പൊലീസ് കേസ് ഒത്തുതീർക്കാൻ ശ്രമിച്ചുവെന്ന് പരാതിക്കാരി ആരോപണം ഉന്നയിച്ചത് വിവാദമായതോടെയാണ് എസ്എച്ച്ഒയ്ക്ക് എതിരെ വകുപ്പ് തല അന്വേഷണം നടത്തിയത്

തിരുവനന്തപുരം: എംഎൽഎക്കെതിരായ പീഡന കേസിൽ പ്രതിക്ക് സഹായകരമാകുന്ന നിലയിലായിരുന്നു കോവളം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ഇടപെടലെന്ന് വകുപ്പ് തല അന്വേഷണ റിപ്പോർട്ട്. ഓഗസ്റ്റ് 29 ന് സിറ്റി പൊലീസ് കമ്മീഷണർ കേസ് കൈമാറിയിട്ടും കോവളം പൊലീസ് നടപടിയെടുത്തില്ല. പിന്നീട് സെപ്തംബർ 14 ന് കോവളത്ത് വെച്ച് പരാതിക്കാരിക്ക് പ്രതിയായ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയുടെ മർദ്ദനമേറ്റു. സെപ്തംബർ 15 ന് ആശുപത്രിയിൽ മർദ്ദനമേറ്റ യുവതി ചികിത്സ തേടിയെന്ന വിവരം അറിയിച്ചിട്ടും കോവളം പൊലീസ് കേസെടുക്കാൻ തയ്യാറായില്ല. ഈ സാഹചര്യത്തിൽ കോവളം എസ്എച്ച്ഒ ആയ പ്രൈജുവിനെതിരെ നടപടിയെടുക്കണമെന്ന് വകുപ്പ് തല അന്വേഷണ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

കേസിൽ എംഎൽഎയ്ക്ക് വേണ്ടി കോവളം പൊലീസ് കേസ് ഒത്തുതീർക്കാൻ ശ്രമിച്ചുവെന്ന് പരാതിക്കാരി ആരോപണം ഉന്നയിച്ചത് വിവാദമായതോടെയാണ് എസ്എച്ച്ഒയ്ക്ക് എതിരെ വകുപ്പ് തല അന്വേഷണം നടത്തിയത്. ഇയാളെ ഇന്നലെ തന്നെ ആലപ്പുഴയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഈ സാഹചര്യത്തിൽ ഇപ്പോൾ കേസ് അന്വേഷണം ഏറ്റെടുത്തിരിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ച് എംഎൽഎക്കെതിരെ നടപടി ശക്തമാക്കിയിരിക്കുകയാണ്.

ഇന്നലെ പരാതിക്കാരിയിൽ നിന്ന് എട്ട് മണിക്കൂറോളം സമയമെടുത്താണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്. തുടർന്ന് എംഎൽഎക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി. പരാതിക്കാരിയുടെ ഫോണ്‍ ഹാജരാക്കാൻ നോട്ടീസ് നൽകി. തന്റെ പക്കൽ ഡിജിറ്റൽ തെളിവുകളുണ്ടെന്ന പരാതിക്കാരിയുടെ മൊഴി അടിസ്ഥാനമാക്കിയാണ് ഫോൺ ഹാജരാക്കാൻ ആവശ്യപ്പെട്ടത്. ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴിയിൽ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ തന്റെ കഴുത്തിൽ കുരിശുമാല അണിയിച്ചുവെന്നും സംരക്ഷിക്കാമെന്ന് ഉറപ്പ് നൽകിയെന്നും പറയുന്നുണ്ട്.