ആദായനികുതി വകുപ്പിന് പിഴയടച്ചു എന്ന പ്രചാരണം തെറ്റാണെന്ന് അതിരൂപത. 2016-17 സാമ്പത്തിക വർഷത്തിൽ അതിരൂപതയ്ക്ക് സ്ഥല വിൽപനയിലൂടെ ലഭിച്ച വരുമാനത്തിൽ സ്വാഭാവികമായി നൽകേണ്ട നികുതിയാണ് നല്‍കിയതെന്ന് വിശദീകരണം. 

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത ആദായനികുതി വകുപ്പിന് പിഴയടച്ചു എന്ന രീതിയിലുള്ള പ്രചാരണം തെറ്റാണെന്ന് അതിരൂപത. 2016-17 സാമ്പത്തിക വർഷത്തിൽ അതിരൂപതയ്ക്ക് സ്ഥല വിൽപനയിലൂടെ ലഭിച്ച വരുമാനത്തിൽ സ്വാഭാവികമായി നൽകേണ്ട നികുതിയിനത്തിലെ ആദ്യഗഡുവായ 50 ലക്ഷം രൂപയാണ് കൊടുത്തത് എന്നാണ് വിശദീകരണം. 

വരുമാനം സംബന്ധിച്ച് നിയമപരമായി അതിരൂപത റിട്ടേൺ സമർപ്പിച്ചതിന്‍റെ ഭാഗമായി ആദായ നികുതി വകുപ്പ് നിർദേശിച്ച തുകയാണ് കഴിഞ്ഞ ദിവസം നൽകിയിട്ടുള്ളതെന്നും സഭ വാർത്താ കുറിപ്പ് ഇറക്കി. എറണാകുളം അങ്കമാലി അതിരൂപതയുടെ കടം വീട്ടാൻ തൃക്കാക്കര ഭാരത് മാതാ കോളേജിന് സമീപത്തുള്ള 60 സെന്‍റ് ഭൂമിയാണ് ഇടനിലക്കാർ വഴി വിറ്റത്. ഭൂമി വില്‍പന നടത്തിയതില്‍ കോടികളുടെ നികുതി വെട്ടിച്ചതിന് ആദായ നികുതി വകുപ്പ് കോടികളുടെ പിഴ ചുമത്തിയ വാര്‍ത്തകളാണ് ഇന്നലെ പുറത്ത് വന്നത്. 

Also Read:ആറ് കോടി രൂപ നികുതി വെട്ടിച്ചു; എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് മൂന്ന് കോടി രൂപ പിഴ, ആദ്യഘട്ടം അടച്ച് സഭ