സി പി എം പ്രതിഷേധത്തിൽ ഒരിടത്തും അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു
തിരുവനന്തപുരം: എ കെ ജി സെന്‍ററിന് നേരെയുണ്ടായ ആക്രമണത്തിന് (akg centre attack)പിന്നിൽ കോൺഗ്രസ് (congress)ആണെന്ന് ആവർത്തിച്ച് എൽ ഡി എഫ് കൺവീനർ(ldf convenor) ഇ പി ജയരാജൻ(ep jayarajan). തന്‍റെ തിരക്കഥയാണ് എ കെ ജി സെന്‍റർ ആക്രമണമെന്ന കെ സുധാകരന്‍റെ ആരോപണത്തെ പരിഹസിച്ച് തളളുന്നുവെന്ന് ഇ പി ജയരാജൻ പറഞ്ഞു.
രാഹുൽ ഗാന്ധി കേരളത്തിൽ എത്തുന്ന സമയത്ത് കോൺഗ്രസ് ആക്രമിക്കില്ലെന്ന വാദത്തിന് അടിസ്ഥാനമില്ല. അവർ അങ്ങനെ കരുതിയാകും അക്രമം നടത്തിയത്. ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണം. സി പി എം പ്രതിഷേധത്തിൽ ഒരിടത്തും അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.എ കെ ജി സെന്‍റർ ആക്രമണത്തിനെതിരെ തിരുവനന്തപുരത്ത് സി പി എം സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ സംസാരിക്കുകയായിരുന്നു എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ.
എകെജി സെന്ററിനെതിരെ നടന്നത് ബോബേറാണ്. ഈ ബോംബെറ് ആസൂത്രിതമാണ്. ഇതിന പിന്നിൽ കോൺഗ്രസുകാരാണ്. എകെജി സെന്‍ററിന് ബോംബ് എറിയുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ ഇന്നലെ പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസുകാര്‍ മുഖ്യമന്ത്രിയെ അടക്കം ആക്രമിക്കാന്‍ പോയവരാണ്. വിമാനത്തിൽ കണ്ടതും ഈ തരത്തിലുള്ള പ്രതിഷേധം ആണെന്നും ഇ പി ജയരാജൻ പ്രതികരിച്ചിരുന്നു.

കോൺഗ്രസ് നേതാക്കളുടെ പ്രതികരണം
ഇന്നലെ രാത്രിയിൽ എ കെ ജി സെന്‍ററിന് നേരെ ആക്രമണം ഉണ്ടായ ഉടൻ സ്ഥലത്തെത്തിയ എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ ആണ് ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന ആരോപണം ആദ്യം ഉന്നയിച്ചത്. ഇതിന് പിന്നാലെ എ വിജയരാഘവനും മന്ത്രി മുഹമ്മദ് റിയാസും അടക്കമുള്ളവർ ഈ ആരോപണം ആവർത്തിച്ചിരുന്നു. ഇതിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ബോംബേറ് കോൺഗ്രസ് ശൈലി അല്ലെന്ന് വ്യക്തമാക്കിയ കോൺഗ്രസ് നേതാക്കൾ എങ്ങനെയാണ് , എന്ത് തെളിവിന്‍റെ അടിസ്ഥാനത്തിലാണ് കോൺഗ്രസുകാരാണ് പ്രതികളെന്ന് ആരോപിക്കുന്നതെന്ന് മറുചോദ്യം ചോദിച്ചു. തെളിവുണ്ടെങ്കിൽ അത വ്യക്തമാക്കാനും ആവശ്യപ്പെട്ടു. എല്ലാ വശത്തും സി സി ടി വി ക്യാമറയുള്ള എ കെ ജി സെൻററിൽ അക്രമം നടത്തിയ പ്രതിയെ കുറിച്ച് ഒരു വ്യക്തതയും ഇല്ലാത്തതിനേയും കോൺഗ്രസ് വിമർശിച്ചു.
