ഡിജിറ്റൈസ് ചെയ്ത എന്യൂമെറേഷന്‍ ഫോമുകളുടെ എണ്ണം 51,38, 838 ആയി ഉയർന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ. വോട്ടർമാർ ഓൺലൈനായി 53,254 ഫോമുകൾ സമർപ്പിച്ചിട്ടുണ്ട്. ഇത് മൊത്തം വോട്ടർമാരുടെ 0.19% വരും.  

തിരുവനന്തപുരം : സംസ്ഥാനത്ത് ഡിജിറ്റൈസ് ചെയ്ത എന്യൂമെറേഷന്‍ ഫോമുകളുടെ എണ്ണം 51,38, 838 ആയി ഉയർന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ. ഇത് മൊത്തം വിതരണം ചെയ്ത ഫോമുകളുടെ 18.45% ആണ്. മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് നല്ല പുരോഗതി ദൃശ്യമാണ്. നഗരത്തിലെ ചില കളക്ഷൻ ഹബ്ബുകൾ താൻ സന്ദർശിച്ചതായും ബി എൽ ഒ മാർ വളരെ ഉത്സാഹഭരിതരായാണ് തങ്ങളുടെ കർത്തവ്യം നിറവേറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ചയും ജോലിയിൽ വ്യാപൃതരായ ബി എൽ ഒ മാരെയും അവരുടെ കുടുംബാംഗങ്ങളേയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അഭിനന്ദിച്ചു. 

വോട്ടർമാർ ഓൺലൈനായി 53,254 ഫോമുകൾ സമർപ്പിച്ചിട്ടുണ്ട്. ഇത് മൊത്തം വോട്ടർമാരുടെ 0.19% വരും. വോട്ടർമാരെ കണ്ടെത്താൻ കഴിയാത്ത ഫോമുകളുടെ എണ്ണം 1,64,631 ആയി ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് കൃത്യമായ കണക്കല്ലെന്നും എല്ലാ ബി എൽ ഒ മാരും മുഴുവൻ ഡാറ്റയും ഡിജിറ്റൈസ് ചെയ്തിട്ടില്ലെന്നും യഥാർത്ഥ കണക്ക് ഇതിലും കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ഫോമുകൾ സ്വീകരിക്കുന്നതിനും അവ അപ്‌ലോഡ് ചെയ്യുന്നതിനുമായി ബൂത്ത് ലെവൽ ഓഫീസർമാർ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും ഇലക്ട്രൽ ലിറ്ററസി ക്ലബുകളുടേയും പിന്തുണയോടെ ‘കളക്ഷൻഹബ്ബുകൾ’ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം നാളെയും തുടരുമെന്ന് ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു.