Asianet News MalayalamAsianet News Malayalam

ബന്ദിപ്പൂർ യാത്രനിരോധനത്തിനെതിരായ പ്രതിഷേധം; ഐക്യദാർഢ്യവുമായി രാഹുൽ ​ഗാന്ധി സമരപന്തലില്‍

ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനം നീക്കണമെന്നാവശ്യപ്പെട്ടുള്ള സംയുക്ത സമരസമിതിയുടെ അനിശ്ചിതകാല നിരാഹാര സമരം പത്താംദിവസവും തുടരുകയാണ്. 

rahul gandhi visits protesters who protest against day traffic in bandipur tiger reserve in wayanad
Author
Wayanad, First Published Oct 4, 2019, 10:14 AM IST

കൽപറ്റ: ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനത്തിനെതിരെ ബത്തേരിയിൽ വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വയനാട് എംപി രാഹുൽ ​ഗാന്ധി സമര പന്തലിലെത്തി. ഉപവാസ സമരം നടത്തിയതിനെ തുടർന്ന് ആരോ​ഗ്യസ്ഥിതി മോശമായി വയനാട് വിനായക ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ രാഹുൽ ഗാന്ധി സന്ദർശിച്ചു. ‌വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് രാഹുൽ​ ​ഗാന്ധി സമരപന്തലിൽ എത്തിയത്.

നിലവിൽ നിരാഹാരമിരിക്കുന്ന അ‍ഞ്ച് യുവനേതാക്കളെ രാഹുൽ ​ഗാന്ധി സന്ദർശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, നേതാക്കളായ ടി സിദ്ദിഖ്, എം കെ രാഘവൻ, കെ സി വേണു​ഗോപാൽ തുടങ്ങിയ നേതാക്കളുടെ ഒരുനിര തന്നെ രാഹുൽ ​ഗാന്ധിക്കൊപ്പം സമരപന്തലിലെത്തിയിരുന്നു.

വന്യജീവികളെ സംരക്ഷിക്കണം എന്നോർമിപ്പിച്ച് കൊണ്ടായിരുന്നു രാഹുൽ ഗാന്ധി സരമപ്പന്തരിലെത്തിയ ജനങ്ങളെ അഭിസംബോധന ചെയ്തത്. വയനാടിനെ ഒറ്റപ്പെടുത്തുന്നതായി പരാതികൾ ലഭിക്കുന്നതായി രാഹുൽ ഗാന്ധി പറഞ്ഞു. ഈ ജില്ലയെ അനുഭാവപൂർവം പരിഗണിക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യം. വയനാടിന്റെ പ്രശ്നത്തോടൊപ്പം വന്യമൃഗങ്ങളെ സംരക്ഷിക്കുകയും വേണം.

നിയപരമായി ബുദ്ധിപരമായി ഈ വിഷയം പരിഹരിക്കാനാകും എന്നെനിക്ക് ഉറപ്പുണ്ടെന്നും രാഹുൽ ​ഗാന്ധി അദ്ദേഹം വ്യക്തമാക്കി. സമരത്തിന് പിന്തുണയറിയിച്ച് രാഹുൽ ​ഗാന്ധി നേരത്തെ ​രം​ഗത്തെത്തിയിരുന്നു. കേരളത്തിലെയും കര്‍ണാടകയിലെയും ജനങ്ങള്‍ക്ക് വലിയ ദുരിതം സമ്മാനിക്കുന്നതാണ് ദേശീയ പാത 766ലെ രാത്രിയാത്രാ നിരോധനമെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു.

Read More:ദേശീയ പാത 766ലെ ഗതാഗത നിരോധനം; ഉപവസിക്കുന്നവര്‍ക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി

ദേശീയപാതാ 766ൽ നിലവിൽ ഏർപ്പെടുത്തിയ രാത്രിയിലെ ഗതാഗത നിരോധനം പകലും കൂടി നീട്ടാനുള്ള ശ്രമത്തെ ചെറുക്കാൻ കൂടിയാണ് വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിൽ പ്രതിഷേധം ആരംഭിച്ചത്. ദേശീയ പാത 766 കടന്നു പോകുന്നത് രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കടുവാ സങ്കേതത്തിലെ ബഫര്‍ സോണിലൂടെയാണെന്ന് ചൂണ്ടികാട്ടി സുപ്രീംകോടതി നിലവിലെ രാത്രിയാത്ര നിരോധനം പകലും കൂടി നീട്ടാമോ എന്ന് വനം പരിസ്ഥിതി മന്ത്രാലയത്തോട് അഭിപ്രായം തേടിയിരുന്നു.

ദേശീയ പാതയില്‍ കഴിഞ്ഞ പത്തു വര്‍ഷമായി നിലനില്‍ക്കുന്ന രാത്രി യാത്രാ നിരോധനത്തിനെതിരെ കേരളം നല്‍കിയ ഹർജി പരി​ഗണിക്കവേയായിരുന്നു സുപ്രീംകോടതിയുടെ നിർദ്ദേശം. നിലവില്‍ രാത്രി കാലത്ത് ഉപയോഗിക്കുന്ന മാനന്തവാടി- കുടക് വഴിയുള്ള ബദല്‍ റോഡ് ദേശീയ പാതയാക്കിയ ശേഷം ബന്ദിപ്പൂര്‍ വഴിയുള്ള പാത പൂര്‍ണമായും അടയ്ക്കുന്നതിനെ കുറിച്ചും സുപ്രീംകോടതി നിർദ്ദേശം തേടിയിരുന്നു. റോഡ് പൂര്‍ണമായും അടയ്ക്കാനുള്ള നീക്കം വയനാടിനെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. 

