സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നു. നിരക്ക് വര്‍ധനവ് അനിവാര്യമാണെന്നും പ്രത്യേക സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണെന്നും വൈദ്യുതി മന്ത്രി.
പാലക്കാട്/തിരുവനന്തപുരം: ജനത്തിന്‍റെ നടുവൊടിച്ച് സംസ്ഥാനത്ത് ഉടൻ വൈദ്യുതി നിരക്ക് കൂടും. നിരക്ക് കൂട്ടുന്നതിന് പുറമെ ജനുവരി മുതൽ മെയ് വരെ സമ്മർ താരിഫായി യൂണിറ്റിന് പത്ത് പൈസയും കൂട്ടണമെന്നും കെഎസ്ഇബി റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിരക്ക് വർധനവ് അനിവാര്യമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കുറഞ്ഞ വിലക്ക് വൈദ്യുതി വാങ്ങാനുള്ള കരാർ റദ്ദാക്കിയ കെഎസ്ഇബി തീരുമാനമാണ് അടിക്കടിയുള്ള നിരക്ക് വർധിപ്പിക്കാനുള്ള യഥാർത്ഥ കാരണം.
നിത്യോപകയോഗ സാധനങ്ങളുടെ വില കുത്തനെ ഉയർന്നതിന് പിന്നാലെയാണ് ഇരുട്ടടിയാണ് വീണ്ടും വൈദ്യുതി നിരക്കും കൂടുന്നത്. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ നിരവധി കാരണങ്ങളാണ് കെഎസ് ഇബി പറയുന്നത്. ആഭ്യന്തര ഉല്‍പ്പാദനത്തിലെ കുറവ്, പുറത്ത് നിന്ന വൈദ്യുതി വാങ്ങുന്നതിലെ ചെലവിലുണ്ടായ വര്‍ധന, വര്‍ധിച്ചു വരുന്ന പ്രവര്‍ത്തന പരിപാലന ചെലവുകൾ എന്നിങ്ങനെയാണ് നിരക്ക് വര്‍ധനവിനുള്ള കാരണങ്ങളായി പറയുന്നത്. നവംബര്‍ ഒന്നുമുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുത്താനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഉപതെരഞ്ഞെടുപ്പ് കണക്കിലെടുത്ത് തീരുമാനം നീട്ടുകയായിരുന്നു. ജനുവരി മുതല് മെയ് വരെ യൂണിറ്റിന് പത്ത് പൈസ സമ്മർ താരിഫ് ഉള്‍പ്പെടെയുള്ള നിരക്ക് വര്‍ധനയാണ് കെഎസ് ഇബിയുടെ ആവശ്യം.
ആഭ്യന്തര ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണെന്നും. ഇതിനാൽ വൈദ്യുതി നിരക്ക് വര്‍ധനവ് അനിവാര്യമാണന്ന് മന്ത്രി കെ കൃഷ്ണകുട്ടി പറഞ്ഞു. നിരക്ക് വര്‍ധനവുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പ് പൂർത്തിയാക്കി. റിപ്പോർട്ട് കെ എസ്ഇബിക്ക് നൽകിയാൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. സർക്കാരുമായും ഉപഭോക്താക്കളുമായും ചർച്ചചെയ്ത് നയപരമായ തീരുമാനമെടുക്കും. ഉപഭോക്താക്കൾക്ക് പോറലേൽക്കാതെയായിരിക്കും നിരക്കുവർധനവ് ഉണ്ടാകുക. സമ്മർ താരിഫും കൊണ്ടുവരുന്നത് ആലോചനയിലുണ്ട്.
വേനൽകാലത്ത് പുറമെനിന്ന് വൈദ്യുതി വാങ്ങുന്നത് പ്രതിസസിയാണ്. ഇത് മറികടക്കാനാണ് സമ്മർ താരിഫ് പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിരക്ക് വര്‍ധനവിന് പുറമെ വേനൽ കാലത്ത് മാത്രമായി പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതാണ് പരിഗണിക്കുന്നത്. രാത്രിയും പകലും പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
2022 ജൂണ് 26 നും 2023 നവംബർ ഒന്നിനുമാണ് അവസാനമായി നിരക്കുകൾ കൂട്ടിയത്. യൂണിറ്റിന് 4.45 ശതമാനം വർധനവ് വേണമെന്നാണ് കെഎസ്ഇബി ശുപാർശ. യൂണിറ്റിന് മൂന്ന് രൂപക്കും നാലുരൂപക്കും വൈദ്യുതി വാങ്ങാനുള്ള യുഡിഎഫ് കാലത്തെ കരാർ റദ്ദാക്കിയതാണ് പ്രതിസന്ധിക്കുള്ള കാരണം. കരാർ റദ്ദാക്കൽ പുനസ്ഥാപിച്ചെങ്കിലും കമ്പനികൾ കോടതിയിൽ നിന്ന് സ്റ്റേ വാങ്ങുകയായിരുന്നു. നിലവിൽ 7.50 രൂപ മുതൽ 8 രൂപ നിരക്കിലാണ് പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത്.

