മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രമായ 'സുപ്രഭാത'ത്തിൽ വന്ന ലേഖനത്തിൽ വിശദീകരണവുമായി മാനേജിങ് എഡിറ്റർ. ഇത് മുഖപ്രസംഗമല്ല, മറിച്ച് 'വ്യക്തിവിചാരം' എന്ന കോളം മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ലേഖനത്തിനെതിരെ സമസ്തയിൽ ഒരു വിഭാഗം രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്.

കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രമായ 'സുപ്രഭാതം' എഡിറ്റോറിയലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ വിശദീകരണവുമായി സുപ്രഭാതം മാനേജിങ് എഡിറ്റർ ടിപി ചെറൂപ്പ. മുഖ്യമന്ത്രിക്കെതിരെ വന്നത് സുപ്രഭാതത്തിന്റെ മുഖപ്രസംഗം അല്ല, വ്യക്തിവിചാരം എന്ന കോളം ആണെന്ന് എഡിറ്റർ വ്യക്തമാക്കി. ആഴ്ചയിൽ ഒരു ദിവസം മുഖപ്രസംഗത്തിന് പകരം വ്യക്തികളെക്കുറിച്ച് സുപ്രഭാതം ഒരു കോളം നൽകാറുണ്ട്. അതാണ് ഈ ഞായറാഴ്ച പ്രസിദ്ധീകരിച്ചത്. അത് സംബന്ധിച്ച് തെറ്റിദ്ധാരണ ഉണ്ടായി. മര്യാദയ്ക്ക് സംസാരിക്കണം എന്നത് സുപ്രഭാതത്തിന്റെ തലക്കെട്ട് അല്ല, 'ക്വാട്ട്' നൽകിയാണ് ആ തലക്കെട്ട് കൊടുത്തതെന്നും സുപ്രഭാതം മാനേജിങ് എഡിറ്റർ ടിപി ചെറൂപ്പ വ്യക്തമാക്കി.

സുപ്രഭാതത്തിൽ മുഖ്യമന്ത്രിക്കെതിരായ കടന്നാക്രമണത്തിനെതിരെ സമസ്തയിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ലേഖനത്തിന് പിന്നിൽ സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗം എന്നായിരുന്നു ആക്ഷേപം. 'സുപ്രഭാതം' എഡിറ്റോറിയലിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പരാമർശത്തിനെതിരെ മുഖ്യമന്ത്രി നടത്തിയ വിമർശനത്തോടുള്ള കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയായിരുന്നു ലേഖനം. 'മര്യാദയ്ക്ക് സംസാരിക്കണം' എന്ന തലക്കെട്ടിൽ എഴുതിയ എഡിറ്റോറിയലിൽ മുഖ്യമന്ത്രിയുടെ നിലപാടുകൾക്കെതിരെ സമസ്ത മുഖപത്രം ആഞ്ഞടിച്ചിരുന്നു.

മുസ്‌ലിം പിന്തുണയുള്ള മുഖ്യമന്ത്രിയെന്ന പ്രതിച്ഛായ മാറ്റിയെടുക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളുടെ ഭാഗമാണ് കാന്തപുരത്തിനെതിരെയുള്ള പ്രസ്താവനയെന്നാണ് ലേഖനം കുറ്റപ്പെടുത്തിയത്. കാന്തപുരത്തിനെതിരെയുള്ള മുഖ്യമന്ത്രിയുടെ നിലപാട് 'കുരുടൻ ആനയെ തൊട്ടതുപോലെ' മാത്രമാണെന്ന് വിശേഷിപ്പിച്ച മുഖപത്രം, മുൻകാലങ്ങളിൽ സതീശൻ സ്വീകരിച്ച നിലപാടുകളെയും ഓർമ്മിപ്പിക്കുന്നുണ്ട്. ശബരിമല യുവതി പ്രവേശനത്തെ ശക്തമായി എതിർത്ത രാഷ്ട്രീയ നേതാവാണ് സതീശനെന്നും, എന്നാൽ ഇന്ന് അദ്ദേഹം സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലനാകുന്നത് ഇരട്ടത്താപ്പാണെന്നും എഡിറ്റോറിയലിൽ വ്യക്തമാക്കിയിരുന്നു.