'അരിക്കൊമ്പൻ' വീണ്ടും നാട്ടിലിറങ്ങി, ചിന്നക്കനാല്‍ ആദിവാസി കോളനിയിലെ ഷെഡ് തകര്‍ത്തു, ആശങ്കയില്‍ കോളനിവാസികള്‍
ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണാൻ വനംവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ നാളെ ഇടുക്കി കളക്ടറേറ്റിൽ യോഗം ചേരും

ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. 301 കോളനിയിൽ ഒരു ഷെഡ് അരിക്കൊമ്പൻ തകർത്തു. ഷെഡിലുണ്ടായിരുന്ന യശോധരൻ രക്ഷപെട്ടത് തലനാരിഴക്ക്.പുലര്‍ച്ചെ നാലു മണിയോടെയാണ് ചിന്നക്കനാൽ മുന്നൂറ്റിയൊന്ന് കോളനിയിൽ അരിക്കൊമ്പനെത്തിയത്. ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം 301 കുടുംബങ്ങളെ കുടിയിരുത്തിയ സ്ഥലമാണ് മുന്നൂറ്റിയൊന്ന് കോളനി. യശോധരൻ കടന്നുറങ്ങിയിരുന്ന കുടിലാണ് അരിക്കൊമ്പൻ തകർത്തത്. പാത്രങ്ങളും സാധനങ്ങളുമെല്ലാം തട്ടിത്തെറിപ്പിച്ചു. യശോധരൻ തന്‍റെ കയ്യിലുണ്ടായിരുന്ന പന്തം കത്തിച്ച് സമീപത്ത് ഉണങ്ങിക്കിന്നിരുന്ന പുല്ലിലേക്ക് എറിഞ്ഞു. തീ കത്തുന്നതു കണ്ടതോടെ അരിക്കൊമ്പൻ അവിടെ നിന്നും പിന്മാറുകയായിരുന്നു.
കഴിഞ്ഞ ദിവസം ബി എൽ റാവിൽ നിന്നും ആനയിറങ്കൽ ഭാഗത്തേക്ക് അരിക്കൊമ്പനെ തുരത്തിയിരുന്നു. 301 കോളനിയിൽ കാട്ടാന ശല്യം രൂക്ഷമായതിനാൽ വീടിനു മുകളിൽ കുടിൽ കെട്ടിയാണ് പലരും താമസിക്കുന്നത്. നിരധി പേർ കാട്ടാന ശല്യം മൂലം വീടും സ്ഥലവു ഉപേക്ഷിച്ച് ഇവിടം വിട്ടു പോയിരുന്നു. ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണാൻ വനംവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ നാളെ ഇടുക്കി കളക്ടറേറ്റിൽ യോഗം ചേരും. പ്രദേശത്തെ അക്രമകാരികളായ മൂന്നു ആനകളെയെങ്കിലും പിടിച്ചു മാറ്റണമെന്നാണ് ജനപ്രതിനിധികളടക്കം ആവശ്യപ്പെടുന്നത്.