എകെജി സെന്‍ററിനെതിരായ ആക്രമത്തിന് പിന്നിലെ തിരക്കഥ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍റെതാണെന്നും കോണ്‍ഗ്രസിനും യുഡിഎഫിനും പങ്കില്ലെന്നും കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി പറഞ്ഞു .അക്രമത്തെ കോണ്‍ഗ്രസ് ശക്തമായി അപലപിക്കുന്നു. അക്രമത്തിന്‍റെ മുന്‍പന്തിയില്‍ എന്നും സിപിഎമ്മാണുള്ളതെന്നും കോണ്‍ഗ്രസല്ലെന്നും സുധാകരന്‍ പറഞ്ഞു
എന്ത് അക്രമം നടത്താനും സിപിഎമ്മിന് തിരുവനന്തപുരത്ത് ഗുണ്ടകളുടെ സംവിധാനമുണ്ട്. രാഹുല്‍ ഗാന്ധിയുടെ കേരളസന്ദര്‍ശനത്തിന്‍റെ പ്രാധാന്യം കുറയ്ക്കുകയായിരുന്നു സിപിഎമ്മിന്‍റെ ലക്ഷ്യം.രാഹുല്‍ ഗാന്ധി കേരളത്തിലെത്തുന്ന ദിവസം, പ്രത്യേകിച്ച് അദ്ദേഹത്തിന്‍റെ ഓഫീസ് എസ്എഫ് ഐക്കാര്‍ തകര്‍ത്തതിന് ശേഷം ആദ്യമായി എത്തുമ്പോള്‍ അതിന്‍റെ പ്രസ്കതി തകര്‍ക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിക്കുമെന്ന് ആരെങ്കിലും കരുതുന്നുയെങ്കില്‍ അവരാണ് മണ്ടന്‍മാര്‍.
എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ അക്രമത്തിന്‍റെ ഉത്തരവാദിത്തം കോണ്‍ഗ്രസിന്‍റെ തലയില്‍ കെട്ടിവെയ്ക്കുന്നത് , അക്രമം നേരിൽ കണ്ട് ബോധ്യംവന്നത് പോലെയാണ്. എകെജി സെന്‍ററിന് ചുറ്റും സിസിസി ടിവി സുരക്ഷയുണ്ട്. അതിലൊന്നും മുഖം പെടാതെ ഒരു വ്യക്തി അക്രമം നടത്തി പോകണമെങ്കില്‍ അയാള്‍ക്ക് എകെജി സെന്‍ററുമായി പരിചയമുള്ള ആളാണോയെന്ന് സംശയിക്കേണ്ടിരിക്കുന്നു.
അക്രമം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും അക്രമികളെ പോലീസ് തിരിച്ചറിഞ്ഞിട്ടില്ല. പുറത്ത് വന്ന അക്രമ ദൃശ്യങ്ങളില്‍ പ്രതികളെ വ്യക്തമല്ല. അപ്പോഴാണ് ഇപി ജയരാജന്‍ അക്രമം നടന്ന് സെക്കന്‍റുകള്‍ക്കുള്ളില്‍ അത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ആരോപിക്കുന്നത്. വിമാനത്തിലെ പ്രതിഷേധത്തിന് കഥയും തിരക്കഥയും ഉണ്ടാക്കിയ വ്യക്തിയാണ് ഇപി ജയരാജന്‍. രാഹുല്‍ ഗാന്ധിയുടെ കേരള പര്യടനത്തിന്‍റെ മഹത്വം കുറയ്ക്കാന്‍ ഇപി ജയരാജന്‍റെ അറിവോടെ നടന്ന അക്രമണമാണിതെന്ന് സംശയിക്കേണ്ടിരിക്കുന്നുവെന്നും കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചു
ഇ പി ജയരാജൻ പ്രതിഷേധ മാർച്ചിൽ പറഞ്ഞത്
ഇന്നലെ എകെജി സെൻറർ ആക്രമിച്ചു. കറുത്ത വസ്ത്രംധരിച്ചവൻ വന്ന് പോയി.ബാഗിൽ നിന്ന് ബോംബ് എടുത്ത് എറിഞ്ഞു.പോലീസില്ലാത്ത ഭാഗത്തേക്ക് എറിഞ്ഞു.കെട്ടിടം തകർന്ന് വീഴുന്ന ശബ്ദമായിരുന്നു. ഓഫീസിലുള്ളവർ ഞെട്ടിവിറച്ചു. ഭീകരപ്രവർത്തനമാണ് നടന്നത്. ഈ സംഭവത്തെ കോൺഗ്രസ് നേതാക്കൾ അപലപിച്ചോ?
