Asianet News MalayalamAsianet News Malayalam

യാത്ര നിരോധനം; ബന്ദിപ്പൂർ പാത പകൽ അടയ്ക്കുന്നതിനെതിരെ പരിസ്ഥിതി പ്രവർത്തകർ രം​ഗത്ത്

ദേശീയപാത 766ല്‍ രാത്രിയാത്രാ നിയന്ത്രണമാവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയില്‍ ആദ്യം ഹർജി നല്‍കിയത് വയനാട് പ്രകൃതി സംരക്ഷണ സമിതിയടക്കമുള്ള പരിസ്ഥിതി പ്രവർത്തകരാണ്.

Environmentalists against day traffic through NH 766 bandipur tiger reserve in wayanad
Author
Wayanad, First Published Oct 10, 2019, 10:28 AM IST

ബത്തേരി: ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള ദേശീയപാത 766ലെ രാത്രിയാത്രാ നിരോധനം പകൽകൂടി നീട്ടാൻ ശ്രമിച്ചാൽ കോടതിയിൽ എതിർക്കുമെന്ന് വയനാട്ടിലെ പരിസ്ഥിതി പ്രവർത്തകർ. പകലും ഗതാഗതനിയന്ത്രണം വേണമെന്ന് കേരളത്തിലെയോ കർണാടകയിലെയോ പരിസ്ഥിതി പ്രവർത്തകരാരും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവർത്തിച്ചു. ദേശീയപാത 766ല്‍ രാത്രിയാത്രാ നിയന്ത്രണമാവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയില്‍ ആദ്യം ഹർജി നല്‍കിയത് വയനാട് പ്രകൃതി സംരക്ഷണ സമിതിയടക്കമുള്ള പരിസ്ഥിതി പ്രവർത്തകരാണ്.

രാത്രിയാത്രാ നിരോധനത്തിനെതിരെ ബത്തേരിയില്‍ നടന്ന ബഹുജന പ്രക്ഷോഭത്തിലുടനീളം സമിതിക്കെതിരെ രൂക്ഷ വിമർശനമാണുയർന്നത്. എന്നാൽ, തങ്ങളൊരിക്കലും പകല്‍ ഗതാഗനിയന്ത്രണം വേണെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും പാത പൂർണമായും അടച്ചാല്‍ അത് വന്യജീവി സംരക്ഷണ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും പ്രവർത്തകർ വിശദീകരിച്ചു.

പകല്‍ പാത അടയ്ക്കുന്നത് ജനവികാരം എതിരാക്കുമെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി വ്യക്തമാക്കി. ബത്തേരിയില്‍ നടന്ന സമരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പരിസ്ഥിതിക്കെതിരാണെന്നുമാണ് സമിതിയുടെ നിലപാട്. വരുന്ന ഒക്ടോബർ 18നാണ് രാത്രിയാത്രാ നിരോധനം സംബന്ധിച്ച കേസ് സുപ്രീംകോടതി ഇനി പരിഗണിക്കുന്നത്.

ബന്ദിപ്പൂർ വനമേഖലയിലൂടെയുള്ള രാത്രിയിലെ ഗതാഗത നിരോധനം പകലും കൂടി നീട്ടാനുള്ള ശ്രമത്തിനെതിരെ വയനാട്ടിലുടനീളം വ്യാപക പ്രതിഷേധമായിരുന്നു ഉയർന്നത്. കഴി‍ഞ്ഞമാസം 25-ന് ഗതാഗത നിരോധനത്തിനെതിരെ ബത്തേരിയിൽ യുവജന കൂട്ടായ്മ സംഘടിപ്പിച്ച ഉപവാസസമരം ഈ മാസം ആറിനാണ് അവസാനിപ്പിച്ചത്. സമരത്തിന്റെ 12-ാം ദിവസത്തിൽ നടന്ന മഹാ ഐക്യദാർഢ്യ സമ്മേളനത്തിൽ മന്ത്രിമാരായ എ കെ ശശീന്ദ്രനും ടി പി രാമകൃഷ്ണനും സമരപന്തലിലെത്തി സർക്കാരിന്‍റെ പൂർണ പിന്തുണ വാഗ്ദാനം ചെയ്തതോടെയാണ് നിരാഹാരമടക്കം സമരക്കാർ അവസാനിപ്പിച്ചത്. എൻഎച്ച് ട്രാൻസ്പോർട്ട് പ്രൊട്ടക്‌ഷൻ ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് യുവജനസംഘടനകൾ സമരം നടത്തിയത്.

