പാമ്പുകടിയേറ്റ് മരിച്ച ആൽജോയുടെ വീട്ടിൽ രണ്ടാമതും പാമ്പിനെ കണ്ടെത്തിയിരുന്നു. വീട്ടിൽ കൂടുതൽ പാമ്പിൻ കുഞ്ഞുങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് വീടിന് ചുറ്റും തീയിട്ടത്.

തൃശൂർ: തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച എട്ട് വയസ്സുകാരന്‍റെ വീടിന് ചുറ്റും തീയിട്ട് വനം വകുപ്പ് ഉദ്യോഗസ്ഥർ. ആൽജോയുടെ വീട്ടിൽ രണ്ടാമതും പാമ്പിനെ കണ്ടെത്തിയിരുന്നു. വീട്ടിൽ കൂടുതൽ പാമ്പിൻ കുഞ്ഞുങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് വീടിന് ചുറ്റും തീയിട്ടത്.

Add Asianetnews as a Preferred SourcegooglePreferred

എട്ട് വയസുകാരൻ ആൽജോ ഇന്നലെ പുലർച്ചെയാണ് മരിച്ചത്. കുട്ടിയുടെ മരണകാരണം ശംഖ് വരയന്റെ കടിയേറ്റത് തന്നെയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തൃശൂർ മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം പരിശോധനയിലാണ് കണ്ടെത്തൽ. പൊലീസ് റിപ്പോർട്ട് തള്ളിയാണ് ഫോറൻസിക് സർജൻ്റെ റിപ്പോർട്ട്. ഭക്ഷ്യവിഷബാധയാണ് കുട്ടിക്ക് ഏറ്റതെന്നായിരുന്നു പൊലീസ് റിപ്പോർട്ട്. അതേസമയം, ആൽജോയുടെ മൂത്ത സഹോദരൻ അനോഷ് അങ്കമാലി അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പത്ത് വയസ്സുകാരൻ അനോജ് നിലവിൽ വെന്റിലേറ്ററിലാണ്. നിർദ്ദേശങ്ങളോട് അനോഷ് പ്രതികരിക്കുന്നുവെന്നും വെന്റിലേറ്റർ സഹായം തുടരുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ഇന്നലെ പുലർച്ചെയാണ് അബോധാവസ്ഥയിൽ സഹോദരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് നാട്ടുകാർ വീട്ടിൽ നടത്തിയ തെരച്ചിലിൽ ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെ ഇവരുടെ കിടപ്പുമുറിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. അമ്മയ്ക്കൊപ്പം ആദ്യം കിടപ്പുമുറിയിൽ നിലത്തും പിന്നെ കട്ടിലിലും കിടന്നു. പുലർച്ചെ രണ്ടുമണിയോടെ ഇരുവർക്കും വയറുവേദനയും തളർച്ചയും അനുഭവപ്പെട്ടു. രാത്രി കഴിച്ച ഭക്ഷണത്തിന്റെ പ്രശ്നമാകാം എന്നാണ് മാതാപിതാക്കൾ ആദ്യം കരുതിയത്. വായിൽ നിന്ന് നുരയും പതയും വരാൻ തുടങ്ങിയതോടെ അഞ്ച് മണിയോടെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പാമ്പുകടിയാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് അവിടുത്തെ ഡോക്ടറാണ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെത്തി മിനിറ്റുകൾക്കകം ആൽജോയ്ക്ക് ജീവൻ നഷ്ടമായി.

ഇതിനിടെയാണ് കോടാലിയിലെ ഇവരുടെ വീട്ടിൽ വീണ്ടും ശങ്കുവരയൻ പാമ്പിനെ കണ്ടെത്തിയത്. കിടപ്പുമുറിയിൽ നിന്ന് ഇന്നലെ കിട്ടിയ അതേ വലിപ്പത്തിലുള്ള പാമ്പാണ് ഇന്ന് വീടിന്റെ വരാന്തയിലും എത്തിയത്. മുട്ട വിരിഞ്ഞിറങ്ങിയ കൂടുതൽ പാമ്പിൻ കുഞ്ഞുങ്ങൾ പരിസരത്ത് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വനം വകുപ്പിന്റെ നിഗമനം. പ്രദേശത്ത് വനംവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുമെന്ന് അധികൃതർ നാട്ടുകാർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.