രണ്ട് സംഭവങ്ങൾക്കും പരസ്പരം ബന്ധമുള്ളതിനാൽ അടൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പത്ത് പേരുടെ പ്രത്യേക സംഘമാകും തുടരന്വേഷണം നടത്തുക

പത്തനംതിട്ട: ഏനാദിമംഗലത്ത് കൊല്ലപ്പെട്ട സുജാതയുടെ മക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. സുജാതയുടെ സംസ്കാരത്തിന് ശേഷമാണ് പോലീസ് ഇവരെ പിടികൂടിയത്. സുജാതയുടെ മക്കളായ സൂര്യലാൽ, ചന്ദ്രലാൽ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച മണ്ണെടുപ്പുമായി ബന്ധപ്പെട്ട് മുളയങ്കോട് ഉണ്ടായ അക്രമത്തിലെ പ്രതികളാണ് ഇരുവരും.

ശനിയാഴ്ച രാത്രിയിലാണ് മുളയംങ്കോട് സ്വദേശി സന്ധ്യയും അയൽവാസിയായ ശരണും തമ്മിൽ സന്ധ്യയുടെ വസ്തുവിലെ മണ്ണ് നീക്കുന്നതിനെ ചൊല്ലി തർക്കമുണ്ടായത്. ഈ തർക്കത്തിലാണ് മണ്ണ് എടുക്കാൻ ചുമതലപ്പെടുത്തിയവർക്ക് വേണ്ടി സുജാതയുടെ മക്കളായ സൂര്യലാലും ചന്ദ്രലാലും ഇടപെട്ടത്. എതിർ ഭാഗത്തുണ്ടായിരുന്നവരെ ഇവർ ആക്രമിക്കുകയും കൊച്ചുകുട്ടികളെ അടക്കം പട്ടിയെ കൊണ്ട് കടിപ്പിക്കുകയും ചെയ്തു.

ഇതിന്റെ വൈരാഗ്യം തീർക്കാനാണ് അനീഷിന്റെ നേതൃത്വത്തിൽ മുളയങ്കോടുള്ള ചെറുപ്പക്കാർ സുജാതയുടെ വീട് ആക്രമിച്ചത്. സൂര്യലാലിനെയും ചന്ദ്രലാലിനെയും മർദ്ദിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംഘം എത്തിയത്. എന്നാൽ ഇവരെത്തുമ്പോൾ ഇരുവരും വീട്ടിലില്ലായിരുന്നു. വീട് തല്ലിത്തകർക്കുന്നതിനിടയിലാണ് സുജാതയുടെ തലയ്ക്ക് കമ്പി വടികൊണ്ട് അടിയേറ്റത്. 15-ഓളം ആളുകളാണ് വീട് ആക്രമിച്ച സംഘത്തിലുള്ളത്. കേസിലെ സാക്ഷിയായ സുജാതയുടെ അയൽവാസി നന്ദിനിയുടെ മൊഴിയാണ് പ്രതികളിലേക്കെത്താൻ പൊലീസിനെ സഹായിച്ചത്. 

കൂടുതൽ പ്രതികളെ ഉടൻ കസ്റ്റഡിയിലെടുക്കും. മണ്ണെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ സൂര്യലാലിനയും ചന്ദ്രലാലിനെയും പ്രതിയാക്കി ഏനാത്ത് പൊലീസാണ് കേസെടുത്തത്. അടൂർ പൊലീസാണ് സുജാതയുടെ കൊലപാതകത്തിന് കേസെടുത്തിരിക്കുന്നത്. രണ്ട് സംഭവങ്ങൾക്കും പരസ്പരം ബന്ധമുള്ളതിനാൽ അടൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പത്ത് പേരുടെ പ്രത്യേക സംഘമാകും തുടരന്വേഷണം നടത്തുക.