Read more:ബന്ദിപ്പൂർ യാത്രാ നിരോധനം: ബത്തേരിയിലെ നിരാഹാര സമരം അവസാനിപ്പിച്ചു

കുട്ടികളും മുതിർന്നവരും അടക്കം ജില്ലയ്ക്കകത്തുനിന്നും പുറത്തുനിന്നും ആയിരങ്ങളാണ് സമരത്തിന് പിന്തുണയുമായി ഒഴുകിയെത്തിയിരുന്നത്. ദേശീയ തലത്തിൽ ശ്രദ്ധ നേടിയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വയനാട് എംപി രാഹുൽ ​ഗാന്ധി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, നേതാക്കളായ ടി സിദ്ദിഖ്, എം കെ രാഘവൻ, കെ സി വേണു​ഗോപാൽ തുടങ്ങിയ നേതാക്കളുൾപ്പെടയുള്ളവർ സമരപ്പന്തലിൽ എത്തിയിരുന്നു.

ദേശീയ പാത 766 കടന്നു പോകുന്നത് രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കടുവാ സങ്കേതത്തിലെ ബഫര്‍ സോണിലൂടെയാണെന്ന് ചൂണ്ടികാട്ടി സുപ്രീംകോടതി നിലവിലെ രാത്രിയാത്ര നിരോധനം പകലും കൂടി നീട്ടാമോ എന്ന് വനം പരിസ്ഥിതി മന്ത്രാലയത്തോട് അഭിപ്രായം തേടിയിരുന്നു. ദേശീയ പാതയില്‍ കഴിഞ്ഞ പത്തു വര്‍ഷമായി നിലനില്‍ക്കുന്ന രാത്രി യാത്രാ നിരോധനത്തിനെതിരെ കേരളം നല്‍കിയ ഹർജി പരി​ഗണിക്കവേയായിരുന്നു സുപ്രീംകോടതിയുടെ നിർദ്ദേശം. നിലവില്‍ രാത്രി കാലത്ത് ഉപയോഗിക്കുന്ന കുട്ട ഗോണിക്കുപ്പ സംസ്ഥാന പാതയിലൂടെ രാത്രി ​ഗതാ​ഗതം ഏർപ്പെടുത്തിയ ശേഷം ബന്ദിപ്പൂര്‍ വഴിയുള്ള പാത പൂര്‍ണമായും അടയ്ക്കുന്നതിനെ കുറിച്ചും സുപ്രീംകോടതി നിർദ്ദേശം തേടിയിരുന്നു.

Read More:ബന്ദിപ്പൂർ യാത്രനിരോധനത്തിനെതിരായ പ്രതിഷേധം; ഐക്യദാർഢ്യവുമായി രാഹുൽ ​ഗാന്ധി സമരപന്തലില്‍

അതേസമയം, ദേശീയപാത പകല്‍ അടച്ചാലും മേഖലയിലെ വന്യജീവികളുടെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് നേരത്തെ വിദ​ഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. വയനാട് കൊല്ലഗല്‍ ദേശീയപാത വഴി കടന്നുപോകേണ്ട വാഹനങ്ങളടക്കം കുട്ട ഗോണിക്കുപ്പ സംസ്ഥാനപാതവഴി പോകുന്ന സാഹചര്യമുണ്ടായാല്‍ ആ പ്രദേശത്തെ മൃഗങ്ങളുടെ ആവാസ വ്യവസ്ഥയ്ക്ക് ഭീഷണിയാകുമെന്ന് വിദഗ്ധർ പറയുന്നു. രാത്രിയാത്ര നിരോധനം നീക്കുന്നത് അപകടകരമായ തീരുമാനമായിരിക്കുമെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.. വയനാട് വന്യജീവി സങ്കേതത്തിലൂടെ 13 കിലോമീറററോളം നീളത്തില്‍ കടന്നുപോകുന്നതാണ് കുട്ട ഗോണിക്കുപ്പ സംസ്ഥാനപാത.

Read More:ദേശീയപാത 766 പകല്‍ അടച്ചാലും വന്യജീവികളുടെ ആവാസവ്യവസ്ഥയെ ബാധിക്കുമെന്ന് വിദഗ്ധര്‍

ദേശീയ പാത 766ല്‍ പകല്‍കൂടി നിരോധനം വന്നാല്‍ ഈ പാതയിലൂടെയുള്ള ഗതാഗതം ഇരട്ടിയലധികമായി വർധിക്കും. രാത്രിയാത്ര നിരോധനം നിലവില്‍വന്നതിന് ശേഷം കുട്ട ഗോണിക്കുപ്പ പാതയിലെ ഗതാഗതത്തെപ്പറ്റി നടത്തിയ പഠനത്തില്‍ എട്ട് മാസത്തിനിടെ മാത്രം 2426 ജീവികള്‍ വാഹനമിടിച്ച് കൊല്ലപ്പെട്ടെന്ന് വ്യക്തമായിരുന്നു. ചുരുക്കത്തില്‍ ദേശീയപാത 766ല്‍ പകല്‍കൂടി ഗതാഗത നിയന്ത്രണം വന്നാല്‍ നീലഗിരി ജൈവമണ്ഡലത്തിനുതന്നെ ഭീഷണിയാകും. 

Follow Us:
Download App:
  • android
  • ios