രാത്രിയാത്രാ നിരോധനം നീക്കണമെന്നാവശ്യപ്പെട്ടുള്ള സംയുക്ത സമരസമിതിയുടെ അനിശ്ചിതകാല നിരാഹാര സമരം പത്താംദിവസവും തുടരുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി അഞ്ച് യുവനേതാക്കളാണ് ഉപവാസം ആരംഭിച്ചത്. പിന്നീട് ഇവരുടെ നില മോശമായതിനെ തുടർന്ന് മറ്റ് അഞ്ച് നേതാക്കള്‍ നിരാഹാരസമരവുമായി എത്തുകയായിരുന്നു.ഇവരുടെ ആരോഗ്യസ്ഥിതിയും വളരെ മോശമായിക്കൊണ്ടിരിക്കുകയാണ്.

അതേസമയം, ഒക്ടോബർ 14ന് രാത്രിയാത്രാ നിരോധനം സംബന്ധിച്ച കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കാനിരിക്കവെ കർണാടകയുടെയും കേന്ദ്രവനം വകുപ്പിന്റെയും സത്യവാങ്മൂലം വളരെ നിർണ്ണായകമാണ്. റോഡിന് ബദൽപാതയില്ലെന്നും ജനവികാരത്തിന് അനുസൃതമായ സത്യവാങ്മൂലം കേന്ദ്ര മന്ത്രാലയങ്ങൾ കോടതിയിൽ നൽകണമെന്നുമാണ് സമരക്കാരുടെ ആവശ്യം.

ബന്ദിപ്പൂര്‍ വനമേഖലയിലൂടെ കടന്നുപോകുന്ന ദേശീയപാതയില്‍ രാത്രി ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി 2010 ലാണ് കര്‍ണാടക ഹൈക്കോടതി ഉത്തരവിറക്കിയത്. വന്യജീവികള്‍ക്ക് കനത്തഭീഷണിയുയര്‍ത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോതി ഉത്തരവ് പുറപ്പെടുവിച്ചത്. മൈസൂർ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനസര്‍ക്കാര്‍, എന്‍എച്ച്- എന്‍ഡ് റയില്‍വേ ആക്ഷന്‍കമ്മിറ്റി എന്നിവരായിരുന്നു സുപ്രീംകോടതിയില്‍ പ്രത്യേക അനുമതി ഹര്‍ജി നല്‍കിയത്.  

യാത്രാനിരോധനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വനം പരിസ്ഥിതി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

യാത്രാനിരോധനവുമായി ബന്ധപ്പെട്ട് കേരളം ഉന്നയിച്ച ആശങ്കകൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശ്നം വനം പരിസ്ഥിതി മന്ത്രാലയത്തിലെ പ്രത്യേക സമിതി പഠിക്കുമെന്ന്‌‌‌‌ കേന്ദ്രം ഉറപ്പുനൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. ബന്ദിപ്പൂർ റോഡിലൂടെയുള്ള യാത്രയ്ക്ക് പകരം നിർദേശിച്ച പാതയുടെ പ്രായോഗിക ബുദ്ധിമുട്ടുകൾ മുഖ്യമന്ത്രി ചർച്ചയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തോൽപ്പെട്ടി - നാഗർഹോള സംസ്ഥാന പാതയെ ദേശീയ പാതയാക്കി പ്രശ്‌നം പരിഹരിക്കാമെന്ന് നിർദേശിച്ചിരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. 

Read More:വയനാട്ടിലെ രാത്രിയാത്രാ നിരോധനം; കേന്ദ്രത്തിന്‍റെ അടിയന്തര ഇടപെടല്‍ തേടിയെന്ന് മുഖ്യമന്ത്രി

ബന്ദിപ്പൂർ യാത്രനിരോധനത്തിനെതിരെ വിദ്യാർഥികളുടെ മഹാറാലി

യാത്രനിരോധനത്തിനെതിരെ ബത്തേരിയിൽ യുവജന സംഘടനകൾ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ആയിരക്കണക്കിന് വിദ്യാർഥികളാണ് നിരത്തിലിറങ്ങി പ്രതിഷേധിച്ചത്. വയനാട് കണ്ട വിദ്യാർഥികളുടെ ഏറ്റവും വലിയ റാലിയായിരുന്നു സരമത്തിന്റെ ഭാ​ഗമായി നടന്നത്.

Read More: ബന്ദിപ്പൂർ ദേശീയ പാതയിലൂടെയുള്ള യാത്രാ നിരോധനം പകലും നീളും; പ്രതിഷേധവുമായി യുവജന സംഘടനകള്‍

ദേശീയപാത അടയ്ക്കരുതേ, ആസാദി തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് കുട്ടികൾ സമരം ചെയ്തത്. ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള കുട്ടികൾ സർവജന സ്കൂൾ പരിസരത്ത് സംഗമിച്ചാണ് റാലിയായി നഗരം ചുറ്റിയത്. എൻഎച്ച് ട്രാൻസ്പോർട്ട് പ്രൊട്ടക്‌ഷൻ ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് യുവജനസംഘടനകൾ സമരം നടത്തുന്നത്. 

 

 

 

 

 

 

 

 

 

 

 

Read more: ബന്ദിപ്പൂർ രാത്രിയാത്രാ നിരോധനം: വിട്ടുവീഴ്ചക്കില്ലാതെ കർണാടകം, കൂടുതൽ പ്രക്ഷോഭ നടപടിയിലേക്ക് സമരസമിതി


 

Follow Us:
Download App:
  • android
  • ios