Asianet News MalayalamAsianet News Malayalam

കനത്ത മഴ: എറണാകുളം ജില്ലയിലും അതീവ ജാഗ്രത, കിഴക്കൻ മേഖലയിൽ മഴ തുടരുന്നു

സംസ്ഥാനത്ത് ആറ് ഡാമുകളിൽ നിലവിൽ റെഡ് അലർട്ട് തുടരുകയാണ്.  പൊന്മുടി, കല്ലാർകുട്ടി, ലോവർ പെരിയാർ, ഇരട്ടയാർ, മൂഴിയാർ, കുണ്ടള ഡാമുകളിലാണ് റെഡ് അലർട്ട്.

Ernakualm rain update
Author
Periyar River, First Published Aug 5, 2022, 12:04 AM IST

കൊച്ചി: സംസ്ഥാന വ്യാപകമായി കനത്ത മഴ തുടരുമ്പോൾ എറണാകുളം ജില്ലയിൽ അതീവ ജാഗ്രത തുടരുന്നു. ആദ്യം വെള്ളമെത്തുന്ന ആലുവയിലും പുത്തൻവേലിക്കരയിലും ജലനിരപ്പ് കൂടിയെങ്കിലും പ്രളയസമാനമായ അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ല. വൈകുന്നേരത്തിന് ശേഷം എറണാകുളം നഗരമേഖലയിൽ മഴ മാറി നിൽക്കുന്നുണ്ടെങ്കിലും ജില്ലയുടെ മലയോരമേഖലകളിൽ കനത്ത മഴ പെയ്താൽ നഗരമേഖല വെള്ളത്തിലാവും എന്ന  ആശങ്ക ബാക്കിയാണ്. എറണാകുളം, ഇടുക്കി ജില്ലകളിലെ ഡാമുകൾ തുറന്നാലും പെരിയാറിൽ ജലനിരപ്പ് ഉയരും. 

സംസ്ഥാനത്ത് ആറ് ഡാമുകളിൽ നിലവിൽ റെഡ് അലർട്ട് തുടരുകയാണ്.  പൊന്മുടി, കല്ലാർകുട്ടി, ലോവർ പെരിയാർ, ഇരട്ടയാർ, മൂഴിയാർ, കുണ്ടള ഡാമുകളിലാണ് റെഡ് അലർട്ട്. പെരിങ്ങൽക്കൂത്ത്, മീങ്കര, മംഗലം ഡാമുകളിൽ ഓറഞ്ച് അലർട്ടാണ്. വലിയ ഡാമുകളിൽ നിലവിൽ ആശങ്കയുടെ സാഹചര്യമില്ലെങ്കിലും, പരമാവധി സംഭരണശേഷിയിലക്ക്  എത്തിക്കാതെ ക്രമീകരണം തുടരാനാണ് നിലവിലെ തീരുമാനം.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് കണ്ണൂർ തുടങ്ങി എട്ട് ജില്ലകളിലാണ് റെഡ് അലർട്ട്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരത്ത് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രിവരെ തൃശ്ശൂർ, ഇടുക്കി, കോട്ടയം,എറണാകുളം ജില്ലകളിലെ മലയോരമേഖലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. രാത്രിയോടെ പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിലേക്ക് മഴ മാറിയേക്കും. അറബിക്കടലിൽ നിന്നുള്ള പടിഞ്ഞാറൻ കാറ്റിൻ്റെ ഗതിയും വേഗതയും കൂടുതൽ മഴയ്ക്ക് അനുകൂലമാണ്. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും മഴയ്ക്ക് കാരണമാണ്. ഇത് ഞായറാഴ്ചയോടെ ന്യൂനമർദ്ദമായി മാറിയേക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നു. മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നതിന് നിലവിൽ വിലക്കുണ്ട്. നാളെ ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും. 
 

 

Latest Videos
Follow Us:
Download App:
  • android
  • ios