തൃശ്ശൂർ: പാവറട്ടിയില്‍ എക്സൈസ് കസ്റ്റഡിയിലെടുത്ത മലപ്പുറം സ്വദേശി രഞ്ജിത്ത് മരണപ്പെട്ട സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച്  മുൻ ഭാര്യയും ബന്ധുക്കളും രംഗത്ത്. രഞ്ജിത്ത് മരിച്ചത് അപസ്മാരം വന്നതാണെന്ന ഉദ്യോഗസ്ഥരുടെ മൊഴിയിൽ വിശ്വാസമില്ലെന്നും രഞ്ജിത്തിന് മുൻപ് ഒരിക്കലും അപസ്മാരം ഉണ്ടായിട്ടില്ലെന്നും ബന്ധുക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 
കസ്റ്റഡിയിൽ മർദ്ദനമേറ്റാണ് രഞ്ജിത്ത് മരിച്ചതെന്നാണ് സംശയം. മർദ്ദനമേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പറഞ്ഞിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനിലും പൊലീസിലും പരാതി നൽകുമെന്നും മുൻ ഭാര്യയും ബന്ധുക്കളും പറഞ്ഞു.

Read More: തലയ്ക്കേറ്റ ക്ഷതം മൂലമുള്ള ആന്തരിക രക്തസ്രാവം രഞ്ജിത്തിന്‍റെ മരണകാരണം; എക്സൈസിന് കുരുക്കായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് 

രഞ്ജിത്ത് കുമാറിന്‍റെ ശരീരത്തിൽ ക്ഷതങ്ങൾ ഉണ്ടെന്നും ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ശരീരത്തിൽ കഴുത്തിലും തലയ്ക്ക് പിറകിലും ആയി12 ഓളം ക്ഷതങ്ങൾ ഉണ്ടെന്നാണ് കണ്ടെത്തൽ. തലയിലെ രക്തസ്രാവം മൂലമാവാം മരണം സംഭവിച്ചതെന്നാണ് നിഗമനം. ശരീരത്തിലെ മറ്റു ഭാഗങ്ങളിലും രക്തസ്രാവമുണ്ടായിട്ടുണ്ട്. പേശികളിൽ ക്ഷതമുള്ളതിനാൽ കൈകൾ പിറകിലേക്ക് വലിച്ച് മർദ്ദിച്ചിട്ടുണ്ടോ എന്നും സംശയിക്കുന്നു. 

സംഭവത്തിൽ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഡീഷണൽ എക്സൈസ് കമ്മീഷണർ സാം ക്രിസ്റ്റി ഡാനിയേൽ ആണ് കേസ് അന്വേഷിക്കുന്നത്., സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക നിഗമനം. ജീപ്പിലുണ്ടായിരുന്ന അഞ്ച് എക്സൈസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നാണ് എക്സൈസ് വകുപ്പിന്‍റെ കണ്ടെത്തിയിരുന്നത്

Read More: എക്‌സൈസ് കസ്റ്റഡി മരണം: വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു; കര്‍ശന നടപടി വേണമെന്ന് മുല്ലപ്പള്ളി

അതേസമയം, രഞ്ജിത്തിന്റെ മരണത്തിൽ കർശന നടപടി വേണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രഞ്ജിത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണെന്നും അരുംകൊലയാണിതെന്ന വ്യക്തമായ സൂചന റിപ്പോര്‍ട്ടിലുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.

ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് എക്സൈസ് സംഘം രഞ്ജിത്തിനെ  രണ്ടുകിലോ കഞ്ചാവുമായി ഗുരുവായൂരിൽ വച്ച് പിടികൂടിയത്. നാലരയോടെ പാവറട്ടിയിലെ ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ചിരുന്നു. അപസ്മാരത്തിന്‍റെ ലക്ഷണങ്ങൾ കാണിച്ചതിനാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും ജീപ്പിൽ നിന്നും രക്ഷപെട്ടോടാന്‍ പ്രതി ശ്രമിച്ചിരുന്നെന്നും നേരത്തെ എക്സൈസ് ഉദ്യോഗസ്ഥർ വിശദീകരിച്ചിരുന്നു. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസ്. മർദ്ദനം വ്യക്തതമായൽ കൊലക്കുറ്റമാകും. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായോ എന്ന് അഡിഷണൽ എക്സൈസ് കമ്മിഷണർ സാം ക്രിസ്ടി ഡാനിയേൽ ആണ് അന്വേഷിക്കുന്നത്.

Read Also: തൃശ്ശൂരില്‍ കഞ്ചാവുമായി എക്സൈസ് പിടികൂടിയ യുവാവ് കസ്റ്റഡിയില്‍ മരിച്ചു