ചെങ്ങളം: കോട്ടയം ചെങ്ങളത്ത് ഇടഞ്ഞോടിയ ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ചു. ഒന്നാം പാപ്പാനായ വിക്രം (26) ആണ് മരിച്ചത്. തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ തിരുനക്കര ശിവൻ എന്ന ആനയാണ് ഇടഞ്ഞത്. മഹാദേവ ക്ഷേത്രത്തിലെ അൽപശി ഉത്സവത്തിന്റെ ആറാട്ട് എഴുന്നള്ളത്തിന് ശേഷം ആനയെ ചെങ്ങളത്ത് കാവിൽ തളയ്ക്കാനായി കൊണ്ടു വരുന്നതിനിടെ ഇല്ലിക്കൽ ആമ്പക്കുഴി ഭാഗത്ത് വച്ച് ആന ഇടയുകയായിരുന്നു. വഴിയിൽ കണ്ട സ്വകാര്യ ബസിന് നേരെയും ആനയുടെ ആക്രമണമുണ്ടായി.

ആന ഇടഞ്ഞോടുന്നതിന്റെ ദൃശ്യങ്ങൾ

"

ആന ഇടഞ്ഞത് കണ്ട് വഴിയിലൂടെ വരികയായിരുന്ന ബസ് സ്റ്റോപ്പിൽ നിർത്തി. ബസിനുള്ളിൽ ഈ സമയം യാത്രക്കാർ ഏറെയുണ്ടായിരുന്നു. ഈ സമയം അക്രമാസക്തനായ ആന ബസിന്റെ മുന്നിലെ ചില്ല് പൂർണമായും തകർത്തു. കൊമ്പിൽ ബസ് കുത്തിപ്പൊക്കുകയും ചെയ്തു. ഈ സമയവും ഒന്നാൻ പാപ്പാനായ വിക്രം ആനയുടെ പുറത്ത് ഇരിക്കുകയായിരുന്നു. ആനയെ തളയ്ക്കാൻ ആനപ്പുറത്ത് നിന്ന് ചങ്ങലയിൽ തൂങ്ങി വിക്രം താഴേയ്ക്ക് ഇറങ്ങുന്നതിനിടെ സമീപത്തെ പോസ്റ്റിൽ വച്ച് ആന വിക്രമിനെ അമർത്തുകയായിരുന്നു.

മരിച്ച ആന പാപ്പാൻ വിക്രവും തിരുനക്കര ശിവനും. ആക്രമണത്തിന് മണിക്കൂറുകൾ മുൻപുള്ള ചിത്രം.

 

പാപ്പാനെ നാട്ടുകാർ ഇടപെട്ട് രക്ഷപെടുത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടർന്ന് ചെങ്ങളം ഭാഗത്തേയ്ക്ക് ഓടിയ ആന , മരുതന ഇടക്കേരിച്ചിറ റോഡിൽ നില ഉറപ്പിച്ചിരിക്കുകയാണ്. ആനയെ തളയ്ക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. മദപ്പാടിലായിരുന്ന ആനയെ ദിവസങ്ങൾക്ക് മുൻപാണ് ആറാട്ടിനായി എഴുന്നള്ളിച്ചത്.