ജില്ലാ സെക്രട്ടറിയായി ഇ.എൻ മോഹൻ ദാസിന് വീണ്ടും ഊഴം നൽകാനാണ് സി.പി.എം മലപ്പുറം ജില്ലാ സമ്മേളനത്തിലെ തീരുമാനം. തരൂരിൽ ചേർന്ന ജില്ലാ സമ്മേളനമാണ് ഇ.എൻ മോഹൻ ദാസിനെ സെക്രട്ടറിയായി തെരഞ്ഞെടുത്ത്. 

മലപ്പുറം: പാർട്ടി കോൺ​ഗ്രസിന് മുന്നോടിയായുള്ള സിപിഎമ്മിൻ്റെ മലപ്പുറം, പത്തനംതിട്ട ജില്ലാ സമ്മേളനങ്ങൾ ഇന്ന് സമാപിക്കും. പത്തനംതിട്ടയിൽ കെ.പി.ഉദയാഭാനുവും മലപ്പുറത്ത് ഇ.എൻ.മോഹൻദാസും ജില്ലാ സെക്രട്ടറിമാരായി തുടരും. 

ജില്ലാ സെക്രട്ടറിയായി ഇ.എൻ മോഹൻ ദാസിന് വീണ്ടും ഊഴം നൽകാനാണ് സി.പി.എം മലപ്പുറം ജില്ലാ സമ്മേളനത്തിലെ തീരുമാനം. തരൂരിൽ ചേർന്ന ജില്ലാ സമ്മേളനമാണ് ഇ.എൻ മോഹൻ ദാസിനെ സെക്രട്ടറിയായി തെരഞ്ഞെടുത്ത്. എട്ട് പുതുമുഖങ്ങളടക്കം 38 അംഗ ജില്ലാ കമ്മറ്റിയേയും സമ്മേളനം തെരെഞ്ഞെടുത്തു. 

നിയമസഭാ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വീഴ്ച്ച വരുത്തിയെന്നാരോപിച്ച് അച്ചടക്ക നടപടിയെടുത്ത വി ശശികുമാർ ,സി.ദിവാകരൻ എന്നിവരേയും നേരത്തെ നടപടിയെടുത്ത ടി. സത്യനേയും ജില്ലാ കമ്മിറ്റിയിലേക്ക് സമ്മേളനം തിരിച്ചു കൊണ്ടുവന്നു. പാർട്ടി പ്രവർത്തനത്തിൽ സജീവമല്ലെന്ന കാരണത്താൽ സി.എച്ച്.ആഷിഖ്, ഐ.ടി.നജീബ്, അസൈൻ കാരാട്ട് എന്നിവരേയും പ്രായാധിക്യത്താൽ ടി.കെ.ഹംസ, പി.പി.വാസുദേവൻ, ടി.പി.ജോർജ് എന്നിവരേയും ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി. 

ജില്ല സെക്രട്ടറിയായി കെ പി ഉദയഭാനുവിന് വീണ്ടും അവസരം നൽകിയ പത്തനംതിട്ട ജില്ലാ സമ്മേളനം ആരോ​ഗ്യമന്ത്രി വീണ ജോർജിനേയും കോൺ​ഗ്രസിൽ നിന്നും സിപിഎമ്മിൽ എത്തിയ പീലിപ്പോസ് തോമസിനേയും അടക്കം അഞ്ച് പുതുമുഖങ്ങളെ ജില്ലാ കമ്മിറ്റിയിൽ പുതുതായി ഉൾപ്പെടുത്തി. നിലവിലെ കമ്മിറ്റിയിൽ നിന്നും നാല് പേരെ ഒഴിവാക്കി. 

പാർലെമെൻ്ററി രംഗത്തേയും സംഘടന രംഗത്തെയും ഒരു പിടി നേട്ടങ്ങളുമായിട്ടാണ് കെ പി ഉദയഭാനു മൂന്നാം തവണയും ജില്ലയിലെ പാർട്ടിയുടെ അമരത്തേക്ക് എത്തുന്നത്. ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾക്കിടയിൽ എതിർ സ്വരങ്ങൾ ഇല്ലാതെയാണ് വീണ്ടും ഉദയഭാനു ജില്ല സെക്രട്ടറിയാവുന്നത്. നേതൃത്വം അംഗീകരിച്ച പാനൽ ഐക്യകണ്നേ സമ്മേളനം അംഗീകരിച്ചു. വീണാ ജോർജിനും പീലിപ്പോസ് തോമസിനും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പിബി സതീഷ് കുമാർ, അടൂർ ഏരിയ സെക്രട്ടറി എസ് മനോജ്, ജനാധിപത്യ മഹിള അസോസിയേഷൻ നേതാവ് ലസിത നായർ എന്നിവരാണ് പുതുതായി ജില്ലാ കമ്മിറ്റിയിലെത്തിയത്. 

പ്രായപരിധി മാനദണ്ഡം കണക്കിലെടുത്ത് ടി കെ ജി നായരെ ഒഴിവാക്കി. ഒഴിവാക്കിയ മറ്റുള്ളവർ അമൃതം ഗോകുലൽ, പ്രകാശ് ബാബു, ജി.അജയകുമാർ. ജില്ലാ സെക്രട്ടേറിയേറ്റിൻ്റെ അം​ഗസംഖ്യ ഒൻപത്തിൽ നിന്നും പത്താക്കി. പി.ആർ.പ്രസാദ്, നിർമല ദേവി, എന്നിവരാണ് പുതിയ സെക്രട്ടറിയേറ്റ് അംഗങ്ങൾ. കെ റെയിലിനെതിരെ ശക്തമായ വിമർശനങ്ങളാണ് മൂന്ന് ദിവസം നിണ്ട സമ്മേളനത്തിൽ ഉയർന്നത്. 

പൊലീസിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം മറുപടി പറഞ്ഞിരുന്നു. പൊലീസിൽ ആർഎസ്എസ് സാന്നിധ്യം ഉണ്ടെന്ന പ്രതിനിധികളുടെ വിമർശനം സമ്മതിക്കുന്നതായിരുന്നു കോടിയേരിയുടെ മറുപടി. വിശ്വാസ സംരക്ഷണം, ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള പാർട്ടി നിയമനം അടക്കം സമ്മേളനത്തിൽ ചർച്ചയായി. ഇന്ന് വൈകിട്ട് അടുരിൽ സമ്മേളനം അവസാനിക്കും.