എറണാകുളം: കൊറോണ വൈറസ് എന്ന മഹാമാരിയ്ക്കെതിരായ പോരാട്ടത്തിൽ ഒത്തുചേർന്ന് വടുതല വാത്സല്യ ഭവൻ അനാഥാലയത്തിലെ കുഞ്ഞുങ്ങൾ. വീണ്ടും കഴുകി ഉപയോ​ഗിക്കാവുന്ന മാസ്കുകൾ നിർമിച്ചാണ് ഈ കുരുന്നുകൾ കൊവിഡ് പോരാട്ടത്തിൽ പങ്കാളികളായിരിക്കുന്നത്. പലതരം നിറത്തിലുള്ള മാസ്കുകളാണ് ഇവർ നിർമിച്ച് നൽകുന്നത്. കുഞ്ഞുങ്ങളെ അഭിനന്ദിച്ചുകൊണ്ട് എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസും രം​ഗത്തെത്തി. 

കൊറോണ കാലത്ത് ഈ പ്രായത്തിലും എങ്ങനെ സമൂഹ സേവനം ചെയ്യാം എന്നതിന് ഉത്തമ ഉദാഹരണമാണ് വാത്സല്യ ഭവൻ അനാഥാലയത്തിലെ കുട്ടികൾ ചെയ്തതെന്ന് എസ് സുഹാസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. തനിക്ക് മാത്രമല്ല നിരവധി പൊലീസ് സ്റ്റേഷനുകളിലും കുട്ടികൾ മാസ്കുകൾ നിർമ്മിച്ച് നൽകിയെന്നും അദ്ദേഹം പറയുന്നു. ഈ കൊറോണ കാലം അതിജീവിച്ചതിനു ശേഷവും കഴുകി വൃത്തിയാക്കി ഒരു നിധി പോലെ ഈ മാസ്ക് സൂക്ഷിക്കാൻ ആഗ്രഹിക്കുന്നു. തിരക്കൊക്കെ കഴിഞ്ഞ് കുടുംബമായി കുഞ്ഞുങ്ങളെ കാണാൻ വാത്സല്യ ഭവനിൽ എത്തുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

വടുതല വാത്സല്യഭവൻ അ‌നാഥാലയത്തിലെ കുട്ടികൾ തനിയ്ക്ക് നിർമിച്ചുനൽകിയ 'Thank you Suhas sir' എന്ന് തുന്നിച്ചേർത്ത മാസ്ക് അ‌ണിഞ്ഞുള്ള ചിത്രവും പങ്കുവെച്ചുകൊണ്ടാണ് കളക്ടറുടെ കുറിപ്പ്. 

എസ് സുഹാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ഇതിലും വലിയ സംരക്ഷണം ഇല്ല !
ഇവരുടെ സ്‌നേഹത്തിന് മുൻപിലാണ് നമ്മൾ തോറ്റുപോകുന്നതു.
വടുതല വാത്സല്യ ഭവൻ അനാഥാലയത്തിലെ കുഞ്ഞനുജത്തിമാർ ചേർന്ന് നിർമിച്ചു നൽകിയതാണ് ഈ മാസ്ക്. ഈ കൊറോണ കാലത്തു ഈ പ്രായത്തിലും എങ്ങനെ സമൂഹ സേവനം ചെയ്യാം എന്നതിന് ഉത്തമ ഉദാഹരണമാണിത് . എനിക്ക് മാത്രമല്ല , നിരവധി പോലീസ് സ്റ്റേഷനുകളിലും ഇവർ മാസ്ക് നൽകിയിട്ടുണ്ട് , വില്‍ക്കുകയല്ല ആ സ്നേഹം ജനങ്ങളിലേക്ക് എത്തുകയാണ്. അവരുടെ മനസ് പോലെ വർണ ശബളമാണ് ഈ മാസ്കുകൾ. ഈ കൊറോണ കാലം അതിജീവിച്ചതിനു ശേഷവും കഴുകി വൃത്തിയാക്കി ഒരു നിധി പോലെ ഞാൻ ഈ മാസ്ക് സൂക്ഷിക്കാൻ ആഗ്രഹിക്കുന്നു.

ഈ സ്നേഹത്തിന്റെയും കരുതലിന്റെയും മുൻപിൽ എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല . ഈ തിരക്കൊക്കെ ഒഴിഞ്ഞു ഒരു ദിവസം കുടുംബമായി ഈ അനുജത്തിമാരോടൊപ്പം ചിലവഴിക്കാൻ ഞാൻ എത്താം എന്ന വാക്കു മാത്രം.