എമ്പുരാൻ സിനിമയ്ക്കെതിരെ ഹൈക്കോടതിയിൽ ഹര്‍ജി നൽകിയ ബിജെപി മുൻ ജില്ലാ കമ്മിറ്റിയംഗത്തിനെതിരെ നടപടിയുമായി പാര്‍ട്ടി ജില്ലാ നേതൃത്വം.ബിജെപി നേതാവും മുൻ തൃശൂര്‍ ജില്ലാ കമ്മിറ്റിയംഗവുമായ വിവി വിജീഷിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു.

തൃശൂര്‍: എമ്പുരാൻ സിനിമയ്ക്കെതിരെ ഹൈക്കോടതിയിൽ ഹര്‍ജി നൽകിയ ബിജെപി മുൻ ജില്ലാ കമ്മിറ്റിയംഗത്തിനെതിരെ നടപടിയുമായി പാര്‍ട്ടി ജില്ലാ നേതൃത്വം. ബിജെപി നേതാവും മുൻ തൃശൂര്‍ ജില്ലാ കമ്മിറ്റിയംഗവുമായ വിവി വിജീഷിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു.

വിജീഷ് ഹൈക്കോടതിയിൽ നൽകിയ ഹര്‍ജിയുമായി ബിജെപിക്ക് ബന്ധമില്ലെന്നും സംസ്ഥാന അധ്യക്ഷൻ പറ‍ഞ്ഞതാണ് ബിജെപി നിലപാടെന്നും ഇത്തരത്തിൽ ഹര്‍ജി നൽകാൻ ആരെയും ബിജെപി ചുമതലപ്പെടുത്തിയിട്ടില്ലെന്നും തൃശൂര്‍ സിറ്റി ബിജെപി ജില്ലാ അധ്യക്ഷൻ ജസ്റ്റിൻ ജേക്കബ് പറഞ്ഞു.പാർട്ടി നയത്തിനെതിരെ ആര് പ്രവർത്തിച്ചാലും ശക്തമായ നടപടി ഉണ്ടാകുമെന്നും ജില്ലാ കമ്മിറ്റി അംഗം എന്ന നിലയിൽ പരാതി കൊടുത്തതിൽ വിശദമായി അന്വേഷിക്കുമെന്നും തൃശൂർ സിറ്റി ജില്ലാ അധ്യക്ഷൻ ജസ്റ്റിൻ ജോർജ് പറഞ്ഞു.

സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി പ്രവര്‍ത്തകൻ വിവി വിജീഷ് ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്. സിനിമ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നതും മതവിദ്വേഷത്തിന് വഴിമരുന്നിടന്നുവെന്നും ഹർജിയില്‍ ആരോപിക്കുന്നു. മോഹൻലാൽ പൃഥ്വിരാജ് ആന്റണി പെരുമ്പാവൂർ എന്നിവരെ കൂടാതെ കേന്ദ്രസർക്കാരിനെയും എതിർകക്ഷികൾ ആക്കിയിട്ടുണ്ട്. സംസ്ഥാന പൊലീസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവരെയും ഹർജിയിൽ എതിർകക്ഷികൾ ആക്കിയിട്ടാണ് ഹര്‍ജി. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെയും ദേശീയ അന്വേഷണ ഏജൻസിയെയും സിനിമയിൽ വികലമാക്കി ചിത്രീകരിച്ചു എന്നും ഹർജിയിൽ പറയുന്നുണ്ട്. 

ബിജെപിയുടെ അറിവോടെ അല്ല പരാതി നൽകിയതെന്ന് ബിജെപി പ്രവർത്തകൻ വിജീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരാതി നൽകിയത് വ്യക്തിപരമായിട്ടാണ്. ബെംഗളൂരുവിലാണ് ഇപ്പോൾ താൻ ഉള്ളത്. മത ദ്രുവീകരണം ഉണ്ടാക്കുകയാണ് സിനിമ ചെയ്യുന്നത്. അതിൽ മനംനൊന്താണ് ഇത്തരത്തിൽ ഒരു പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ബിജെപി മുൻ ജില്ലാ കമ്മിറ്റി അംഗമാണ് താൻ. പുതിയ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തിട്ടില്ല. വ്യക്തിപരമായ പരാതിയെന്ന് അഭിഭാഷകനോട് പറഞ്ഞിട്ടുണ്ട്. പരാതിയിൽ നിന്ന് പിന്നോട്ടില്ലെന്നും ഇയാള്‍ പറഞ്ഞു. 

അതേ സമയം മോഹൻലാൽ - പൃഥ്വിരാജ് ചിത്രം എമ്പുരാനെ തുടര്‍ന്നുണ്ടായ വിവാദങ്ങളിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി. ഇതിൽ എന്താണ് വിവാദമെന്നും എല്ലാം കച്ചവടമാണ് എന്നുമാണ് സുരേഷ് ഗോപിയുടെ പ്രതികരണം. ആളെ ഇളക്കി വിട്ട് പണം ഉണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം എമ്പുരാൻ സിനിമയെ കുറിച്ചുള്ള ചോദ്യത്തിന് 'നല്ല കാര്യങ്ങൾ സംസാരിക്കൂ' എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. 

അതേ സമയം ലഭ്യമായ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം മലയാളത്തിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ കളക്ഷന്‍ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് എമ്പുരാന്‍. ടൊവിനോ തോമസ് നായകനായ 2018 എന്ന ചിത്രത്തെ മറികടന്നാണ് എമ്പുരാന്‍റെ നേട്ടം. 175.4 കോടി ആയിരുന്നു 2018 ന്‍റെ ലൈഫ് ടൈം ബോക്സ് ഓഫീസ് നേട്ടം. വെറും അഞ്ച് ദിനങ്ങള്‍ കൊണ്ടാണ് എമ്പുരാന്‍ ഇതിനെ മറികടന്നിരിക്കുന്നത്. 

ഒപ്പം 200 കോടി ക്ലബ്ബില്‍ ഇടംപിടിക്കുകയും ചെയ്തു. ഔദ്യോഗികമായിത്തന്നെ അണിയറക്കാര്‍ ഇക്കാര്യം അറിയിച്ചിട്ടുമുണ്ട് ഇപ്പോള്‍. മോഹന്‍ലാലിന്‍റെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രവുമാണ് ഇത്. മഞ്ഞുമ്മല്‍ ബോയ്സ് മാത്രമാണ് മലയാളത്തില്‍ എമ്പുരാന് മുന്നില്‍ കളക്ഷനില്‍ അവശേഷിക്കുന്നത്. 240 കോടിയാണ് മഞ്ഞുമ്മലിന്‍റെ നേട്ടം. 

'40 വർഷത്തെ സിനിമാ തിയ്യേറ്റർ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ': എമ്പുരാനെക്കുറിച്ച് ലിബര്‍ട്ടി ബഷീര്‍

YouTube video player