അക്രമികളെ പിടികൂടണം.ശക്തമായ നടപടി വേണം.ജനങ്ങൾക്ക് വികാരമുണ്ടെന്ന് നമുക്കറിയാം.പക്ഷേ ആത്മസംയമനം പാലിക്കണം.അനിഷ്ട സംഭവം ഉണ്ടാവരുത്. അനിഷ്ട സംഭവം ഉണ്ടായി എന്ന് വ്യാഖ്യാനിക്കുകയാണ്. ഇന്നലെ പ്രതിഷേധവുമായി എത്തിയ പ്രവർത്തകർ എന്തും ചെയ്യും എന്ന രീതിയിലായിരുന്നു.എന്നിട്ടും ശാന്തരായി പ്രകടനം നടത്തി
കരുത്തും നിശ്ഛയദാർഢ്യവുമുള്ള മുഖ്യമന്ത്രിയാണ് പിണറായിഒരു മാടൻ എന്താണ് പ്രസംഗിക്കുന്നത്. ഇങ്ങനെയാണോ പ്രസംഗിക്കേണ്ടത്. മുഖ്യമന്ത്രിയുടെ കുടുംബത്തെ ആക്ഷേപിക്കുന്നു. മുഖ്യമന്ത്രിയെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തി തോൽപിക്കാമെന്നാണോ . ഇതുപോലെ മാടൻറെ കുടുംബത്തെ പറഞ്ഞാലോ. കോൺഗ്രസിൻറെ നിലവാരം തകർന്നു.കേരളത്തിൽ വ്യാപകമായി അക്രമം നടത്തുന്നു.കോൺഗ്രസ് നിലവാരമില്ലാത്ത പാർട്ടിയാണ്.സ്വപ്ന മുമ്പ് പറഞ്ഞത് ഇപ്പോഴും പറയുന്നു. അതിലെന്ത് അന്വേഷണമാണ് വേണ്ടത്. ഞങ്ങൾ രാഷ്ട്രീയത്തിന് മാന്യത കൽപിക്കുന്നവരാണ്.രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമിച്ചത് സിപിഎം അപ്പാടെ അപലപിച്ചു.സർക്കാർ ശക്തമായ നടപടി എടുത്തു.എന്നിട്ടും കോൺഗ്രസ് വ്യാപകമായി ആക്രമണം നടത്തി.എൽഡിഎഫ് സഹന ശക്തിയോടെ മുന്നോട്ട് പോവുകയാണ്.കുബുദ്ധിക്ക് മുന്നിൽ സിപിഎം പ്രവർത്തകർ വീണുപോകരുത്.ദേശാഭിമാനി ലേഖകനെ പ്രതിപക്ഷ നേതാവ് ഭീഷണിപ്പെടുത്തി. ഇറങ്ങിപ്പോകാൻ പറഞ്ഞു. ആരൂടെ ചെലവിലും അല്ല പത്രക്കാർ പോയത്
മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിൽ പ്രതിഷേധവുമായി എത്തിയവർ ക്രിമിനലുകൾ ആണ്.ഇവരാണ് മുഖ്യമന്ത്രിയെ ആക്രമിക്കാൻ നോക്കിയത്.ആ ക്രിമിനലുകളെ റിമാൻഡ് ചെയ്തു. അവർ പുറത്തിറങ്ങിയപ്പോൾ കോൺഗ്രസ് നേതാക്കൾ മാലയിട്ട് സ്വീകരിച്ചില്ലേ. കൊലയാളികളെയും ഗുണ്ടകളെയും കൊണ്ടുനടക്കുന്നു. സുധാകരൻ കണ്ണൂർ ഡിസിസി പ്രസിഡണ്ടായപ്പോഴാണ് ഡിസിസി ഓഫീസിൽ ബോംബ് നിർമിച്ചത്. അത് മാധ്യമങ്ങളിൽ വന്നതാണ്. ബോംബുകൾ കോൺഗ്രസ് നേതാവ് പരിചയപ്പെടുത്തിക്കൊടുത്തു. ഇതെല്ലാം നാട്ടുകാർ മറന്നിട്ടില്ല.
ട്വൻറി ട്വൻറി വോട്ട് വാങ്ങിയാണ് യുഡിഎഫ് തൃക്കാക്കരയിൽ കോൺഗ്രസ് ജയിച്ചത്. ബിജെപി എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി വോട്ടും വാങ്ങി.ജയിച്ച അഹങ്കാരത്തിൻറെ മറവിലാണ് എൽഡിഎഫിനെ തകർക്കാൻ നോക്കുന്നത്.അതിനിടയിലാണ് സ്വപ്ന വരുന്നത്.ആർഎസ്എസ് നേതൃത്വം നൽകുന്ന സ്ഥാപനമാണ് സ്വപ്നയ്ക്കുള്ള പിന്തുണ.ആർഎസ്എസ്സുകാർ തലയ്ക്ക് വില പറഞ്ഞ നേതാവാണ് പിണറായി വിജയൻ
