Asianet News MalayalamAsianet News Malayalam

ബന്ദിപ്പൂർ യാത്രാ നിരോധനം: ബത്തേരിയിലെ നിരാഹാര സമരം അവസാനിപ്പിച്ചു

ഗതാഗത മന്ത്രിയടക്കം സമരപ്പന്തലിൽ നേരിട്ടെത്തി പിന്തുണ ആവർത്തിക്കുന്നതോടെയാണ് സമരത്തിന്‍റെ ഒന്നാംഘട്ടം അവസാനിപ്പിക്കാന്‍ ധാരണയായത്. 

protest ended against night travel ban in wayanad
Author
Wayanad, First Published Oct 6, 2019, 6:00 PM IST

വയനാട്: ബന്ദിപ്പൂർ വനമേഖലയിലൂടെയുള്ള ഗതാഗത നിയന്ത്രണത്തിനെതിരെ ബത്തേരിയിൽ യുവജന കൂട്ടായ്മ സംഘടിപ്പിച്ച സമരം അവസാനിപ്പിച്ചു. മന്ത്രിമാരായ എ കെ ശശീന്ദ്രനും ടി പി രാമകൃഷ്ണനും സമരപന്തലിലെത്തി സമരക്കാർക്ക് സർക്കാരിന്‍റെ പൂർണ പിന്തുണ വാഗ്ദാനം നൽകുന്നതോടെയാണ് നിരാഹാരമടക്കം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. 

സമരത്തിന്റെ 12-ാം ദിവസമായ ഇന്നും ദേശീയപാത 766 ലെ നിയന്ത്രങ്ങൾക്കെതിരെ പ്രതിഷേധം അണപൊട്ടി. ജില്ലയ്ക്കകത്തുനിന്നും പുറത്തുനിന്നും ആയിരങ്ങളാണ് പിന്തുണയുമായി ഒഴുകിയെത്തിയത്. തുടർന്ന് നടന്ന മഹാ ഐക്യദാർഢ്യ സമ്മേളനത്തിലാണ് മന്ത്രിമാരടക്കം പ്രമുഖ നേതാക്കൾ പങ്കെടുത്തത്. ബന്ദിപ്പൂർ യാത്രാ നിരോധന വിഷയത്തിൽ സർക്കാരിന്റെ പൂർണ പിന്തുണ ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ വേദിയിൽ പ്രഖ്യാപിച്ചു. 

സുപ്രീംകോടതിയിൽ കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം നൽകുന്ന സത്യവാങ്മൂലം എതിരായാൽ കേരളസർക്കാർ ഇടപെടുമെന്നും മികച്ച അഭിഭാഷകരെ നിയോഗിക്കുമെന്നും മന്ത്രി ശശീന്ദ്രൻ സമരക്കാരെ അറിയിച്ചു. ശക്തമായ പിന്തുണ നൽകുമെന്ന് മന്ത്രി ടി പി രാമകൃഷ്ണനും വ്യക്തമാക്കി. സംസ്ഥാന നിയമസഭ ഒന്നടങ്കം വയനാടിനൊപ്പം നിൽക്കുമെന്ന് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണനും അറിയിച്ചു. തുടർന്ന്, യുവനേതാക്കളോട് സമരം അവസാനിപ്പിക്കാൻ മന്ത്രിമാർ അഭ്യർത്ഥിച്ചു. 

പന്ത്രണ്ടാം ദിവസമെത്തിയ പ്രക്ഷോഭത്തിലൂടെ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ പിന്തുണ ഉറപ്പാക്കാനായെന്ന വിലയിരുത്തലിലാണ് സംയുക്ത സമര സമിതി. നിരാഹാരം താല്‍ക്കാലികമായി അവസാനിപ്പിക്കുകയാണെന്നും എന്നാൽ, പകൽ കൂടി ഗതാഗത നിയന്ത്രണം നീട്ടാനുള്ള നീക്കം കോടതി ആവർത്തിച്ചാൽ പ്രക്ഷോഭം പുനരാരംഭിക്കുമെന്നും സമരക്കാർ വ്യക്തമാക്കി. വരുന്ന നിയമസഭാ സമ്മേളനത്തിലടക്കം വിഷയം ഉന്നയിക്കുമെന്നും നേതാക്കൾ അറിയിച്ചു. വരുന്ന ഒക്ടോബർ 18 നാണ് രാത്രിയാത്രാ നിരോധനം സംബന്ധിച്ച കേസ് ഇനി സുപ്രീംകോടതി പരിഗണിക്കുന്നത്. 

Follow Us:
Download App:
  • android
  • ios