കോഴിക്കോട്: എലത്തൂരിലെ ഓട്ടോഡ്രൈവ‌ർ രാജേഷിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം തൃപ്തികരമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരൻ പിള്ള. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റേണ്ടതില്ല. രാജേഷ് നൽകിയ മരണമൊഴി മുഖവിലക്കെടുത്ത് പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തണം. ഇതിന് തയാറായില്ലെങ്കിൽ ബിജെപി സംസ്ഥാന നേതൃത്വം  പ്രക്ഷോഭം തുടങ്ങുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

കൂടുതല്‍ വായിക്കാം; സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതിനെത്തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോഡ്രൈവര്‍ മരിച്ചു

ഇക്കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് എലത്തൂരില്‍ വച്ച് ബിജെപി പ്രവര്‍ത്തകനും ഓട്ടോറിക്ഷ ഡ്രൈവറുമായ രാജേഷിനെ സിപിഎം പ്രാദേശിക നേതാക്കള്‍ അടങ്ങുന്ന സംഘം മര്‍ദ്ദിച്ചത്. മർദ്ദനത്തിൽ മനംനൊന്ത രാജേഷ് ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ രാജേഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ മരണപ്പെടുകയായിരുന്നു. രാജേഷ് എലത്തൂരിൽ ഓട്ടോറിക്ഷ ഓടിക്കുന്നത് സിഐടിയു അംഗങ്ങളായ ഓട്ടോറിക്ഷ തൊഴിലാളികൾ വിലക്കിയിരുന്നു. ഇതിനെചൊല്ലിയുണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.

കൂടുതല്‍ വായിക്കാം; എലത്തൂരിലെ ഓട്ടോഡ്രൈവറുടെ മരണം; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

സിപിഎം പ്രവര്‍ത്തകനായ എലത്തൂര്‍ സ്വദേശി മുരളിയും സിഐടിയു എലത്തൂര്‍ ഓട്ടോസ്റ്റാന്‍റ് യൂണിയന്‍ സെക്രട്ടറി ഖദ്ദാസിയുമടക്കം നാല് പേരാണ് കേസിൽ ഇതുവരെ പിടിയിലായിട്ടുള്ളത്. കേസില്‍ നേരത്തെ അറസ്റ്റിലായ ശ്രീലേഷ്, ഷൈജു തുടങ്ങിയ സിപിഎം പ്രാദേശിക നേതാക്കള്‍ റിമാന്‍ഡിലാണ്. 15 പേ‌ർ ചേ‌ർന്നാണ് രാജേഷിനെ മ‌‌‌‌ർദ്ദിച്ചതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 
 

കൂടുതല്‍ വായിക്കാം; എലത്തൂരിൽ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയിൽ രാഷ്ട്രീയമില്ലെന്ന് ഭാര്യ: സിസിടിവിയിൽ 15 അക്രമികൾ