തൃക്കാക്കര പിടിച്ച് സെഞ്ച്വറി അടിക്കുമെന്ന ഉറപ്പിലാണ് സിപിഎം. വീഡിയോ വിവാദം നേട്ടമാകുമെന്നാണ് കരുതൽ. മുഖ്യമന്ത്രി ഇറങ്ങിയുള്ള ചിട്ടയായ പ്രചാരണം വഴിയുള്ള അട്ടിമറിയാണ് ലക്ഷ്യം.

കൊച്ചി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ പ്രചാരണം കൊട്ടിക്കാലശത്തിലേക്ക് നീങ്ങുന്നു. യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികളും അണികളും മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിലായി സഞ്ചരിച്ച് അവസാന റൌണ്ടിലും പ്രചാരണം ഉഷാറാക്കുകയാണ്. സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളെല്ലാം ഇന്ന് തൃക്കാക്കരയിൽ ഉണ്ട്. മണ്ഡലം ചുറ്റിയെത്തുന്ന സ്ഥാനാർത്ഥികളും പ്രവർത്തകരുമെല്ലാം പാലാരിവട്ടത്തേക്ക് ആണ് എത്തുന്നത്. 

എൻഡിഎയുടെ പ്രചാരണജാഥ തൃക്കാക്കരയുടെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് പാലാരിവട്ടത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് എത്തും. എ.എൻ.രാധാകൃഷ്ണനൊപ്പം പി.സി.ജോർജ്ജും വാഹനജാഥയിൽ പങ്കെടുക്കുന്നുണ്ട്. എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫും യുഡിഎഫ് സ്ഥാനാർത്ഥി ഉമാ ജോസഫും മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ചു വരികയാണ്. ഉമാ തോമസിനൊപ്പം ചലച്ചിത്രതാരം രമേശ് പിഷാരടിയും പ്രചാരണ വാഹനത്തിലുണ്ട്. എൽഡിഎഫ് കണ്വീനർ ഇ.പി.ജയരാജൻ എൽഡിഎഫ് പ്രചാരണം ഏകോപിപ്പിക്കാൻ പാലാരിവട്ടത്തുണ്ട്. 

ഉച്ച കഴിഞ്ഞപ്പോഴേ ജനക്കൂട്ടത്തിന്റെ ഒഴുക്കു തുടങ്ങിയിരുന്നു പാലാരിവട്ടത്തേക്ക്. മുന്നണികൾക്കായി മുമ്പേ അനുവദിച്ച ഇടങ്ങളിൽ അണിനിരന്ന് പ്രവർത്തകർ . അവർക്കിടയിലൊരു മതിലു തീർത്ത് പൊലീസ് . ആട്ടവും പാട്ടുമായി അത്യാവേശത്തിന്റെ ആറാട്ടായിരുന്നു പിന്നെ. മഴ മാറിനിന്നതും കലാശക്കൊട്ടിൻ്റെ ആവേശം ഇരട്ടിയാക്കി. അതേസമയം പാലാരിവട്ടം പാലത്തിൽ വിവിധ മുന്നണികളുടെ പ്രവർത്തകർ അണിനിരന്നതോടെ കൊച്ചി നഗരം കനത്ത ഗതാഗതക്കുരുക്കിലായി. 

അവകാശവാദങ്ങളുമായി മൂന്ന് മുന്നണികൾ

തൃക്കാക്കരയിൽ കലാശക്കൊട്ട് മുറുകുമ്പോൾ അവകാശവാദങ്ങളുമായി മുന്നണികൾ. ജയം ഉറപ്പെന്നും ഭൂരിപക്ഷം കുറക്കാൻ സിപിഎം കള്ളവോട്ടിന് ശ്രമിക്കുകയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. തെരഞ്ഞെടുപ്പ് സർക്കാറിൻറെ വിലയിരുത്തലാകുമെന്നും അട്ടിമറിവിജയമുണ്ടാകുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഫോർട്ട് പോലീസിൻറെ നോട്ടിസ് തള്ളി എത്തിയ പിസി ജോർജ്ജാണ് എൻഡിഎയുടെ ഇന്നത്തെ പ്രധാന പ്രചാരകൻ

ഒരുമാസം നീണ്ട പ്രചാരണം ക്ലൈമാക്സിലേക്ക് നീങ്ങുമ്പോൾ തൃക്കാക്കര ആവേശത്തിൻറഎ വൻകരയായി മാറിക്കഴിഞ്ഞു. പി.ടിയുടെ മണ്ഡലം ഉമാ തോമസ് എന്ത് വന്നാലും നിലനിർത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കോൺഗ്രസ്. വ്യാജ വീഡിയോ വിവാദമൊന്നും ഏശില്ലെന്ന് പറയുന്ന വിഡി സതീശൻ യുഡിഎഫിൻറെ ഭൂരിപക്ഷം കുറക്കാൻ സിപിഎം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിക്കുന്നു.

തൃക്കാക്കര പിടിച്ച് സെഞ്ച്വറി അടിക്കുമെന്ന ഉറപ്പിലാണ് സിപിഎം. വീഡിയോ വിവാദം നേട്ടമാകുമെന്നാണ് കരുതൽ. മുഖ്യമന്ത്രി ഇറങ്ങിയുള്ള ചിട്ടയായ പ്രചാരണം വഴിയുള്ള അട്ടിമറിയാണ് ലക്ഷ്യം. പരാജയഭീതി കൊണ്ടാണ് കോൺഗ്രസ് കള്ളവോട്ട് ആരോപിക്കുന്നതെന്നാണ് മറുപടി

അവസാനലാപ്പിൽ പി.സി. ജോർജ്ജിനെ ഇറക്കിയാണ് എൻഡിഎ കൊട്ടിക്കലാശം കൊഴുപ്പിക്കുന്നത്. ജോർജ്ജിൻറെ അറസ്റ്റ് ഉയർത്തി ഇരട്ടനീതി അവസാനവും ഉന്നയിക്കുന്നു. പിണറായിക്കും പ്രതിപക്ഷനേതാവിനുമെതിരെ ജോർജ്ജ് ഉന്നയിക്കുന്നത് രൂക്ഷവിമർശനങ്ങളാണ്. ജോർജ്ജിന് ഒരു ചുക്കും ചെയ്യാനാകില്ലെന്നായിരുന്നു കോടിയേരിയുടെ മറുപടി. ജോർജ്ജും സിപിഎമ്മും തമ്മിൽ കൂട്ട് കെട്ടുണ്ടെന്നായിരുന്നു സതീശൻറെ ആരോപണം