ഈപ്പനേയും യുവി ജോസിനേയും പത്ത് മണിക്കൂറിലേറെ ചോദ്യം ചെയ്ത് ഇഡി

ലൈഫ് മിഷൻ ഇടപാടിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്‍റെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഡാലോചന നടന്നെന്നാണ് ഇഡി കരുതുന്നത്. 

ED interrogating santhosh eeppan and UV jose
Author
Kochi, First Published Oct 31, 2020, 9:07 PM IST

കൊച്ചി: ലൈഫ് മിഷൻ കോഴ ഇടപാടിൽ സിഇഒ യുവി ജോസ്, യൂണിടാക് ബിൽഡേഴ്സ് ഉടമ സന്തോഷ് ഈപ്പൻ എന്നിവരെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തു വിട്ടയച്ചു. രാവിലെ ആരംഭിച്ച ചോദ്യം ചെയ്യൽ പത്ത് മണിക്കൂറോളം നീണ്ടു. യുവി ജോസിനെ ആദ്യം വിട്ടയച്ചു അരമണിക്കൂറിന് ശേഷം സന്തോഷ് ഈപ്പനും ഇഡി ഓഫീസിൽനിന്നും മടങ്ങി.  കള്ളപ്പണ ഇടപാടിൽ എം ശിവശങ്കറിന്‍റെ പങ്കാളിത്തം, ഗൂഡാലോചന എന്നീ കാര്യങ്ങളിൽ ഇഡി വ്യക്തത തേടിയെന്നാണ് സൂചന.

വടക്കാഞ്ചേരി ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4.48 കോടി രൂപയുടെ കമ്മീഷൻ നൽകിയെന്നാണ്  സന്തോഷ് ഈപ്പന്‍റെ മൊഴി. കമ്മീഷൻ  തുക നൽകിയപ്പോൾ മാത്രമാണ് ലൈഫ് മിഷന്‍റെ  മേൽനോട്ട ചുമതലയുണ്ടായിരുന്ന എം ശിവശങ്കറിനെ കാണാൻ സ്വപ്ന അവസരമൊരുക്കിയത്. ലൈഫ് മിഷൻ ഇടപാടിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്‍റെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഡാലോചന നടന്നെന്നാണ് ഇഡി കരുതുന്നത്. 

കോഴ ഇടപാടിൽ ശിവശങ്കറിന്‍റെ പങ്കാളിത്തം അന്വേഷിക്കുന്നതിനാണ് ലൈഫ് മിഷൻ സിഇഒ യുവി ജോസ്, യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ എന്നിവരെ വിളിച്ചുവരുത്തിയത്. ശിവശങ്കറാണ് യുവി ജോസിനോട് സന്തോഷ് ഈപ്പന് വേണ്ട സഹായം ചെയ്യാൻ നിർദ്ദേശം നൽകുന്നത്. കരാർ നൽകിയത് വഴി സ്വപ്നയ്ക്ക് ലഭിച്ച കമ്മീൻ തുക ശിവശങ്കറിന്‍റെ സുഹൃത്തായ വേണുഗോപാലിന്‍റെയും സ്വപ്ന സുരേഷിന്‍റെയും  സംയുക്ത ലോക്കറിൽ നിന്ന് കണ്ടെത്തിയിരുന്നു. 

ഈ പണം ശിവശങ്കറിൻ്റേത് കൂടിയാണോ എന്ന് തെളിയിക്കാനാണ് മൂവരെയും ഒരുമിച്ച് ചോദ്യം ചെയ്യുന്നത്. മാത്രമല്ല കരാർ ലഭിച്ചതിന്‍റെ സന്തോഷ് സൂചകമായി സ്വപ്നയ്ക്ക് സന്തോഷ് ഈപ്പൻ നൽകിയ ഐ ഫോണിൽ ഒന്ന് ശിവശങ്കറിന് ലഭിച്ചിട്ടുണ്ട്.  എന്നാൽ കള്ളപ്പണ ഇടപാടിലോ ഗൂഡാലോചനയിലോ  തനിക്ക് പങ്കില്ലെന്ന് ശിവശങ്കർ ആവർത്തിക്കുന്നുണ്ട്.  

ഇതിനിടെ കള്ളപ്പണ കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ്, സരിത് എന്നിവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ ഇഡി കോടതിയെ സമീപിച്ചു. ശിവശങ്കറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്യൽ വേണമെന്നാണ് കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ  ഇഡി വ്യക്തമാക്കുന്നത്. സ്വർണ്ണക്കടത്ത് സംഘത്തിനായി ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടെന്ന് സമ്മതിച്ചിരുന്നു. ഇതിലൂടെ ശിവശങ്കറിന് എന്തെങ്കിലും ലാഭമുണ്ടായിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്. 

Follow Us:
Download App:
  • android
  • ios