തമിഴ്നാട്ടിലും കര്‍ണാടകയിലും കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളിൽ റെയ്ഡ്. കര്‍ണാടകയിൽ കോണ്‍ഗ്രസ് എംഎൽഎയും മലയാളിയുമായ എൻഎ ഹാരിസ് എംഎൽഎയുടെ വീട്ടിലാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നത്. തമിഴ്നാട് പിസിസി അധ്യക്ഷൻ കെ സെൽവപെരുന്തഗൈയുടെ വീട്ടിൽ ആദായ നികുതി വകുപ്പും റെയ്ഡ് നടത്തുകയാണ്
ബെംഗളൂരു/ചെന്നൈ: തമിഴ്നാട്ടിലും കര്‍ണാടകയിലും കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളിൽ റെയ്ഡ്. കര്‍ണാടകയിൽ കോണ്‍ഗ്രസ് എംഎൽഎയും മലയാളിയുമായ എൻഎ ഹാരിസ് എംഎൽഎയുടെ വീട്ടിലാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നത്. ഹാരിസിന്റെ മക്കളായ മുഹമ്മദ് ഹാരിസ് നാലാപ്പാട്, ഒമർ ഫാറൂഖ് നാലാപ്പാട് എന്നിവരുടെ വീടുകളടക്കം കര്‍ണാടകയിലെ 12 കേന്ദ്രങ്ങളിലാണ് റെയ്ഡ്. അനധികൃത ബിറ്റ്കോയിൻ ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധന. ആറു വര്‍ഷം മുന്‍പ് നടന്ന നാലര കോടിയുടെ ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധന. അനധികൃത ഇടപാട് നടത്തിയ ശ്രീകൃഷ്ണ രമേഷ് എന്ന ശ്രീകിയുമായി ഹാരിസിന്റെ മക്കൾക്ക് അടുത്ത ബന്ധമാണുള്ളതെന്നും ഇരുവർക്കും ഈ ഇടപാടുകളുടെ ആദായം ലഭിച്ചെന്നുമാണ് ഇഡി വ്യക്തമാക്കുന്നത്.
കാസർകോട് സ്വദേശിയായ എൻ.എ.ഹാരിസ് ബെംഗളൂരു ശാന്തിനഗർ എംഎൽഎയാണ്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ് ഹാരിസ്. നേരത്തെ അന്വേഷണം നടത്തിയ കർണാടക പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് പരിശോധന. കർണാടക പൊലീസിന്റെ സിഐഡി വിഭാഗമാണ് നാലരക്കോടിയുടെ ഇടപാട് അന്വേഷിച്ചത്. സിആർപിഎഫ് ഉദ്യോഗസ്ഥരുടെ കാവലിലാണ് പരിശോധന നടക്കുന്നത്. രാവിലെ 6 മണിക്ക് തുടങ്ങിയ റെയ്ഡ് ഉച്ചയ്ക്കും തുടരുകയാണ്. മുൻ കേന്ദ്രമന്ത്രിയുടെ പേരക്കുട്ടിയുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. കേന്ദ്രമന്ത്രിയായിരുന്ന കെ റഹ്മാൻഖാന്റെ പേരക്കുട്ടി അഖീബ് ഖാന്‍റെ വീട്ടിലാണ് പരിശോധന . ബിറ്റ്കോയിൻ ഇടപാടുകളുടെ ഗുണം അഖീബ് ഖാന് ലഭിച്ചെന്നാണ് ഇഡി വ്യക്തമാക്കുന്നത്.
അതേസമയം, തമിഴ്നാട് പിസിസി അധ്യക്ഷൻ കെ സെൽവപെരുന്തഗൈയുടെ വീട്ടിൽ ആദായ നികുതി വകുപ്പും റെയ്ഡ് നടത്തുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിന്‍റെ അവസാനഘട്ടത്തിൽ രാഹുൽ തമിഴ്നാട്ടിൽ എത്തുന്ന ദിവസം റെയ്ഡ് ആസൂത്രിതമാണെന്ന് സെൽവപെരുന്തഗൈ ആരോപിച്ചു.
ഹിന്ദി സംസാരിക്കുന്ന ഉദ്യോഗസ്ഥർ തന്നെ തടഞ്ഞുവെച്ചുവെന്നും മണ്ഡലത്തിനു പുറത്തുപോയി രാഹുലിനോപ്പം പ്രചാരണം നടത്താൻ അനുവദിക്കുന്നില്ലെന്നും രാഷ്ട്രീയനേതാവായ തന്റെ അവകാശങ്ങൾ ഹനിക്കുന്നുവെന്നും അദ്ദേഹം ആരോിച്ചു. റെയ്ഡിൽ ബിജെപിക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ തുറന്നടിച്ചു. പ്രതിപക്ഷത്തെ അടിച്ചമര്‍ത്താനാണ് ശ്രമമെന്നും തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള നീക്കം അപലപനീയമാണെന്നും തമിഴ്നാട് ഉചിതമായ മറുപടി നൽകുമെന്നും എംകെ സ്റ്റാലിൻ വ്യക്തമാക്കി.



