കല്‍പ്പറ്റ: വന്യമൃഗങ്ങളുടെ ശരീരം അലങ്കാരത്തിനായി ഉപയോഗിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കി പരിസ്ഥിതി പ്രവർത്തകർ. പാലക്കാട്ടെ ഗർഭിണിയായ ആനയുടെ ദാരുണമരണത്തിന്‍റെ പശ്ചാത്തലത്തിലാണ് വയനാട് കളക്ടറേറ്റില്‍ സൂക്ഷിച്ചിട്ടുള്ള ആനക്കൊന്പടക്കം നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാക്കുന്നത്. മുഖ്യമന്ത്രിക്ക് പരാതി നല്‍കാനാണ് തീരുമാനം.

വയനാട് കളക്ടറുടെ ചേംബർ വർഷങ്ങളായി അലങ്കരിക്കുന്നത് ഈ ആനക്കൊമ്പുകളാണ്. ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ വനംവകുപ്പിന്‍റെ പ്രത്യേക ലൈസന്‍സ് വേണം. വയനാട് കളക്ടറേറ്റില്‍ ആനക്കൊന്പ് പ്രദർശിപ്പിക്കാന്‍ വനംവകുപ്പ് പ്രത്യേക അനുമതി നല്‍കിയിട്ടുണ്ടെന്നാണ് വിവരാവകാശനിയമപ്രകാരമുള്ള മറുപടി. ഇത് വന്യജീവി സംരക്ഷണ നിയമങ്ങൾക്ക് വിരുദ്ദമായ നടപടിയാണെന്നാണ് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നത്.

ഇത്തരത്തില്‍ കേരളത്തിലെ പല സർക്കാർ സ്ഥാപനങ്ങളിലും ആനക്കൊന്പ്, മൃഗത്തോല്‍, മാന്കൊന്പ് മുതലയാവ സൂക്ഷിച്ചിട്ടുണ്ടെന്നും ഇത് മൃഗവേട്ടയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നുമാണ് ആരോപണം. എന്നാല്‍ വയനാട് കളക്ടറേറ്റിലൊഴികെ മറ്റൊരു സർക്കാർ സ്ഥാപനങ്ങളിലും വന്യജീവികളുടെ ശരീരഭാഗങ്ങൾ അലങ്കാരത്തിനായി പ്രദർശിപ്പിക്കുന്നില്ലെന്നാണ് വനംവകുപ്പുദ്യോഗസ്ഥരുടെ പ്രതികരണം.