രണ്ടുമാസത്തെ ദുരിതത്തിന് ശേഷം ഒടുവില്‍ വണ്ടിപ്പെരിയാറിലെ സഹോദരിമാര്‍ക്ക് വൈദ്യുതി ലഭിച്ചു.
ഇടുക്കി: രണ്ടു മാസത്തെ ദുരിതത്തിന് ശേഷം ഒടുവില്‍ വണ്ടിപ്പെരിയാറിലെ സഹോദരിമാര്‍ക്ക് വൈദ്യുതി ലഭിച്ചു. രണ്ടു മാസമായി സഹോദരിമാരായ ഹാഷിനിയും ഹർഷിനിയും മെഴുകുതിരി വെട്ടത്തിലാണ് പഠിക്കുന്നത്. വിവരം ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്നതോടെ നഷ്ടപ്പെട്ട വൈദ്യുത കണക്ഷന്‍ തിരികെ ലഭിച്ചിരിക്കുകയാണ്. വാര്‍ത്തയ്ക്ക് പിന്നാലെ ജില്ല കളക്ടറുടെ ഇടപെടലിനെ തുടർന്നാണ് നടപടി. വൈദ്യുതി കണക്ഷൻ നൽകുന്നതിനും ഇതിനായി പോസ്റ്റ് സ്ഥാപിക്കുന്നതിനും തേയിലത്തോട്ടം മാനേജ്മെന്‍റ് അനുമതി നൽകാത്തതാതൊടെയാണ് ഹാഷിനിയുടെയും ഹർഷിനിയുടെയും വീട്ടിൽ കറന്‍റില്ലാതാകാൻ കാരണം. രണ്ടു മാസത്തിലധികമായി അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഹാഷിനിയുടെയും ഒന്നാം ക്ലാസുകാരി ഹർഷിനിയുടെയും പഠനം മെഴുകുതിരി വെട്ടത്തിലായിരുന്നു. വണ്ടിപ്പെരിയാർ ക്ലബ്ബിന് സമീപം താമസിക്കുന്ന ഓട്ടോറിക്ഷ തൊഴിലാളിയായ മോഹന്‍റെ മക്കളാണിവർ.
25 വർഷം മുൻപ് ആർബിടി കമ്പനി ഇവർ താമസിക്കുന്ന വീടും 10 സെൻറ് സ്ഥലവും മോഹന്‍റെ അച്ഛനായ വിജയന് എഴുതി നൽകി. ക്ലബ്ബിൽ നിന്നുമാണ് ഇവർക്ക് വൈദ്യുതി നൽകിരുന്നത്. ഇതിനായി സ്ഥാപിച്ചിരുന്ന തടി കൊണ്ടുള്ള വൈദ്യുതി പോസ്റ്റുകൾ കാലപ്പഴക്കത്താൽ ഒടിഞ്ഞു പോയതോടെ ക്ലബ്ബിലേക്കും വിജയന്റെ വീട്ടിലേക്കും വൈദ്യുതി നിലച്ചു. തുടർന്ന് പുതിയ കണക്ഷന്‍ എടുക്കാൻ അപേക്ഷ നൽകി. പുതിയതായി വയറിംഗും നടത്തി. കെഎസ്ഇബി രേഖകൾ പരിശോധിച്ച് അടിന്തരമായി നടപടികളും പൂർത്തിയാക്കി. അപ്പോഴാണ് വീടിരിക്കുന്ന സ്ഥലം തങ്ങളുടേതാണെന്ന പരാതിയുമായി പഞ്ചായത്തിനെ സമീപിച്ചത്. ഇതോടെ കണക്ഷൻ നൽകാനുള്ള അനുമതി പഞ്ചായത്ത് റദ്ദാക്കി. തങ്ങളുടെ സ്ഥലത്ത് പോസ്റ്റിടാൻ പാടില്ലെന്നും മാനേജ്മെൻറ് കെഎസ്ഇബിയെ അറിയിച്ചു. കറന്‍റില്ലാതായതോടെ മക്കളുടെ പഠനത്തിനൊപ്പം കുടിവെള്ളം പമ്പ് ചെയ്യുന്നതും പ്രതിസന്ധിയിലായിരുന്നു. നിലവില്‍ എല്ലാ പ്രതിസന്ധികളും മറികടന്ന് ഇവരുടെ വീട്ടില്‍ വെളിച്ചം വന്നിരിക്കുകയാണ്.



