Asianet News MalayalamAsianet News Malayalam

ഇഡി ഉദ്യോഗസ്ഥര്‍ തലസ്ഥാനത്ത്; ബിനീഷ് കോടിയേരിയുടെ വീട്ടിലും സ്ഥാപനങ്ങളിലും പരിശോധന നടത്തും

ആദായ നികുതി വകുപ്പിലേയും എൻഫോഴ്മെന്റ് ഡയറക്ട്രേറ്റിലേയും ഉദ്യോഗസ്ഥരാണ് തലസ്ഥാനത്ത് എത്തിയിട്ടുള്ളത്. 

ED officials in trivandrum Bineesh Kodiyeri's house  will be inspected
Author
Trivandrum, First Published Nov 3, 2020, 4:04 PM IST

തിരുവനന്തപുരം: ബെംഗളൂരു മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്‍റ് സംഘം തിരുവനന്തപുരത്ത്  എത്തി. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ബിനീഷ് കോടിയേരിയുടെ വീട്ടിലും സ്ഥാപനങ്ങളിലും പരിശോധന നടത്തും. ബിസിനസ് പങ്കാളികളുടെ വീട്ടിലും സ്ഥാപനങ്ങളിലും പരിശോധന നടത്തുമെന്നാണ് വിവരം. ബെംഗലൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ എൻഫോഴ്സ്മെന്‍റ് നിലപാട് കടുപ്പിക്കുന്നതിനിടെയാണ് തലസ്ഥാനത്തും പരിശോധനകൾ നടക്കുന്നത്. 

തിരുവനന്തപുരത്ത് ബിനീഷ് ബന്ധപ്പെട്ടിട്ടുള്ള ബിസിനസ് സംരംഭങ്ങൾ പലതാണെന്നാണ് അന്വേഷണ ഏജൻസികൾക്ക് കിട്ടിയിട്ടുള്ള വിവരം. ഇതു സംബന്ധിച്ചെല്ലാം പരിശോധന നടത്തും. മരുതംകുഴിയിലുള്ള വീട് ബിനീഷ് കോടിയേരിയുടെ പേരിലുള്ളതാണ്. ഈ വീട്ടിലും പരിശോധന നടത്തുമെന്നാണ് അറിവ്. കോടിയേരി എന്ന് പേരുള്ള വീട്ടിലാണ് ബിനീഷും കുടുംബാംഗങ്ങളും താമസിച്ചിരുന്നത്. അടുത്തിടെ വരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഈ വീട്ടിൽ തന്നെയാണ് താമസിച്ചിരുന്നത്. പിന്നീട് കോടിയേരി എകെജി സെന്ററിന് സമീപം പാര്‍ട്ടി അനുവദിച്ച ഫ്ലാറ്റിലേക്ക് മാറുകയായിരുന്നു. 

തുടര്‍ന്ന് വായിക്കാം: പ്രതിസന്ധി മറികടക്കാൻ സിപിഎം; കോടിയേരിയെ സെക്രട്ടറി സ്ഥാനത്ത് നിന്നും തത്കാലം മാറ്റിനിർത്താൻ ആലോചന...

ഇഡി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തുമെന്ന സൂചന ലഭിച്ചതോടെ വീടിനുമുന്നിൽ പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. ബിനീഷ് അറസ്റ്റിലായ ശേഷം കുടുംബാംഗങ്ങൾ വീട്ടിൽ നിന്ന് മാറിയിരുന്നു. സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ മാത്രമാണ് വീട്ടിൽ ഉള്ളത്. ബിനീഷിൻ്റെയും ബിസിനസ് പങ്കാളി അബ്ദുൾ ലത്തീഫിൻ്റെയും വീട്ടിലും സ്ഥാപനങ്ങളിലും ഇഡി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും എന്നാണ് വിവരം. 

അബ്ദുൾ ലത്തീഫ് ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇപ്പോൾ പറയുന്നത്. സാമ്പത്തിക ഇടപാടുകൾക്കും മയക്കുമരുന്ന് കേസിനും പുറമെ സ്വര്‍ണക്കടത്ത് കേസിലേക്ക് കൂടി കാര്യങ്ങൾ എത്തുന്ന രീതിയിലേക്കാണ് ഇപ്പോൾ അന്വേഷണ സംഘം നീങ്ങുന്നതെന്നാണ് സൂചന. കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടക്കുന്നു എന്ന് പറയുമ്പോൾ തന്നെ ഇതിന്റെ സ്രോതസ്സ് എന്തെന്ന അന്വേഷണവും നടക്കുന്നുണ്ട്. 

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടിൽ  അറസ്റ്റിലായ ബിനീഷ് കോടിയേരിക്ക് നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലും പങ്കുണ്ട് എന്നതിന് കൂടുതൽ വാദങ്ങൾ നിരത്തുകയാണ് ഇഡി. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ കമ്പനികളെ ഇഡി അന്വേഷണ പരിധിയിലേക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ കമ്പനികളുമായി ബിനീഷിനു നേരിട്ടോ ബിനാമികൾ വഴിയോ ബന്ധമുണ്ടെന്ന നിഗമനത്തിലാണ് നടപടി.

തിരുവനന്തപുരത്തെ ഓൾഡ് കോഫീ ഹൗസ്, യുഎഎഫ്എക്സ് സൊല്യൂഷൻസ്, കാർ പാലസ് , കാപിറ്റോ ലൈറ്സ് , കെകെ റോക്സ് ക്വാറി എന്നീ സ്ഥാപനങ്ങളെയാണ് പുതിയതായി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2008 മുതൽ 2013 വരെ ബിനീഷ് ദുബായിലുള്ള കാലയളവിൽ കള്ളപ്പണം വെളുപ്പിച്ചോയെന്നു സംശയമുണ്ടെന്നും ഇഡി പറയുന്നു. ഇതും അന്വേഷിക്കും. 

 

 

 

Follow Us:
Download App:
  • android
  • ios